'രണ്ടാമൂഴം'; എംടിയ്‌ക്കെതിരേ സംവിധായകന്‍ ശ്രീകുമാര്‍ സുപ്രീംകോടതിയില്‍

'രണ്ടാമൂഴം' സിനിമയുമായി ബന്ധപ്പെട്ട്  എം ടി വാസുദേവന്‍ നായര്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു
'രണ്ടാമൂഴം'; എംടിയ്‌ക്കെതിരേ സംവിധായകന്‍ ശ്രീകുമാര്‍ സുപ്രീംകോടതിയില്‍

കൊച്ചി; എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്നു. എംടിയ്‌ക്കെതിരേ സംവിധായകന്‍ വി.എ ശ്രീകുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിഷയത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്നു കാണിച്ചാണ് ഹര്‍ജി. 

പ്രൊജക്ടിനായി ഇതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും തെളിവുകളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കാന്‍ അവസരമുണ്ടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും. 'രണ്ടാമൂഴം' സിനിമയുമായി ബന്ധപ്പെട്ട്  എം ടി വാസുദേവന്‍ നായര്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശ്രീകുമാര്‍ ഹര്‍ജി നല്‍കിയാല്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് എംടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇക്കാര്യം പരിശോധിക്കണമെന്ന് നിര്‍ദേശിച്ച് കേസ് കീഴ്‌ക്കോടതിയുടെ പരിഗണനയ്ക്ക് ഹൈക്കോടതി വിടുകയായിരുന്നു. ആര്‍ബിട്രേഷനുള്ള കരാര്‍ നിലവിലുണ്ടോയെന്ന കാര്യം മുന്‍സിഫ് കോടതി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

2014ല്‍ ആയിരുന്നു 'രണ്ടാമൂഴം' സിനിമയാക്കാന്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാറും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍.എന്നാല്‍, കരാറിലെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല. തുടര്‍ന്നാണ്, രണ്ടാമൂഴം സിനിമയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചത്. എം.ടിയുടെ പരാതിയെ തുടര്‍ന്ന് മുന്‍സിഫ് കോടതി രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ വിലക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com