'രാജ്യത്തുനിന്ന് ഓടിക്കുമ്പോള്‍ ഇതുവരെ അടച്ച നികുതിപ്പണം തിരിച്ചുകൊടുക്കുമോ?'; രൂക്ഷ വിമര്‍ശനവുമായി ഷാന്‍ റഹ്മാന്‍

രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നിങ്ങള്‍ നടത്തിയ നാടകം വളരെ നന്നായിട്ടുണ്ടെന്നും ഷാന്‍ കുറിച്ചു
'രാജ്യത്തുനിന്ന് ഓടിക്കുമ്പോള്‍ ഇതുവരെ അടച്ച നികുതിപ്പണം തിരിച്ചുകൊടുക്കുമോ?'; രൂക്ഷ വിമര്‍ശനവുമായി ഷാന്‍ റഹ്മാന്‍

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. രാജ്യത്തുനിന്ന് പുറത്താക്കുന്നവര്‍ക്ക് അവര്‍ ഇതുവരെ നല്‍കിയ നികുതിപ്പണം തിരിച്ചുകൊടുക്കുമോ എന്നാണ് ഷാന്‍ ചോദിക്കുന്നത്. രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നിങ്ങള്‍ നടത്തിയ നാടകം വളരെ നന്നായിട്ടുണ്ടെന്നും ഷാന്‍ കുറിച്ചു. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനും അദ്ദേഹം മറന്നില്ല. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാനിന്റെ പ്രതികരണം. 

ഷാനിന്റെ കുറിപ്പ് ഇങ്ങനെ; 'ഹേ ബില്‍ ഗയ്, ആളുകളെ രാജ്യത്തു നിന്നും ഓടിക്കുമ്പോള്‍ ഇതുവരെ സര്‍ക്കാരിലേക്ക് നല്‍കിയ നികുതി പണമൊക്കെ തിരിച്ചു നല്‍കുമോ? ആദായനികുതിയും ജിഎസ്ടിയും ഒക്കെ വാങ്ങിയിട്ട് ആ പണം കൊണ്ട് നിങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അപ്പോള്‍ അതൊക്കെ നിങ്ങളുടെ അക്കൗണ്ടുകളില്‍ ഭദ്രമാണ്. 'നിങ്ങള്‍ രാജ്യം വിടണം, പക്ഷേ നിങ്ങളുടെ പണം ഞങ്ങളുടേതാണ്' എന്ന വിലകുറഞ്ഞ മറുപടി നല്‍കാനാണോ ഉദ്ദേശം? ഇതുവരെ ഞങ്ങള്‍ നല്‍കിയ നികുതിപ്പണം ഈ രാജ്യത്ത് ജീവിക്കാനുള്ള വാടക ആയിരുന്നോ?

ഇന്ത്യ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ നിങ്ങള്‍ നടത്തിയ നാടകം വളരെ നന്നായിട്ടുണ്ട്. ഇപ്പോള്‍ ആരും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ജിഡിപി തകര്‍ന്നതിനെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ വിലക്കയറ്റത്തെക്കുറിച്ചോ ആരും അന്വേഷിക്കുന്നില്ല കൊള്ളാം നന്നായിട്ടുണ്ട്'. 

ഇതിനോടകം നിരവധി സിനിമ പ്രവര്‍ത്തകരാണ് പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. മലയാളത്തിലെ യുവതാരങ്ങളാണ് കൂടുതലും പ്രതിഷേധം ഉയര്‍ത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com