എട്ടു ദിവസം കൊണ്ട് മാമാങ്കം നൂറു കോടി ക്ലബ്ബില്‍; ഇത് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാം സെഞ്ച്വറി

നേരത്തെ മമ്മൂട്ടി നായകനായി എത്തിയ മധുരരാജയും നേട്ടം കൈവരിച്ചിരുന്നു
എട്ടു ദിവസം കൊണ്ട് മാമാങ്കം നൂറു കോടി ക്ലബ്ബില്‍; ഇത് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാം സെഞ്ച്വറി

റിലീസ് ചെയ്ത് എട്ടാം ദിവസം നൂറു കോടി ക്ലബ്ബില്‍ ഇടംപിടിച്ച് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം. ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ലോക വ്യാപകമായിട്ടാണ് 100 കോടി വാരിയത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ചിത്രത്തിനെതിരേ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് ചിത്രം വന്‍ കുതിപ്പു നടത്തുന്നത്. 

മമ്മൂട്ടിയ്ക്ക് ഇരട്ടിമധുരം സമ്മാനിച്ചാണ് ചിത്രം സെഞ്ച്വറി തികച്ചത്. നൂറുകോടി നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. നേരത്തെ മമ്മൂട്ടി നായകനായി എത്തിയ മധുരരാജയും നേട്ടം കൈവരിച്ചിരുന്നു. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം റെക്കോര്‍ഡ് തുകയ്ക്ക് ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയുമാണ്. 

ചിത്രത്തിന്റെ ആഗോള കലക്ഷന്‍ നാലു ദിവസം കൊണ്ട് 60 കോടി പിന്നിട്ടിരുന്നതും വലിയ വാര്‍ത്തയായിരുന്നു. ആദ്യദിനം ചിത്രം നേടിയത് 23 കോടി രൂപയായിരുന്നുവെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിരുന്നു. ലൂസിഫറിന് ശേഷം ആദ്യമായാണ് മലയാള സിനിമ ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നത് എന്നും വേണു പറഞ്ഞു. റിലീസിന് മുന്‍പു തന്നെ ചിത്രത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സംവിധായകന്‍ എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com