ഛപാക്കിന് പാര്‍വതിയുടെ ഉയരെയുമായി സാമ്യം?; മറുപടിയുമായി ദീപിക പദുക്കോണ്‍

ഒരു വിഷയത്തില്‍ ആര്‍ക്കുവേണമെങ്കിലും സിനിമ ചെയ്യാമെന്നും എന്നാല്‍ ഓരോരുത്തരും വ്യത്യസ്തമായിട്ടായിരിക്കും അത് അവതരിപ്പിക്കുക എന്നുമാണ് ദീപിക പറയുന്നത്
ഛപാക്കിന് പാര്‍വതിയുടെ ഉയരെയുമായി സാമ്യം?; മറുപടിയുമായി ദീപിക പദുക്കോണ്‍

മുംബൈ: സിനിമ പ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദീപിക പദുക്കോണിന്റെ ഛപാക്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് നേടിയത്. എന്നാല്‍ അതിന് പിന്നാലെ മലയാള ചിത്രം ഉയരെയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകളും ആരംഭിച്ചു. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ദീപിക പദുക്കോണ്‍. സിനിമ നിരൂപകന്‍ രാജീവ് മസാന്ദുമായുള്ള അഭിമുഖത്തിലാണ് ദീപിക ഉയരെയെക്കുറിച്ച് സംസാരിച്ചത്. 

ഒരു വിഷയത്തില്‍ ആര്‍ക്കുവേണമെങ്കിലും സിനിമ ചെയ്യാമെന്നും എന്നാല്‍ ഓരോരുത്തരും വ്യത്യസ്തമായിട്ടായിരിക്കും അത് അവതരിപ്പിക്കുക എന്നുമാണ് ദീപിക പറയുന്നത്. അതിനാല്‍ ഉയരേയുമായുള്ള സാമ്യതയില്‍ ആശങ്കയില്ലെന്നും താരം വ്യക്തമാക്കി. ''കഥ പറയാന്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത മാര്‍ഗങ്ങളുണ്ടാകും. ഇന്ന് ആര്‍ക്ക് വേണമെങ്കിലും ലക്ഷ്മിയെക്കുറിച്ചോ ആസിഡ് ആക്രമണത്തെക്കുറിച്ചോ സിനിമ ചെയ്യാന്‍ സാധിക്കും. പക്ഷെ, ഓരോ ചിത്രത്തിനും ഓരോ സ്വഭാവമുണ്ട്. അത് നല്ലൊരു കാര്യമാണ്. സിനിമ വളരെ ശക്തമായൊരു മാധ്യമമാണ്. അതുകൊണ്ടാണ് ഈ കഥ തെരഞ്ഞെടുത്തത്''.

ആസിഡ് ആക്രമണം രാജ്യത്ത് ഇല്ലാതിരുന്ന ഒന്നല്ലെന്നും എന്നാല്‍ പീഡനം പോലെയോ മറ്റ് പ്രശ്‌നങ്ങളെപ്പോലെയോ അത് ചര്‍ച്ച ചെയ്യപ്പെടാത്തതാണെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഷബാന ജീയും ഈ വിഷയത്തില്‍ സിനിമ ചെയ്തിട്ടുണ്ട്. ഒരേ വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന വേറെയും സിനിമകളുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഉയരെയുമായുള്ള സാമ്യതയില്‍ ആശങ്കയൊന്നുമില്ലെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ഛപാക്കില്‍ പറയുന്നത്. മേഘ്‌ന ഗുല്‍സറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാര്‍വതി തിരുവോത്തിനെ നായികയാക്കി മനു അശോകന്‍ ചെയ്ത സിനിമയാണ് ഉയരേ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയുടെ കഥ പറഞ്ഞ ചിത്രം മികച്ച വിജയം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com