'പരീക്ഷാഫീസടയ്ക്കാന്‍ തന്ന 160 രൂപയുമായി മദ്രാസിലേക്ക്, എത്തേണ്ടിയിരുന്നത് ജയിലില്‍, കൂലികള്‍ രക്ഷകരായി'; രജനി ആദ്യമായി തമിഴ്‌നാട് കണ്ടത് ഇങ്ങനെ 

'എനിക്ക് നന്നായി അറിയാം പരീക്ഷ ഞാന്‍ തോല്‍ക്കും. ഈ പണം വെറുതെ പോകും. അന്ന് രാത്രി ഞാന്‍ ഭക്ഷണം കഴിച്ച ശേഷം ആരോടും പറയാതെ വീടുവിട്ടിറങ്ങി'
'പരീക്ഷാഫീസടയ്ക്കാന്‍ തന്ന 160 രൂപയുമായി മദ്രാസിലേക്ക്, എത്തേണ്ടിയിരുന്നത് ജയിലില്‍, കൂലികള്‍ രക്ഷകരായി'; രജനി ആദ്യമായി തമിഴ്‌നാട് കണ്ടത് ഇങ്ങനെ 

മിഴ്‌നാട്ടില്‍ ഏറ്റവും ആരാധകരുള്ള താരമാണ് രജനീകാന്ത്. എന്നാല്‍ അദ്ദേഹം ജനിച്ചതും വളര്‍ന്നതുമെല്ലാം ബാംഗളൂരാണ്. വീട്ടുകാര്‍ അറിയാതെ നാടുവിട്ട് മദ്രാസില്‍ എത്തിയ രജനീ പിന്നീട് തമിഴ്മക്കളുടെ തലൈവര്‍ ആവുകയായിരുന്നു. മദ്രാസിലേക്കുള്ള തന്റെ ആദ്യ യാത്രയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. പുതിയ ചിത്രം ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു താരം ഓര്‍മകള്‍ പങ്കുവെച്ച്. പഠിക്കാനുള്ള മടികൊണ്ടാണ് രജനി നാടുവിട്ട് മദ്രാസില്‍ എത്തുന്നത്. എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ ജയിലില്‍ കഴിയേണ്ടതായിരുന്നു. രണ്ട് കൂലികളാണ് രജനിയുടെ രക്ഷകനായത്. അദ്ദേഹത്തിന്‌റെ വാക്കുകള്‍ ഇങ്ങനെ;

'എസ്എസ്എല്‍സി കഴിഞ്ഞു നില്‍ക്കുന്ന സമയം. എനിക്ക് പഠിക്കാന്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ എന്റെ അണ്ണന് എന്നെ പഠിപ്പിക്കണം എന്നായിരുന്നു മോഹം. തുടര്‍പഠനത്തിനുള്ള സൗകര്യവും അദ്ദേഹം ചെയ്തു. എനിക്ക് എന്തെങ്കിലും ജോലിക്ക് പോകണം എന്നൊക്കെ തോന്നിയിരിക്കുന്ന സമയമാണ്. അങ്ങനെയിരിക്കെ സ്‌കൂളില്‍ പരീക്ഷാഫീസ് നല്‍കാന്‍ 160 രൂപ അദ്ദേഹം എന്നെ ഏല്‍പ്പിച്ചു. എനിക്ക് നന്നായി അറിയാം പരീക്ഷ ഞാന്‍ തോല്‍ക്കും. ഈ പണം വെറുതെ പോകും. 

അന്ന് രാത്രി ഞാന്‍ ഭക്ഷണം കഴിച്ച ശേഷം ആരോടും പറയാതെ വീടുവിട്ടിറങ്ങി. ബെംഗളൂരു സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തി. അപ്പോള്‍ ഒരു ട്രെയിന്‍ അവിടെ കിടപ്പുണ്ട്. ഈ ട്രെയിന്‍ എങ്ങോട്ടാണെന്ന് തിരക്കി. തമിഴ്‌നാട്ടിലേക്കാണ് മദ്രാസിലേക്കാണെന്ന് മറുപടി ലഭിച്ചു. സ്‌കൂളില്‍ കൊടുക്കാന്‍ അണ്ണന്‍ തന്ന പണം കയ്യിലുണ്ട്. അതുകൊണ്ട് ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറി. പിറ്റേന്ന് പുലര്‍ച്ചെ മദ്രാസിലെത്തി. അപ്പോഴാണ് പ്രശ്‌നം.

പോക്കറ്റില്‍ ടിക്കറ്റ് കാണുന്നില്ല. സ്‌റ്റേഷനില്‍ പരിശോധന നടക്കുന്നുണ്ട്. എന്നോട്ട് ഓഫിസര്‍ ടിക്കറ്റ് ചോദിച്ചു. ഞാന്‍ പറഞ്ഞു. ടിക്കറ്റ് കളഞ്ഞുപോയെന്ന്. പക്ഷേ അതു ആ ഓഫിസര്‍ വിശ്വസിച്ചില്ല. അദ്ദേഹം എന്നെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തി. ഞാന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ടിക്കറ്റ് എടുത്തിരുന്നു കളഞ്ഞുപോയതാണെന്ന്. എന്റെ സങ്കടം കണ്ട് അവിടെ ഉണ്ടായിരുന്നു രണ്ട് റയില്‍വെ പോര്‍ട്ടര്‍മാര്‍ വന്നു. അവര്‍ ഉദ്യോഗസ്ഥനോട് ചോദിച്ചു. സാര്‍ ഈ പയ്യനെ വിടൂ. അവന്‍ ടിക്കറ്റെടുത്തെന്ന് അല്ലേ പറയുന്നത്. ഇനി നിങ്ങള്‍ക്ക് അവനെ ജയിലില്‍ കയറ്റാനാണോ. അതു വേണ്ട. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് എത്രയാണ് പിഴ എന്നുവച്ചാ ഞങ്ങള്‍ തരാം. ഈ പയ്യനെ വിട്ടേക്കൂ എന്ന് അവര്‍ പറഞ്ഞു.

അപ്പോള്‍ ഞാന്‍ ഉദ്യോഗസ്ഥനോട് പറഞ്ഞു. 'സാര്‍ പിഴ അടയ്ക്കാനുള്ള പണം എന്റെ കയ്യിലുണ്ട്. പക്ഷേ ഞാന്‍ ടിക്കറ്റെടുത്തതാ.. സത്യം'. പോക്കറ്റില്‍ ബാക്കിയുണ്ടായിരുന്ന പണം എടുത്തുകാണിച്ച് ഞാന്‍ പറഞ്ഞു. കുറച്ച് നേരം എന്നെ നോക്കിയിട്ട് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'പൊയ്‌ക്കോ..' അദ്ദേഹമാണ് എന്നെ തമിഴ്മണ്ണിലേക്ക് കാലുകുത്താന്‍ അനുവദിച്ചത്. പിന്നെ രക്ഷയ്ക്കായി എത്തിയ ആ കൂലികളും..'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com