200 കോടി കടന്ന ലൂസിഫറും രണ്ട് കോടികൊണ്ട് 50 കോടി വാരിയ തണ്ണീര്‍മത്തനും; പോയ വര്‍ഷം മലയാളത്തിലെ ബ്ലോക്ബസ്റ്ററുകള്‍

ഈ വര്‍ഷം മികച്ച സാമ്പത്തിക വിജയം നേടിയ പത്ത് സിനിമകള്‍
200 കോടി കടന്ന ലൂസിഫറും രണ്ട് കോടികൊണ്ട് 50 കോടി വാരിയ തണ്ണീര്‍മത്തനും; പോയ വര്‍ഷം മലയാളത്തിലെ ബ്ലോക്ബസ്റ്ററുകള്‍


ലയാള സിനിമയില്‍ വമ്പന്‍ ഹിറ്റുകള്‍ പിറന്ന വര്‍ഷമായിരുന്നു 2019. 50 കോടി മുതല്‍ മുടക്കില്‍ 200 കോടി വാരിയ ലൂസിഫര്‍ മുതല്‍ രണ്ട് കോടിയില്‍ 50 കോടി വാരിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ വരെ മലയാള സിനിമയെ ഞെട്ടിച്ചു. ഈ വര്‍ഷം മികച്ച സാമ്പത്തിക വിജയം നേടിയ പത്ത് സിനിമകള്‍ ഇവയാണ്. 

ലൂസിഫര്‍

നായകന്‍ മോഹന്‍ലാല്‍, പൃഥ്വിരാജിന്റെ ആദ്യ സംവിധായക സംരംഭം. തീയെറ്ററുകള്‍ നിറയാന്‍ ഇതിലും വലിയ കാരണങ്ങള്‍ വേണ്ടല്ലോ. 2019 ലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് ലൂസിഫര്‍. മലയാള സിനിമ ഇന്നുവരെ കാണാത്ത വിജയം. 50 കോടി മുടക്കിയെടുത്ത ചിത്രം ലോകവ്യാപകമായി 200 കോടിയ്ക്കു മുകളിലാണ് വാരിയത്. മാര്‍ക്കറ്റിങ്ങിനെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ച സിനിമ കൂടിയാണ് ലൂസിഫര്‍. മുണ്ടുമടക്കലും മീശപിരിക്കലും മാസ് ഗെറ്റപ്പുമായി മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാലിനെ തിരിച്ചുകൊണ്ടുവരാന്‍ പൃഥ്വിരാജിന് സാധിച്ചതാണ് ലൂസിഫറിനെ മലയാള സിനിമയുടെ നെറുകയിലെത്തിച്ചത്.

മാമാങ്കം

ഈ വര്‍ഷം ആരാധകര്‍ ഏറ്റവും കാത്തിരുന്ന ചിത്രമായിരുന്നു മാമാങ്കം. ഏറ്റവും മുതല്‍ മുടക്കുള്ള മമ്മൂട്ടി ചിത്രമായി പുറത്തിറങ്ങിയ മാമാങ്കം തീയെറ്ററുകളില്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 45 ബജറ്റില്‍ ഇറങ്ങിയ ചിത്രം റിലീസ് ചെയ്ത് എട്ടാം ദിവസം 100 കോടി ക്ലബ്ബില്‍ ഇടംനേടി. ലോകവ്യാപകമായി 2000 തീയെറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എം പദ്മകുമാറാണ്‌ സംവിധായകന്‍. 

മധുരരാജ

സൂപ്പര്‍ഹിറ്റായ പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നു മധുരരാജ. മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം 104 കോടി രൂപയാണ് നേടിയത്. 27 കോടിയായിരുന്നു ബജറ്റ്. പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു. 

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍

മലയാള സിനിമയെ അമ്പരപ്പിച്ച ചിത്രമായിരുന്നു തണ്ണീര്‍ മത്തന്‍. കുട്ടിത്താരങ്ങളെ വെച്ച് ചെറിയ മുതല്‍ മുടക്കില്‍ ഇറങ്ങിയ ചിത്രം ബോക്‌സോഫിസ് അത്ഭുതം തീര്‍ത്തു. രണ്ട് കോടി മുടക്കിയ ചിത്രം വാരിയത് 50 കോടിയാണ്. ഷോട്ട്ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍, മാത്യു തോമസ്, അനശ്വര രാജന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. 

ലവ് ആക്ഷന്‍ ഡ്രാമ

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും യുവതാരം നിവിന്‍ പോളിയും ഒന്നിച്ച ചിത്രം തീയെറ്ററില്‍ മികച്ച വിജയം നേടി. നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനം അത്ര വിജയം കണ്ടില്ലെങ്കിലും നിവിനും അജു വര്‍ഗീസും തമ്മിലുള്ള കോമ്പിനേഷനാണ് ചിത്രത്തെ 50 കോടി ക്ലബ്ബില്‍ എത്തിച്ചത്. മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മോശം സിനിമയായും ഇതിനെ വിലയിരുത്തുന്നുണ്ട്. 

കുമ്പളങ്ങി നൈറ്റ്‌സ്

മലയാളത്തിലെ പ്രധാന യുവതാരങ്ങളെ അണിനിരത്തി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം. ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച സിനിമയായാണ് വിലയിരുത്തപ്പെടുന്നത്. 6.5 കോടി മുതല്‍ മുടക്കില്‍ ഇറങ്ങിയ ചിത്രം 39 കോടിയാണ് നേടിയത്. സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍ തുടങ്ങിയ ശക്തമായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. 

ഉയരെ

ചെറിയ ഇടവേളയ്ക്ക് ശേഷം നടി പാര്‍വതി തിരുവോത്ത് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം. പാര്‍വതിയ്ക്ക് എതിരെയുണ്ടായ ഹേയ്റ്റ് കാമ്പെയ്‌നുകളെ അതിജീവിച്ചാണ് ഉയരെ പറന്നുയര്‍ന്നത്. നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തത്. 7.5 കോടി ചെലവില്‍ ഒരുക്കിയ ചിത്രം ആദ്യ 17 ദിവസത്തില്‍ തന്നെ 15 കോടി നേടി.

വൈറസ്

കേരളത്തിലെ നിപ്പ കാലത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് വൈറസ്. ആഷ്‌ക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിലെ വലിയ താരനിര അണിനിരന്നു. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം മികച്ച വിജയം നേടി. 

ഉണ്ട

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. അമാനുഷികനല്ലാത്ത സാധാരണക്കാരനായ ഒരു പൊലീസുകാരനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. തീയെറ്ററില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം പത്ത് ദിവസം കൊണ്ട് 20 കോടി രൂപയാണ് വാരിയത്.

ജല്ലിക്കട്ട്

ജല്ലിക്കട്ട്, ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. ആന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ വലിയ ശ്രദ്ധ നേടിയതിന് ശേഷമാണ് ജല്ലിക്കട്ട് തീയെറ്ററില്‍ എത്തുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. നാല് കോടി മുതല്‍ മുടക്കിയ ചിത്രത്തില്‍ 25 കോടിയാണ് നേടാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com