ലെനിന്‍ രാജേന്ദ്രന്‍ മുതല്‍ രാമചന്ദ്ര ബാബു വരെ; നഷ്ടങ്ങളുടെ വര്‍ഷം

ലെനിന്‍ രാജേന്ദ്രന്‍ മുതല്‍ രാമചന്ദ്ര ബാബു വരെ; നഷ്ടങ്ങളുടെ വര്‍ഷം

വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായിരുന്ന നിരവധി പേരാണ് ഓര്‍മയായത്

2019 മലയാളത്തിന് നഷ്ടങ്ങളുടെ വര്‍ഷം കൂടിയാണ്. വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായിരുന്ന നിരവധി പേരാണ് ഓര്‍മയായത്. ക്യാമറയ്ക്കും മുന്നിലും പിന്നിലുമായി സിനിമയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ചവര്‍. നികത്താനാവാത്ത നഷ്ടമായി കളമൊഴിഞ്ഞ കലാകാരന്മാരെ ഓര്‍മിക്കാം

സത്താര്‍

എഴുപതുകളില്‍ മലയാള സിനിമ മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സത്താര്‍ സെപ്റ്റംബര്‍ 17നാണ് വിടപറഞ്ഞത്. നായകനായി അരങ്ങേറി സ്വഭാവനടനായും വില്ലനായും നിറഞ്ഞു നിന്നിരുന്ന സത്താര്‍ 148 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.

ലെനിന്‍ രാജേന്ദ്രന്‍

മലയാളത്തിന് നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലെനിന്‍ രാജേന്ദ്രന്‍. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളായിരുന്നു അദ്ദേഹം. 1981ല്‍ പുറത്തിറങ്ങിയ വേനലാണ് ആദ്യ ചിത്രം 1985ല്‍ പുറത്തിറങ്ങിയ കയ്യൂര്‍ സമരത്തിന്റെ പശ്ചാതലത്തില്‍ കഥ പറഞ്ഞ മീന മാസത്തിലെ സൂര്യന്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്തു. സ്വാതി തിരുനാള്‍, എം മുകുന്ദന്റെ കൃതിയുടെ അതേ പേരിലുള്ള 1992ല്‍ പുറത്തിറങ്ങിയ ദൈവത്തിന്റെ വികൃതികള്‍, കമല സുരയ്യയുടെ നഷ്ടപ്പെട്ട നാലാംബരി എന്ന കഥയെ ആസ്പദമാക്കി 2001ല്‍ പുറത്തിറങ്ങിയ മഴ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഇടവപ്പാതിയാണ്  അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ഗിരീഷ് കര്‍ണാട്

സിനിമ സാഹിത്യ രംഗത്ത് തീരാനഷ്ടം വരുത്തിയാണ് ഗിരീഷ് കര്‍ണാട് യാത്രയായത്. കന്നട സാഹിത്യത്തില്‍ നിറഞ്ഞു നിന്നിരുന്ന അദ്ദേഹം നാടകം, സിനിമ രംഗങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു. ദി പ്രിന്‍സ്, നിലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളും അഭിനയിച്ചിട്ടുണ്ട്. ജൂണ്‍ പത്തിന് 81 വയസ്സിലായിരുന്നു അന്ത്യം. ജ്ഞാനപീഠം, പദ്മശ്രീ, പദ്മഭൂഷന്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 

എംജെ രാധാകൃഷ്ണന്‍

മലയാളത്തിന്റെ പ്രിയ ക്യാമറാമന്‍ എംജെ രാധാകൃഷ്ണന്‍ വിട പറഞ്ഞത് ഈ വര്‍ഷമായിരുന്നു. ജൂലൈ 12നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം വിടപറഞ്ഞത്. 75 സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹത്തിന് ഏഴ് തവണ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. മരണ സിംഹാസനം എന്ന ചിത്രത്തിന് കാന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫറായി കരിയര്‍ ആരംഭിച്ച അദ്ദേഹം ഷാജി എന്‍ കരുണിന്റെ അസിസ്റ്റന്റായാണ് സിനിമാ മേഖലയിലെത്തുന്നത്. ദോശാടനം, കരുണം, നാലു പെണ്ണുങ്ങള്‍ കളിയാട്ടം, കണ്ണകി, മകള്‍ക്ക്, പുലിജന്‍മം, പേരറിയാത്തവര്‍, കാടുപൂക്കുന്ന നേരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

രാമചന്ദ്ര ബാബു

ഒരു വടക്കന്‍ വീരഗാഥ, യവനിക, രതിനിര്‍വേദം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു രാമചന്ദ്ര ബാബു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഉള്‍പ്പടെ നിരവധി നിരവധി ഭാഷകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസംബര്‍ 21 നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഹരിഹന്‍, എം ടി, ജോണ്‍ എബ്രഹാം, കെ ജി ജോര്‍ജ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്രം പുരസ്‌കാരം നാലു തവണ നേടി. 1976ല്‍ ദ്വീപ്, 1978ല്‍ രതിനിര്‍വേദം, 1980ല്‍ ചാമരം, 1989ല്‍ വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്‌കാരം. 

വിജയ നിര്‍മ്മല

തെന്നിന്ത്യന്‍ സിനിമകളില്‍ നടിയും സംവിധായകയുമായിരുന്നു വിജയ നിര്‍മ്മല. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 27നായിരുന്നു അന്ത്യം. ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന പേരില്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ സ്ത്രീയാണ് വിജയ നിര്‍മ്മല. വ്യത്യസ്ത ഭാഷകളിലായി 44 സിനിമകളാണ് ഇവര്‍ സംവിധാനം ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി 200 സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക കൂടിയാണ് നിര്‍മ്മല.നിര്‍മ്മലയുടെ കരിയറിലെ മികച്ച വേഷങ്ങള്‍ അധികവും മലയാള സിനിമയില്‍ ആയിരുന്നു. എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളിലാണ് നിര്‍മ്മല അഭിനയിച്ചത്. 

കാഞ്ചന

നാടകത്തില്‍ നിറഞ്ഞു നിന്നിരുന്ന കാഞ്ചന 1950 ല്‍ രാമുലു സംവിധാനം ചെയ്ത പ്രസന്ന എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറുന്നത്. കാഞ്ചനയുടെ പ്രധാന തട്ടകം നാടകം തന്നെയായിരുന്നു. 850 നാടകങ്ങളിലാണ് അഭിനയിച്ചത്.'ഓലപ്പീപ്പി' എന്ന ചിത്രത്തിലെ അഭിനയത്തിന് 2017 ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ഉമ്മ, ഇണപ്രാവുകള്‍, കെയര്‍ ഓഫ് സൈറാഭാനു, ക്രോസ് റോഡ്, കമ്മാരസംഭവം എന്നിങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണമിയുമാണ് അവസാന ചിത്രം.

സി.ജെ കുഞ്ഞൂഞ്ഞ് 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന സിനിമയിലെ ചൗരോ എന്ന കഥാപാത്രത്തിലൂടെയാണ് കുഞ്ഞൂഞ്ഞ് ശ്രദ്ധേയനാകുന്നത്. 63ാം വയസ്സില്‍ ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്നായിരുന്നു മരണം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഫ്രഞ്ച് വിപ്ലവും എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കലാകാരന്‍ എന്നതിലുപരി സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു.

ബാബു നാരായണന്‍

ബാബു നാരായണന്‍ എന്ന പേര് മലയാളികള്‍ക്ക് അത്ര പരിചയം കാണില്ല. അനില്‍ ബാബു എന്ന പേരിലാണ് അദ്ദേഹം മലയാള സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മിനിച്ചത്. അനഘ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അദ്ദേഹം സംവിധായകന്‍ അനില്‍ കുമാറുമായി ചേര്‍ന്നാണ് പിന്നീട് പ്രവര്‍ത്തിച്ചത്. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, ഇങ്ങനെ ഒരു നിലാപക്ഷി, രഥോത്സവം, മയില്‍പ്പീലിക്കാവ്, മന്നാടിയാര്‍പ്പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍ തുടങ്ങിയ 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2004ല്‍ 'പറയാം' എന്ന ചിത്രത്തിനുശേഷം സംവിധാനത്തില്‍ നിന്ന് ഇദ്ദേഹം വിട്ടുനിന്നു. പറയാം ആയിരുന്നു അനില്‍ ബാബു കൂട്ടുകെട്ടിലിറങ്ങിയ അവസാന ചിത്രം. 2013ല്‍ ഒരിടവേളക്ക് ശേഷം മംമ്ത മോഹന്‍ദാസിനെ നായികയാക്കി 'നൂറ വിത്ത് ലവ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി. ഈ ചിത്രമായിരുന്നു ബാബു നാരായണന്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ.

ഷഫീര്‍ സേട്ട്

ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ഷഫീന്‍ സേട്ടിന്റെ അപ്രതീക്ഷിത മരണം. ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി' ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  'ആത്മകഥ','ചാപ്റ്റര്‍സ്', 'ഒന്നും മിണ്ടാതെ' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com