വൈരമുത്തുവിനെ ആദരിക്കാന്‍ രാജ്‌നാഥ് സിങ് എത്തില്ല; വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ പിന്മാറ്റം

എസ്ആര്‍എം സാങ്കേതിക സര്‍വ്വകലാശാലയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ വൈരമുത്തുവിനെ ആദരിക്കാനുള്ള തീരുമാനം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു
വൈരമുത്തുവിനെ ആദരിക്കാന്‍ രാജ്‌നാഥ് സിങ് എത്തില്ല; വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ പിന്മാറ്റം

മീടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പിന്‍മാറി. ഗായിക ചിന്‍മയി ശ്രീപാദ ചടങ്ങിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് പിന്‍മാറ്റം. എസ്ആര്‍എം സാങ്കേതിക സര്‍വ്വകലാശാലയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ വൈരമുത്തുവിനെ ആദരിക്കാനുള്ള തീരുമാനം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

വൈരമുത്തുവിനെതിരേ നിലനില്‍ക്കുന്ന മീടു ആരോപണമാണ് കേന്ദ്രമന്ത്രിയുടെ പിന്‍മാറ്റത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിന്‍മയി ഉള്‍പ്പടെ നിരവധി സ്ത്രീകള്‍ വൈരമുത്തുവിനെതിരേ രംഗത്തെത്തിയിരുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ആണ്ടാള്‍ ദേവിയെ ദേവദാസി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വൈരമുത്തുവിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചടങ്ങില്‍ നിന്ന് പ്രതിരോധമന്ത്രി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി ഘടകം രംഗത്ത് വന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ ചടങ്ങില്‍ നിന്ന് പിന്‍മാറിയതിന് പിന്നിലെ കാരണം വ്യക്തമല്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല അദ്ദേഹത്തിന്റെ പിന്‍മാറ്റമെന്നും തിരക്കുകള്‍ കാരണമാണെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞതായി ദ ഹിന്ദു പത്രം റിപ്പോര്‍ട്ടു ചെയ്തു. 

വൈരമുത്തുവിനെ ആദരിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ കേന്ദ്രമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരേ ചിന്‍മയി വിമര്‍ശനം ഉന്നയിച്ചിരുന്നു. പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടച്ച് നില്‍ക്കുകയാണെന്നും എന്നാല്‍ ഈ അവഗണന ആദരിക്കുന്നതില്‍ വരെ എത്തി നില്‍ക്കുന്നുവെന്നും ചിന്‍മയി കുറ്റപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com