'വെള്ളത്തില്‍ മുക്കിപ്പിടിച്ചതു പോലെയായിരുന്നു ശ്രീനിവാസന്റെ വെപ്രാളം'; പുതിയ തിരക്കഥയുമായി ശ്രീനി വരുമെന്ന് സത്യന്‍ അന്തിക്കാട്

'ആശുപത്രിയില്‍ കൊണ്ടുപോയ ഉടനെ എമര്‍ജന്‍സി എന്ന നിലയ്ക്കാണ് ശ്രീനിവാസനെ വെന്റിലേറ്ററില്‍ ആക്കിയത്. താന്‍ പോയി കാണുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു'
'വെള്ളത്തില്‍ മുക്കിപ്പിടിച്ചതു പോലെയായിരുന്നു ശ്രീനിവാസന്റെ വെപ്രാളം'; പുതിയ തിരക്കഥയുമായി ശ്രീനി വരുമെന്ന് സത്യന്‍ അന്തിക്കാട്

ശ്വാസതടസത്തെ തുടര്‍ന്ന് കളിഞ്ഞ ദിവസമാണ് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ട താരത്തെ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മാറ്റുമെന്നാണ് സുഹൃത്തും സംവിധായകനുമായി സത്യന്‍ അന്തിക്കാട് പറയുന്നത്. നമുക്ക് ശ്രീനിവാസനെ തിരികെ കിട്ടിയെന്നും ശക്തമായ തിരക്കഥയുമായി അദ്ദേഹം വീണ്ടും വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ ശ്രീനിവാസനെ കാണാന്‍ പോയ വിവരം മാതൃഭൂമിയുടെ അക്ഷരോത്സവത്തില്‍ വെച്ചാണ് സത്യന്‍ അന്തിക്കാട് പങ്കുവെച്ചത്. 

വി.എം വിനുവിന്റെ പടത്തിന്റെ ഡബ്ബിങ്ങിന് പോയപ്പോഴായിരുന്നു ശ്രീനിവാസന് ശ്വാസതടസമുണ്ടായത്. വിനുവാണ് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയത്. അപ്പോഴേക്കും അദ്ദേഹം അവശനായെന്നും വെള്ളത്തില്‍ ഒരാളെ മുക്കി പിടിച്ചാല്‍ എങ്ങനെയായിരിക്കും, അതായിരുന്നു ശ്രീനിവാസന്‍ വണ്ടിയില്‍വച്ച് കാണിച്ച വെപ്രാളം എന്നാണ് വിനു പറഞ്ഞതെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. 

ആശുപത്രിയില്‍ കൊണ്ടുപോയ ഉടനെ എമര്‍ജന്‍സി എന്ന നിലയ്ക്കാണ് ശ്രീനിവാസനെ വെന്റിലേറ്ററില്‍ ആക്കിയത്. താന്‍ പോയി കാണുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ പേടിക്കാനൊന്നുമില്ല സപ്പോര്‍ട്ടിന് വേണ്ടിയാണ് വെന്‌റിലേറ്ററിലാക്കിയത് എന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞത്. 

'വ്യാഴാഴ്ച  രാവിലെ ശ്രീനിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇന്നലെ രാവിലെ ഞാന്‍ പത്ത് മണിക്കു ചെല്ലുമ്പോള്‍ പുള്ളിയെ വെന്റിലേറ്ററില്‍ നിന്നൊക്കെ മാറ്റി, രണ്ട് ഇഡ്ഡലി ഒക്കെ കഴിച്ചു ഇരിക്കുകയാണ്. ഞാന്‍ പറഞ്ഞു 'ഈ അസുഖ കിടക്കയില്‍ നിന്ന് ഇറങ്ങി വന്നു ആദ്യം എഴുതുന്ന തിരക്കഥ ഹിറ്റ് ആകാറുണ്ട്. ഞാന്‍ പ്രകാശന്റെ തിരക്കഥ എഴുതുന്നതിന് തൊട്ടു മുന്‍പ് ഇതുപോലെ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അതുകൊണ്ട് നിങ്ങള്‍ ഉടനെ തന്നെ അടുത്ത സിനിമയ്ക്കുള്ള തിരക്കഥ ആലോചിക്കാനും ഞാനും അത് തന്നെയാണ് പ്ലാന്‍ ചെയ്യുന്നതെന്നും' പറഞ്ഞു.' സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. 

രണ്ട് ദിവസം കഴിഞ്ഞാല്‍ അദ്ദേഹം വീട്ടിലേക്ക് മാറും. നമുക്ക് ശ്രീനിവാസനെ തിരിച്ചു കിട്ടിയെന്ന് പറയാം. ഇനിയും ആളുകളിലേക്ക് തേന്‍ പുരട്ടിയ മുള്ളുമായി, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുമായി ശ്രീനി വീണ്ടും വരുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com