'ആദ്യം ജെല്ലിക്കെട്ടിനെ കുറിച്ച് സംസാരിക്ക്'; ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചതിന് വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം

താരത്തിന്റെ പേരിലുള്ള ഫേയ്‌സ്ബുക്ക് പേജിലാണ് കൂട്ട ആക്രമണം നടക്കുന്നത്
'ആദ്യം ജെല്ലിക്കെട്ടിനെ കുറിച്ച് സംസാരിക്ക്'; ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചതിന് വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം

ബരിമല വിഷയത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ചതിന് തമിഴ് നടന്‍ വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം. താരത്തിന്റെ ഫേയ്‌സ്ബുക്ക് പേജിലെത്തിയാണ് മലയാളികള്‍ രൂക്ഷ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച സേതുപതി ജെല്ലിക്കെട്ടിനെതിരേ ഇതുപോലെ സംസാരിക്കുമോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. 

താരത്തിന്റെ പേരിലുള്ള ഫേയ്‌സ്ബുക്ക് പേജിലാണ് കൂട്ട ആക്രമണം നടക്കുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ കേരളത്തില്‍ എത്തിയാല്‍ ബഹിഷ്‌കരിക്കുമെന്നും ചിലര്‍ പറയുന്നുണ്ട്. ഇത്രയും നാള്‍ മക്കള്‍ സെല്‍വനായിരുന്ന സേതുപതി ഇനി വിജയ് ജോസഫ് സേതുപതിയാവും എന്നും കമന്റുകളുണ്ട്. താരത്തെ വിമര്‍ശിച്ച് വരുന്ന കമന്റുകള്‍ക്കൊപ്പം പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അക്രമണങ്ങളില്‍ ഭയപ്പെടാതെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടത് എന്നാണ് അവര്‍ പറയുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണച്ചും വിജയ് സേതുപതി നല്‍കിയ അഭിമുഖമാണ് വിവാദമായത്. സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പേജില്‍ കൂട്ട ആക്രമണം നടക്കുന്നത്. താന്‍ പിണറായിയുടെ ആരാധകനാണെന്നാണ് താരം പറഞ്ഞത്. കൂടാതെ സ്ത്രീകള്‍ ദൈവമാണെന്നും സേതുപതി കൂട്ടിച്ചേര്‍ത്തു

'ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി.' സെതുപതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com