'ഞാന്‍ ഒരു പിണറായി വിജയന്‍ ആരാധകന്‍'; ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്ന് വിജയ് സേതുപതി

'സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി'
'ഞാന്‍ ഒരു പിണറായി വിജയന്‍ ആരാധകന്‍'; ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്ന് വിജയ് സേതുപതി


മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. ശബരിമല വിഷയത്തില്‍ പിണറായി വിജയന്റെ നിലപാടാണ് ശരിയെന്നും താന്‍ അദ്ദേഹത്തിന്റെ ഒരു ആരാധകനാണെന്നും സേതുപതി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം മുഖ്യമന്ത്രിയോടുള്ള ആരാധന തുറന്നു പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനത്തെ താന്‍ അനുകൂലിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. 

ഒരു ചാനല്‍ പരിപാടിയില്‍ പിണറായി വിജയനൊപ്പം വേദി പങ്കിട്ട അനുഭവവും സേതുപതി പങ്കുവെച്ചു. 'ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹം കടന്നുവന്നപ്പോള്‍ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി.അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം.'

സ്ത്രീകള്‍ ദൈവങ്ങളാണെന്നും അവര്‍ ഒരിക്കലും അശുദ്ധരല്ലെന്നുമാണ് താരം പറയുന്നത്. ആണായിരിക്കാന്‍ വളരെ എളുപ്പമാണെന്നും എന്നാല്‍ സ്ത്രീകളുടെ ജീവിതം അങ്ങനെയല്ലെന്നും സേതുപതി പറഞ്ഞു. 'ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി.' സേതുപതി വ്യക്തമാക്കി. ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് പത്ത് കോടി നല്‍കിയ മുഖ്യമന്ത്രിയുടെ നിലപാടിനേയും വിജയ് സേതുപതി നന്ദി പറഞ്ഞു. 

മലയാള സിനിമയില്‍ വിപ്ലവമായി മാറിയ ഡബ്യൂസിസിയേയും താരം പ്രശംസിച്ചു. അത്തരം സംഘടനകള്‍ തമിഴ് സിനിമാ ലോകത്തും വരണമെന്നാണ് താരം പറയുന്നത്. മീടുവിനേയും സേതുപതി പിന്തുണച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com