'ചെയ്യാന്‍ പാടില്ലാത്തതെന്തോ ചെയ്യുന്നതിന് സാക്ഷിയാവേണ്ടി വന്നതിന്റെ പിടച്ചില്‍ ഇനിയും മാറിയിട്ടില്ല'; മാമാങ്കം സംവിധായകന് പിന്തുണയുമായി അണിയറ പ്രവര്‍ത്തകന്‍

'കുഞ്ഞുമായി പെറ്റമ്മയ്ക്കിനി യാതൊരു ബന്ധവുമില്ലെന്ന് വളര്‍ത്തച്ഛന്‍ പറയുമ്പോലെ അതിക്രൂരവും നൈതികതയ്ക്ക് നിരക്കാത്തതും നിഷ്ഠൂരവുമാണ് ആ വാക്കുകള്‍'
'ചെയ്യാന്‍ പാടില്ലാത്തതെന്തോ ചെയ്യുന്നതിന് സാക്ഷിയാവേണ്ടി വന്നതിന്റെ പിടച്ചില്‍ ഇനിയും മാറിയിട്ടില്ല'; മാമാങ്കം സംവിധായകന് പിന്തുണയുമായി അണിയറ പ്രവര്‍ത്തകന്‍

ലയാള സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വിവാദങ്ങളാണ് മാമാങ്കം തീര്‍ത്തത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത് യുവനടന്‍ ധ്രുവനെ പുറത്താക്കിയതോടെ. പിന്നാലെ ചിത്രത്തിലെ പ്രധാന അണിയറ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ഒഴിവാക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ചിത്രത്തില്‍ നിന്ന് സംവിധായകനെ മാറ്റിയതായി അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. സജീവ് പിള്ളയ്ക്ക് ചിത്രവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു നിര്‍മാതാവ് പറഞ്ഞത്. ഇപ്പോള്‍ നിര്‍മാതാവിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ ആദി കിരണ്‍. 

സജീവ് പിള്ളയ്ക്ക് മാമാങ്കമെന്ന സിനിമയുമായി ബന്ധമില്ലെന്ന് പറയുന്നത് കുഞ്ഞുമായി പെറ്റമ്മയ്ക്കിനി യാതൊരു ബന്ധവുമില്ലെന്ന് വളര്‍ത്തച്ഛന്‍ പറയുന്നതുപോലെ അതിക്രൂരമാണെന്നാണ് ആദി കിരണ്‍ കുറിച്ചത്. ചിത്രത്തില്‍ ആദ്യം മുതലെ ഭാഗമായിരുന്നു ആദി. അതിനാല്‍ ചിത്രത്തിനുവേണ്ടി സജീവെടുത്ത കഠിനാധ്വാനം എന്താണെന്ന് തനിക്ക് അറിയാം എന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. സജീവിനെ കഴിവുകെട്ടവനാണെന്നും മോശം പ്രോഡക്ട് ഉണ്ടാക്കിയിരിക്കുന്നു എന്നുമൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ന്നത് ഞങ്ങളെപ്പോലുള്ളവരെ ചെറുതല്ലാത്ത വിധം അസ്വസ്ഥരാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാമാങ്കത്തെക്കുറിച്ച് വ്യക്തമായ പ്ലാന്‍ സജീവ് പിള്ളയ്ക്ക് ഉണ്ടായിരുന്നു എന്നാണ് ആദി പറയുന്നത്. ചിത്രത്തിന് വേണ്ടി സജീവ് എടുത്ത പ്രയത്‌നത്തെക്കുറിച്ച് സഹസംവിധായകന്‍ പറയുന്നുണ്ട്. ആദ്യ സമയം സജീവ് പിള്ളയെ പ്രശംസിച്ച നിര്‍മാതാവ് വേണു കുന്നപ്പിള്ളി പിന്നീട് ചിത്രത്തിന്റെ തിരക്കഥയില്‍ കൈകടത്താന്‍ തുടങ്ങി. രണ്ടാം ഷെഡ്യൂളിന്റെ ഘട്ടത്തില്‍ അദ്ദേഹം നിര്‍മ്മാണ സംഘം വഴി അനുഭവിച്ച സംഘര്‍ഷം വളരെ വലുതായിരുന്നു. ഇത്രയേറെപ്പേരെ വെട്ടിനിരത്തിയ ഒരു പ്രോജക്ട് സിനിമാ ചരിത്രത്തിലാദ്യമാവുമെന്നാണ് ആദി കിരണ്‍ കുറിച്ചത്.

ആദി കിരണിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

സജീവ് പിള്ളയ്ക്ക് മാമാങ്കമെന്ന സിനിമയുമായി ഇനിയൊരു ബന്ധവുമില്ല എന്ന നിര്‍മ്മാതാവിന്റെ വാക്കുകളാണ് ഈ കുറിപ്പിന് ആധാരം. കുഞ്ഞുമായി പെറ്റമ്മയ്ക്കിനി യാതൊരു ബന്ധവുമില്ലെന്ന് വളര്‍ത്തച്ഛന്‍ പറയുമ്പോലെ അതിക്രൂരവും നൈതികതയ്ക്ക് നിരക്കാത്തതും നിഷ്ഠൂരവുമാണ് ആ വാക്കുകള്‍. 

ഞാന്‍ മാമാങ്കമെന്ന ചിത്രത്തില്‍ ആദ്യം ജോയിന്‍ ചെയ്യുന്ന സംഘാംഗമാണ്, 2017 ജൂണ്‍ മാസത്തിലായിരുന്നു അത്. അന്നു മുതല്‍ സംവിധായകന്റെ ആ ബൃഹത് സ്വപ്നമെന്താണെന്നും അതിനായി അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം എന്തുമാത്രമുണ്ടെന്നും അടുത്തറിയാം. അദ്ദേഹം കഴിവുകെട്ടവനാണെന്നും മോശം പ്രോഡക്ട് ഉണ്ടാക്കിയിരിക്കുന്നു എന്നുമൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ന്നത് ഇതൊക്കെ നന്നായറിയുന്ന ഞങ്ങളെപ്പോലുള്ളവരെ ചെറുതല്ലാത്ത വിധം അസ്വസ്ഥരാക്കുന്നുണ്ട്.

ജോയിന്‍ ചെയ്ത അന്നു തന്നെ പുസ്തകരൂപത്തിലുള്ള തിരക്കഥ കിട്ടുന്നു. വായിച്ച രാത്രി സത്യത്തില്‍ എക്‌സൈറ്റ്‌മെന്റ് കാരണം ഉറങ്ങാനായില്ല. നോണ്‍ ലീനിയറായ അതിന്റെ ഘടനയിലും കഥകള്‍ക്കുള്ളിലെ കഥകളായുള്ള ഇഴപിരിയലാലും ത്രില്ലര്‍ സ്വഭാവത്താലും കേന്ദ്രകഥാപാത്രത്തിന്റെ വ്യത്യസ്തവും പുതുമയുള്ളതുമായ ഗെറ്റപ്പുകളാലും വലിയ സ്‌കെയിലിലെ ആക്ഷന്‍ രംഗങ്ങളാലും ഹൃദയത്തെ തൊടുന്ന വികാരതീവ്രരംഗങ്ങളാലും ലോക ഭൂമികയുടെ അടയാളങ്ങളാലും സമ്പന്നമായിരുന്നു തിരക്കഥ. തിരക്കഥ അതിന്റെ ഭാഷ കൊണ്ട് കൂടി അത്ഭുതപ്പെടുത്തി. വായിച്ച ഏതൊരാളും തിരക്കഥാകൃത്തിന് ആരാധനയോടെ കൈ കൊടുത്തുപോകും, ഉറപ്പ്.

കഠിനമായ മുന്നൊരുക്കത്തിന്റെ ഉറക്കമില്ലാത്ത രാപകലുകളായിരുന്നു പിന്നെ. ആ കാലത്താണ് അറിഞ്ഞത് അദ്ദേഹം രണ്ട് ഭാഗങ്ങളായി 3ഉയില്‍ ചെയ്യാന്‍ സ്വപ്നം കണ്ട ചിത്രമായിരുന്നു മാമാങ്കം. ഒരു ഭാഗത്തിന്റെ സമയപരിമിതിയിലേക്ക് ഒതുങ്ങിയപ്പോള്‍ ആ കാലത്തെ ലോക ഭൂമികയെ അടയാളപ്പെടുത്തുന്ന രംഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. ഈ തിരക്കഥയ്ക്ക് അന്‍പതിനടുത്ത് വെര്‍ഷനുകളുണ്ടെന്നത് അന്ന് ഞങ്ങളെ ഞെട്ടിച്ച അറിവാണ്. സ്വയം പ്രദര്‍ശിപ്പിക്കുന്ന ഒരു സ്വഭാവക്കാരനല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വലിയ അധ്വാനങ്ങളുടെ വലിപ്പം ഒട്ടും പ്രദര്‍ശിപ്പിച്ചിരുന്നില്ല.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രമുഖമായ കളരികളില്‍ നേരിട്ടെത്തി ഓഡിഷന്‍ നടത്തി ഒട്ടേറെപ്പേരെ ചിത്രത്തിനായി തിരഞ്ഞെടുത്തു. സംവിധായകന്റെ മനസ്സിലുള്ള ഇടങ്ങള്‍ തേടി ഒത്തിരി അലഞ്ഞു. ഓരോ ഷോട്ടുകളും വ്യക്തമായി പ്ലാന്‍ ചെയ്ത് സ്‌റ്റോറിബോര്‍ഡ് തയ്യാറാക്കി. സംവിധായകന്റെ മനസ്സിലെ ആക്ഷന്റെ ആശയങ്ങളെ ആധാരമാക്കി പ്രീ വിസ് വീഡിയോ ചെയ്തു. ഓരോ ഡിപ്പാര്‍ട്ട്‌മെന്റിനും അവര്‍ക്കായുള്ള ബൈന്‍ഡഡ് പ്ലാനുകള്‍ നല്‍കി. ഒപ്പം ധ്രുവനും ചിത്രത്തിലെ മറ്റൊരു താരവും കളരി പരിശീലനങ്ങള്‍ തുടങ്ങി. അവര്‍ക്ക് തിരക്കഥാ വര്‍ക്ക്‌ഷോപ്പുകളും ഉണ്ടായിരുന്നു. ധ്രുവന്‍ കളരിയിലും ജിമ്മിലും തിരക്കഥാ പഠനത്തിലും അത്യദ്ധ്വാനം ചെയ്തു. ധ്രുവന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കരാറൊപ്പിടുന്ന രംഗം ഇപ്പോള്‍ മനസ്സിലൊരു നീറ്റലായുണ്ട്.

ഫസ്റ്റ് ഷെഡ്യൂള്‍ ചില കാരണങ്ങളാല്‍ പ്ലാന്‍ ചെയ്തതിനും ഏറെ മുന്നെ ആരംഭിക്കേണ്ടി വന്നു. മൂന്ന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ കെച്ചെയുടെ ജെയ്ക്ക സ്റ്റണ്ട് ടീമും അതിന് കളരി സ്വഭാവം കൊടുക്കാന്‍ കോഴിക്കോട് CVN കളരിയിലെ സുനില്‍ ഗുരുക്കളും ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങള്‍ ആക്ഷന്‍ റിഹേഴ്‌സല്‍ ഉണ്ടായിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂക്ക ആവേശത്തോടെ ഒര്‍ജിനല്‍ ഉറുമി വീശിയത് ഞങ്ങളുടെ ടീമിനാകെ അത്ഭുതമായി. പരിക്കേറ്റ അവസരത്തില്‍ എതിരെ നിന്ന് വാള്‍ വീശിയ ആളെ കുറ്റപ്പെട്ടുത്താതെ ടൈമിങ് തെറ്റിയാല്‍ അപകടം ആര്‍ക്കും സംഭവിക്കാമെന്നതായിരുന്നു മമ്മൂക്കയുടെ പ്രതികരണം. പരിക്ക് വകവെയ്ക്കാതെ പഴയ ആവേശത്തോടെ മമ്മൂക്ക ഫൈറ്റ് ചെയ്തു. മമ്മൂക്ക ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത സ്വഭാവവൈശിഷ്ട്യമുള്ള കഥാപാത്രം അനായാസമായാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനങ്ങള്‍ ലൈവ് ആയി കാണാനായി.

സിനിമയിലെ ഓരോ ഘടകങ്ങളിലും സംവിധായകന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സെറ്റിന്റെ ഓരോ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. കോസ്റ്റ്യൂംസ്, അവയുടെ നിറങ്ങള്‍, മെറ്റീരിയല്‍, അതിന്റെ ഡിസൈന്‍ എന്നിവയില്‍ തുടങ്ങി ഓരോ ക്യാരക്ടറുകളുടേയും ഗെറ്റപ്പില്‍ ഒക്കെയും അതത് സംഘങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കൃത്യവും വ്യക്തവുമായ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. VFX കാര്യങ്ങളിലുള്ള സംവിധായകന്റെ വലിയ അറിവ് മലയാളത്തിലെ പ്രഗത്ഭനായ ഒരു സീനിയര്‍ സംവിധായകനുമായുള്ള അനൗപചാരിക ചര്‍ച്ചയില്‍ ബോദ്ധ്യമായതാണെന്ന് നിര്‍മ്മാതാവ് അഭിമാനത്തോടെ പറഞ്ഞിട്ടുള്ളതാണ്. മാമാങ്കത്തിന്റെ തിരക്കഥയെ ഒരു പ്രധാന നടന്‍ മലയാളത്തിന്റെ സാഹിത്യത്തിലേയും തിരക്കഥയിലേയും കുലപതിയുടെ രചനയ്‌ക്കൊപ്പം ചേര്‍ത്ത് പുകഴ്ത്തിയത് വേണു സാര്‍ (വേണുകുന്നപ്പിള്ളി) തന്നെയാണ് ഞങ്ങളുമായി പങ്കുവെച്ചിട്ടുള്ളത്.

ഷൂട്ട് നടക്കുന്ന വേളയില്‍ അതീവ ശ്രദ്ധ വേണ്ട ക്രിയേറ്റീവ് വര്‍ക്ക് ചെയ്യുന്ന സംവിധായകനെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കുക എന്നത് ആദ്യമായി സിനിമയില്‍ സഹകരിക്കുന്ന ആള്‍ക്ക് പോലും അറിയാവുന്ന ബാലപാഠമാണ്. പക്ഷേ, രണ്ടാം ഷെഡ്യൂളിന്റെ ഘട്ടത്തില്‍ അദ്ദേഹം നിര്‍മ്മാണ സംഘം വഴി അനുഭവിച്ച സംഘര്‍ഷം ഞങ്ങള്‍ക്കെല്ലാം ബോധ്യമുള്ളതാണ്. 17 ദിവസങ്ങള്‍ അദ്ദേഹം നന്നായി ഉറങ്ങിയിട്ട് പോലുമില്ലായെന്ന് ഞങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്റെ മനസ്സില്‍ സിനിമ മാത്രമായിരുന്നു. അതിനു വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം. ഇത്രയും വലിയ ചിത്രത്തിന്റെ യാതൊരു സൗകര്യങ്ങളും സംവിധായകന്‍ ഉപയോഗിച്ചിരുന്നില്ലെന്നതാണ് സത്യം. എറണാകുളത്തെ ഷൂട്ട് സമയത്ത് അദ്ദേഹം കാലങ്ങളായി താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് ലൊക്കേഷനിലേക്ക് വന്നിരുന്നത്. ആദ്യ ഷെഡ്യൂളിലെ ചീഫ് അസോസിയേറ്റ് ഉള്‍പ്പെടെ 8 പേരെ ഒഴിവാക്കിയത് അവര്‍ സംവിധായകന്റെ മനസ്സിനൊപ്പം പണിയെടുത്തു എന്നതു കൊണ്ടാണോ! പുതിയതായി എത്തിയ രണ്ട് അന്യഭാഷാ അസോസിയേറ്റുകള്‍ക്ക് ചിത്രത്തിന്റെ തിരക്കഥയിലുള്ള ബോദ്ധ്യം എത്ര മാത്രമാണെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. അവര്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുത്തതെന്നും സുവ്യക്തമാണ്. നല്ല നിര്‍മ്മാതാക്കള്‍ സംവിധായകന്റെ ക്രിയേറ്റീവ് സ്‌പേസില്‍ കൈ കടത്തില്ലെന്നതാണ് കേട്ടറിവ്. പക്ഷേ, ഇടപെടല്‍ ഇവിടെ പരമാവധിയിലായിരുന്നു.

പ്രോജക്ടിന്റെ ആരംഭ ഘട്ടം മുതല്‍ തന്നെ 'ഇത് നന്നായി പോകുമെന്ന് തോന്നുന്നില്ല നിങ്ങള്‍ പ്രിപ്പേര്‍ഡായി ഇരുന്നോളു' എന്ന് എത്രയോ തവണ സജീവേട്ടന്‍ ഞങ്ങളോട് പറഞ്ഞിരിക്കുന്നു. സമ്മര്‍ദ്ദം ചെലുത്തി അവരുടെ വരുതിയിലാക്കുക എന്നതായിരുന്നു നിര്‍മ്മാണ സംഘം ആദ്യം മുതല്‍ അനുവര്‍ത്തിച്ച തന്ത്രം. നിലപാടും നിശ്ചയദാര്‍ഢ്യവുമുള്ളവരെ കൈകാര്യം ചെയ്തിട്ടില്ലാത്തതിന്റെ പിശകാണ് അവര്‍ കാണിച്ചത്. കരാറിനുള്ളില്‍ ഏകപക്ഷീയമായ ഒരു മനസ്സ് കാണാം, വല്ലാണ്ട് കുശാഗ്രവും ഒട്ടും ശുദ്ധമല്ലാത്തതുമായ ഒരു മനസ്സ്.

ഇത്രയേറെപ്പേരെ വെട്ടിനിരത്തിയ ഒരു പ്രോജക്ട് സിനിമാ ചരിത്രത്തിലാദ്യമാവും! ആദ്യ ഷെഡ്യൂളിന് ശേഷം ചീഫ് അസോസിയേറ്റ് ഉള്‍പ്പെടെ 8 പേര്‍ ഡയറക്ഷന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു. രണ്ടാം ഷെഡ്യൂളിന് ശേഷം കെച്ചെ (ആക്ഷന്‍ കൊറിയോഗ്രഫര്‍), ഗണേഷ് രാജവേലു (ഛായാഗ്രഹണം), സുനില്‍ ബാബു (ആര്‍ട്ട് ഡയറക്ടര്‍), അനുവര്‍ദ്ധന്‍ (കോസ്റ്റ്യൂം ഡിസൈനര്‍), ചിത്രത്തിലെ ഒരു പ്രധാന അഭിനേതാവായിരുന്ന ധ്രുവന്‍, ഒടുവില്‍ ചിത്രത്തിന്റെ സംവിധായകനും..! അദ്ദേഹത്തിനൊപ്പം നാല് സംവിധാന സഹായികളും ഒഴിവാക്കപ്പെട്ടു. സജീവ് പിള്ള പ്രോജക്ടിലില്ല എങ്കില്‍ താനും ചിത്രത്തില്‍ തുടരില്ല എന്ന് എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് സാറും പറഞ്ഞു!

രണ്ടാം ഷെഡ്യൂളിന് ശേഷമാണ് നിര്‍ബന്ധപൂര്‍വ്വമായ തിരക്കഥാതിരുത്തല്‍ ആരംഭിക്കുന്നത് (ഇത്ര ഗംഭീരമായ തിരക്കഥയുടെ തിരുത്തല്‍ ആവശ്യങ്ങള്‍ ഇനിയും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ദഹിച്ചിട്ടില്ല). മിക്ക ചര്‍ച്ചയിലും ഭാഗമായിരുന്നതിനാല്‍ ചെയ്യാന്‍ പാടില്ലാത്തതെന്തോ ചെയ്യുന്നതിന് സാക്ഷിയാവേണ്ടി വന്നതിന്റെ പിടച്ചില്‍ ഇനിയും മാറിയിട്ടില്ല. ആ കാലത്തെ അടയാളപ്പെടുത്തുന്ന വിദേശ സാന്നിദ്ധ്യവും അവരുടെ നിര്‍ണ്ണായകമായ ഇടപെടലുകളും ഒഴിവാക്കപ്പെട്ടു. ഞങ്ങളത്ഭുതപ്പെട്ട വലിയ സ്‌കെയിലിലുള്ള ഒട്ടേറെ സീനുകള്‍ ഒഴിവാക്കപ്പെട്ടു. ഇനിയുമിനിയും എന്നാവര്‍ത്തിച്ചു കൊണ്ടേയിരുന്ന സ്‌ക്രിപ്റ്റ് എഡിറ്റിങ്. ശരിക്കും ചിത്രത്തിന്റെ ആത്മാവിനെ ബാധിക്കും വിധമായി തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍. ചില കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തന്നെയും മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ ക്ലൈമാക്‌സും സാധാരണ മാസ് മസാലയിലേക്ക് നിര്‍ബന്ധിക്കപ്പെട്ടു. സംവിധായകന്റെ വിസമ്മതത്തില്‍ കുരുങ്ങി കാര്യങ്ങള്‍ വീണ്ടും നീണ്ടു. പിന്നെ സംവിധായകന്റെ അറിവോ സമ്മതമോ ഇല്ലാതെ തെലുങ്കില്‍ നിന്ന് സ്‌ക്രിപ്റ്റ് ഡോക്ടര്‍ വരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ വേരുകളിലേയ്ക്ക് ആഴ്ന്ന ഒരു കഥ ബാഹുബലി ശൈലിയില്‍ തിരുത്തപ്പെടണം, അതിനാണ് തെലുങ്ക് ഡോക്ടര്‍.

നല്ല ആരോഗ്യമുണ്ടെന്ന് കണ്ടവരെല്ലാം പറഞ്ഞ കുട്ടിയെ അസുഖമാരോപിച്ച് വകുപ്പറിയാത്ത ഡോക്ടറെ കൊണ്ട് ചികിത്സിപ്പിച്ച് ഇപ്പോള്‍ ഏത് നിലയിലാണെന്ന് അറിയാന്‍ അമ്മയ്ക്ക് അനുവാദമില്ല. അമ്മയ്ക്ക് കുഞ്ഞുമായി ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് വളര്‍ത്തച്ഛന്‍ അതിനെ മറ്റൊരമ്മയുടെ ഒക്കത്ത് കയറ്റിയിരുത്തിയിരിക്കയാണ്. ആ കുഞ്ഞിനെ അറിയുന്ന ഓരോരുത്തര്‍ക്കും അതിന്റെ നിലവിളി കേള്‍ക്കാം. ഞങ്ങള്‍ക്കത് ഒട്ടും സഹിക്കാനാവുന്നില്ലെന്നതാണ് സത്യം!

പ്രശ്‌നങ്ങളാരംഭിച്ച് ആറ് മാസത്തോളമായി ഞങ്ങള്‍ക്ക് ഉറക്കം നഷ്ടമായി. അപ്പോഴും 'നമ്മള്‍ റിയാലിറ്റി ഫെയ്‌സ് ചെയ്യണം' എന്നാവര്‍ത്തിച്ച് ചിരിക്കുന്ന ഞങ്ങളുടെ പ്രിയ സജീവേട്ടന്‍ ഇതെങ്ങനെ സഹിക്കുന്നു എന്ന ചിന്തയില്‍ തന്നെ ഞങ്ങളുടെ ബോധം നഷ്ടമാവുന്നു !

അദ്ദേഹത്തിന് പണിയറിയില്ലെന്ന് പറഞ്ഞ് പരത്തുന്നവര്‍ തുറന്ന മനസ്സോടെ വന്നാല്‍ അദ്ദേഹം ചെയ്ത വര്‍ക്കുകളുടെ ഫൂട്ടേജ് കാണിച്ചു തരാം. നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ നിലവാരമുള്ള ഡോക്യുമെന്ററികള്‍. 15 ദിവസത്തോളം ഉള്‍ക്കടലില്‍ തങ്ങി ഷൂട്ട് ചെയ്ത കന്യാകുമാരി ജില്ലയിലെ തുത്തൂരിലെ ചങ്കുറപ്പുള്ള സ്രാവ് വേട്ടക്കാരുടേയും കഥ പറയുന്ന Long Sails. മസ്തിഷ്‌ക ശാസ്ത്രത്തിന്റെ വികാസ ചരിത്രം ആയുര്‍വേദ കാലം മുതല്‍ ഇന്നിന്റെ ഉന്നത സാങ്കേതിക കാലം വരെ നീളുന്ന ഒരു ദൃശ്യ യാത്രയാണ് Exploration of Brain. Ancient Civilizations, Kalaripayattu, Islands of Lost Rhythms, Mohiniyattam എന്നിവയും അദ്ദേഹം ഈ മാധ്യമത്തെ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്നതിന്റെ തെളിവാണ്. അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നിര്‍മ്മിച്ച 'പെണ്‍കൊടി' എന്ന ചിത്രം കണ്ട ഒരുവനാണ്. ഈ മാധ്യമത്തില്‍ അദ്ദേഹത്തിനുള്ള വഴക്കവും ദൃശ്യഭാഷാ പ്രാവീണ്യവും ക്രാഫ്റ്റും വ്യക്തമാക്കുന്ന ചെറിയ സ്‌കെയിലിലുള്ള ചിത്രമാണത്. അസ്വസ്ഥതയുടെ കനലുകള്‍ കോരിയിടുന്ന ഒരു പെണ്‍മനസ്സിന്റെ യാത്രയാണീ ചിത്രം. പ്രഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപലകൃഷ്ണന്റെ ഒരു ഫീച്ചര്‍ ഫിലിം അടക്കം അഞ്ച് ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

നിലപാടും ആത്മാഭിമാനവും കൈമുതലായുള്ള വള്ളുവനാടന്‍ ചാവേറിന്റെ കഥ പറയാനെത്തിയ കഥാകാരന് കഥ അറം പറ്റിയോ! വെട്ടി ജയിക്കുക അല്ലെങ്കില്‍ വെട്ടി മരിക്കുക അതാണ് വള്ളുവനാടന്‍ സ്ഥൈര്യം. സജീവേട്ടനെ മലയാള സിനിമയില്‍ വെച്ചേക്കില്ലെന്ന ഭീഷണി വരെ ഉണ്ടായി..! അങ്ങനെ സംഭവിച്ചാല്‍ നഷ്ടം മലയാള സിനിമയ്ക്കാവും, ഉറപ്പ്. ഇതിലും എത്രയോ വലിയ ചിത്രങ്ങളും വളരെ അര്‍ത്ഥവത്തായ ചെറുചിത്രങ്ങളും അദ്ദേഹത്തിന്റെ മനസ്സിലും കൈയിലുണ്ട് മലയാളത്തിനത് നഷ്ടമായിക്കൂട.

ഒരാള്‍ക്ക് ഗോഡ്ഫാദറും ഒരു സിനിമാ സംഘങ്ങളുടേയും പിന്തുണയും ഇല്ലാതിരുന്നാല്‍ അയാളെ തീര്‍ത്തവസാനിപ്പിക്കാമെന്ന ചിന്ത അപകടകരവും ജനാധിപത്യവിരുദ്ധവുമാണ്. ഓര്‍ക്കുക ആ കുഞ്ഞ് പെറ്റൊരാളുടേതാണ്. അല്ലാതെ വളര്‍ത്തച്ഛന്‍ എടുത്തിരുത്തിയ ആ ഇടുപ്പിന്റെ ഉടമയുടേതല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com