'എന്തിനാണ് പാശ്ചാത്യസംഗീതം? സ്‌കൂളുകളില്‍ ഇന്ത്യന്‍ സംഗീതം പഠിപ്പിക്കൂ'; ശങ്കര്‍ മഹാദേവന്‍

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്ത്യന്‍ സംഗീതം പ്രോത്സാഹിപ്പിക്കാനായി ഗവണ്‍മെന്റ് മുന്‍കയ്യെടുക്കണമെന്നും ശങ്കര്‍ മഹാദേവന്‍ വ്യക്തമാക്കി
'എന്തിനാണ് പാശ്ചാത്യസംഗീതം? സ്‌കൂളുകളില്‍ ഇന്ത്യന്‍ സംഗീതം പഠിപ്പിക്കൂ'; ശങ്കര്‍ മഹാദേവന്‍

രാജ്യത്തെ വിദ്യാലയങ്ങളില്‍ പശ്ചാത്യ സംഗീതത്തിന് അമിത പ്രാധാന്യം നല്‍കുന്നതിനെ വിമര്‍ശിച്ച് പ്രമുഖ ബോളിവുഡ് സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവന്‍. പശ്ചാത്യ സംഗീതത്തിന് പകരം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതമാണ് സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്ത്യന്‍ സംഗീതം പ്രോത്സാഹിപ്പിക്കാനായി ഗവണ്‍മെന്റ് മുന്‍കയ്യെടുക്കണമെന്നും ശങ്കര്‍ മഹാദേവന്‍ വ്യക്തമാക്കി. പാവപ്പെട്ട വീടുകളില്‍ നിന്നു വരുന്ന കഴിവുറ്റ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ ഗായകന്‍. തന്റെ സ്വന്തം അക്കാദമിയായ ശങ്കര്‍ മഹാദേവന്‍ അക്കാഡമിയിലൂടെയാണ് അദ്ദേഹം സംഗീതം പഠിപ്പിക്കുക. അന്‍സ്പയര്‍ ഇന്ത്യ എന്നാണ് പ്രൊജക്റ്റിന് പേര് നല്‍കിയിരിക്കുന്നത്. ലോകത്തില്‍ 76 രാജ്യങ്ങളിലായി ഇന്ത്യന്‍ സംഗീതത്തെ പ്രചരിപ്പിക്കുകയാണ് തന്റെ അക്കാദമിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ടിവി ചാനലിലും മറ്റും വരുന്ന റിയാലിറ്റി ഷോകള്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഗുണകരമാണെന്നാണ് മഹാദേവന്‍ പറയുന്നത്. ഒരാള്‍ മാത്രമാണ് പരിപാടിയില്‍ വിജയി ആകുന്നുള്ളൂവെങ്കിലും മറ്റുള്ളവരുടെ പേരുകള്‍ പ്രേക്ഷകരുടെ മനസില്‍ എന്നും നിലനില്‍ക്കുമെന്നും ഇത് ഇവര്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ക്ക് ഇതിലൂടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുമെന്നും ശങ്കര്‍ മഹാദേവന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com