കലാഭവന്‍ മണിയുടെ ദുരൂഹമരണം : നുണ പരിശോധനയ്ക്ക് തയ്യാറെന്ന് സുഹൃത്തുക്കള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2019 03:29 PM |
Last Updated: 08th February 2019 03:29 PM | A+A A- |

കൊച്ചി : നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണത്തില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍. നടന്‍ ജാഫര്‍ ഇടുക്കി, സാബുമോന്‍ ( തരികിട സാബു) എന്നിവരടക്കം ഏഴുപേരാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. എറണാകുളം സിജെഎം കോടതിയിലാണ് ഇവര്‍ നേരിട്ടെത്തി സമ്മതം അറിയിച്ചത്.
കലാഭവന്‍ മണി കുഴഞ്ഞു വീണ പാടിയില്‍ അവസാന സമയത്ത് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മണിയുടെ ഉറ്റസുഹൃത്തുക്കളായ ജാഫര്‍ ഇടുക്കി, സാബുമോന്‍, ജോബി സെബാസ്റ്റിയന്‍, അരുണ്‍ സി എ, എംജി വിപിന്‍, അനീഷ് കുമാര്‍, മുരുകന്‍ എന്നിവരാണ് കോടതിയില്‍ ഹാജരായി നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ചത്.
നുണപരിശോധനയ്ക്ക് വിധേയരാക്കുന്നവരുടെ സമ്മതം കൂടിയുണ്ടെങ്കിലേ നുണ പരിശോധന പാടൂള്ളൂ എന്ന സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സമ്മതം തേടിയത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി വീടിന് സമീപത്തുള്ള പാടിയില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണം എന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മണിയുടെ ശരീരത്തില്‍ അസ്വാഭാവികമായ അളവില്‍ മീതൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് ഇടയാക്കിയത്. മണിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ കോടതിയെ സമീപിച്ചിരുന്നു.