തോല്‍വിയില്‍ നിന്നു തുടങ്ങിയ ആളല്ലേ ഞാന്‍, തളര്‍ന്നിട്ടില്ല: ഫഹദ് 

തോല്‍വിയില്‍ നിന്നു തുടങ്ങിയ ആളല്ലേ താന്‍, ഇതുവരെയും തളര്‍ന്നിട്ടില്ല എന്ന് നടന്‍ ഫഹദ് പറയുന്നു
തോല്‍വിയില്‍ നിന്നു തുടങ്ങിയ ആളല്ലേ ഞാന്‍, തളര്‍ന്നിട്ടില്ല: ഫഹദ് 

ഹദ്- നസ്രിയ- ദിലീഷ് പോത്തന്‍ എന്നിവര്‍ ചേര്‍ന്ന നിര്‍മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് പ്രേക്ഷകരുടെ മികച്ച പ്രതികരണം ഏറ്റുവാങ്ങി തിയേറ്ററുകളില്‍ കുതിക്കുകയാണ്. കുമ്പളങ്ങിയുടെ അണിയറപ്രവര്‍ത്തകര്‍ ഒന്നിച്ച വീഡിയോയില്‍ ദിലീഷ് പോത്തന്‍ സിനിമയിലെ കഥാപാത്രമായ ഷമ്മിയെക്കുറിച്ചും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളെപ്പറ്റിയും ഫഹദിനോട് ചോദിക്കുന്ന ഭാഗം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

തോല്‍വിയില്‍ നിന്നു തുടങ്ങിയ ആളല്ലേ താന്‍, ഇതുവരെയും തളര്‍ന്നിട്ടില്ല എന്ന് നടന്‍ ഫഹദ് പറയുന്നു. തോല്‍ക്കുമ്പോള്‍ പെട്ടെന്ന് തളര്‍ന്നുപോകുന്ന ആളാണോ എന്ന ദിലീഷ് പോത്തന്റെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ മറുപടി. 'ഞാനൊരുപാട് തോറ്റിട്ടുണ്ട്. പക്ഷേ ജീവിതത്തില്‍ തളര്‍ന്നിട്ടില്ല. ഒരു പടം ഓടിയില്ലെങ്കില്‍ എന്റെ ആദ്യ പത്തുചിന്തകള്‍ ആ സിനിമയുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ആയിരിക്കില്ല. നമ്മള്‍ തെറ്റായിരുന്നല്ലോ എന്നാണ് ചിന്തിക്കുക. നമ്മുടെ ചിന്തകളല്ലേ സിനിമ, ആറുമാസം ഒരുവര്‍ഷം രാവുംപകലുമായി കഷ്ടപ്പെട്ടിട്ടാണ് സിനിമ  ഇറക്കുന്നത്. ഇത്രയും സമയമെടുത്ത് ആലോചിച്ചെടുത്ത തീരുമാനം തെറ്റായിപ്പോയല്ലോ എന്ന തിരിച്ചറിവാണ് എന്നിലുണ്ടാകുക. അല്ലാതെ പൈസ പോയെന്നല്ല. തൊഴില്‍ ചെയ്യാന്‍ അറിയാവുന്നിടത്തോളം നമ്മള്‍ ഉണ്ടാക്കിയ നഷ്ടം നികത്താന്‍ പറ്റും. 
നമ്മുടെ ചിന്തകള്‍ തെറ്റായിരുന്നു എന്നതാണ് ഏറ്റവും വലിയ തോല്‍വി.' - ഫഹദ് വിശദീകരിച്ചു.

ഷമ്മി, പ്രകാശന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ സ്വാധീനം ജീവിതത്തിലുണ്ടാകാറുണ്ടോ? എന്ന ദിലീഷ് പോത്തന്റെ ചോദ്യത്തിന് ഫഹദിന്റെ മറുപടി ഇങ്ങനെയായിരുന്നു.

'ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ അത് ഏത് അളവിലാണ് തീവ്രതയിലാണ് ഉണ്ടായതെന്ന് കണ്ടുപിടിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. സിനിമയില്‍ അഭിനേതാവ് കരയുന്നുണ്ട്, ചിരിക്കേണ്ട രംഗത്ത് ചിരിക്കുന്നുണ്ട്. സത്യത്തില്‍ ആ സമയത്ത് ശരീരത്തില്‍ എന്തോ കെമിക്കല്‍ റിയാക്ഷന്‍ നടക്കുന്നുണ്ട്. ജീവിതത്തില്‍ ഓടിയാലും ഷോട്ടിന് വേണ്ടി ഓടിയാലും കിതയ്ക്കും. 

കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള അഭിനയം ശരീരത്തില്‍ മാറ്റം വരുത്താറുണ്ട്. വീട്ടില്‍ പോയി ഭാര്യയോട് വഴക്കിടുന്നതും ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങുന്നതുമൊക്കെ സംഭവിച്ചിട്ടുണ്ട്. എന്തൊക്കെയോ സംഭവിക്കാറുണ്ട്. ഇല്ലെന്ന് പറഞ്ഞാല്‍ കള്ളത്തരമാകും. നമ്മുടെ ശരീരത്തിന് അമിതമായ ഊര്‍ജം നല്‍കിയാണ് അഭിനയിക്കുന്നത്. 

നമ്മളല്ലാത്തൊരാളാകാനാണ് ശരീരത്തെ നിര്‍ബന്ധിപ്പിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കാന്‍ മടിയുള്ള ആളാണ് ഞാന്‍. രാത്രിയില്‍ വളരെ താമസിച്ച് കിടക്കാനുമാണ് ഇഷ്ടം. സിനിമയില്‍ നേരെ തിരിച്ചാകും. ഇഷ്ടമല്ലാത്ത പല കാര്യങ്ങളും സിനിമയില്‍ ചെയ്യേണ്ടിവരും. ബാപ്പ പറഞ്ഞുകേട്ടിട്ടുണ്ട്. സത്യന്‍ മാഷ് സെറ്റില്‍ ആരോടും സംസാരിക്കാറില്ലെന്ന്. സെറ്റില്‍ വരുന്നതും പോകുന്നതും ആ കഥാപാത്രമായിട്ടായിരിക്കും.

ചില താരങ്ങള്‍ ആ സമയത്ത് ദേഷ്യമായാകും ഇതൊക്കെ പ്രകടിപ്പിക്കുക. സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍ ചൂടാകുന്നതൊക്കെ കണ്ടിട്ടില്ലേ? എന്റേതും അങ്ങനെയൊരു പ്രകൃതമാണ്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ആ കഥാപാത്രമായിരിക്കും. അതെന്നെ അലട്ടും. എന്റെ അടുത്ത ആളുകള്‍ എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട്.'- ഫഹദ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com