അഭിനയത്തിനിടെ മരണമെത്തി; നടന് സ്റ്റേജിൽ വെച്ച് അന്ത്യം

അമ്മാവനുമായി വീട്ടിൽ തമാശപറയുന്ന രംഗത്ത് അഭിനയിക്കുമ്പോഴാണ് പെട്ടെന്ന് കുഴഞ്ഞുവീണത്
അഭിനയത്തിനിടെ മരണമെത്തി; നടന് സ്റ്റേജിൽ വെച്ച് അന്ത്യം

പനാജി : സ്റ്റേജിൽ കാണികളെ കുടുകുടെ ചിരിപ്പിച്ച് മുന്നേറുന്നതിനിടെ രം​ഗബോധമില്ലാത്ത കോമാളിയായി മരണമെത്തി. അരങ്ങിൽ കുഴഞ്ഞുവീണ് നടൻ മരിച്ചു. നാടകനടൻ ദിനേശൻ ഉള്ളിയേരി (48)യാണ് അഭിനയത്തിനിടെ സ്റ്റേജിൽവെച്ച് ഹൃദയാഘാതം വന്ന് മരിച്ചത്. 

ഗോവ മലയാളി സമാജം വാസ്കോയിൽ സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് പൊന്നരം തിയേറ്റേഴ്‌സിന്റെ ‘കാലം എഴുതിയ യുദ്ധകാണ്ഡം’ എന്ന നാടകം അവതരിപ്പിക്കാൻ എത്തിയതായിരുന്നു ദിനേശനും സംഘവും. നാടകത്തിൽ കുഞ്ഞിരാമൻ എന്ന ഹാസ്യകഥാപാത്രത്തെയാണ് ദിനേശൻ അവതരിപ്പിച്ചത്. നാടകത്തിൽ അമ്മാവനുമായി വീട്ടിൽ തമാശപറയുന്ന രംഗത്ത് അഭിനയിക്കുമ്പോഴാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. 

നാടകത്തിലെ രം​ഗമായിരിക്കുമെന്ന ധാരണയിലായിരുന്നു അപ്പോഴും കാണികൾ. ഉടൻ തന്നെ കർട്ടനിട്ട് അനൗൺസ്‌മെന്റ് വന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം കാണികളറിഞ്ഞത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

20 വർഷമായി നാടകരംഗത്ത് പ്രവർത്തിക്കുന്ന ദിനേശൻ, പൂക്കാട് കലാലയത്തിന്റെ സൂര്യഹൃദയം എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. കോഴിക്കോട് മലബാർ തിയേറ്റേഴ്‌സിന്റെ കണ്ടം ബെച്ച കോട്ട് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടകരംഗത്തെത്തി.   കോഴിക്കോട് ചിരന്തന, കോട്ടയം നാഷണൽ, അങ്കമാലി അഞ്ജലി, കോഴിക്കോട് രംഗഭാഷ തുടങ്ങിയ തിയേറ്ററുകളിൽ നാടകം അവതരിപ്പിച്ചു. കോഴിക്കോട് ഭഗവത് കമ്യൂണിക്കേഷൻസിന്റെ കാള എന്ന ദ്വിപാത്ര നാടകം ശ്രദ്ധേയമാണ്. പെയിന്റിങ് തൊഴിലാളി കൂടിയാണ് ദിനേശൻ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com