'ഇതാണ് പേരന്‍പിന്റെ പേരില്‍ ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡ്'; ദുല്‍ഖറിനെ കണ്ട സന്തോഷത്തില്‍ പാപ്പ; മമ്മൂട്ടിയുടെ വീട്ടില്‍ എത്തി സാധനയും കുടുംബവും

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് സാധന മമ്മൂട്ടിയെ കാണാന്‍ എത്തിയത്
'ഇതാണ് പേരന്‍പിന്റെ പേരില്‍ ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡ്'; ദുല്‍ഖറിനെ കണ്ട സന്തോഷത്തില്‍ പാപ്പ; മമ്മൂട്ടിയുടെ വീട്ടില്‍ എത്തി സാധനയും കുടുംബവും

പേരന്‍പ് കണ്ട് തീയെറ്ററില്‍ നിന്ന് ഇറങ്ങിയാലും പാപ്പയും അമുദനും നമ്മളില്‍ അവശേഷിപ്പിക്കുന്നുണ്ടാകും. വീണ്ടും വീണ്ടും അവര്‍ നമ്മെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യും. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പേരന്‍പ്. മമ്മൂട്ടിയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് പാപ്പയായി വേഷമിട്ട സാധന കാഴ്ചവെച്ചത്. ചിത്രത്തില്‍ ഉടനീളം സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കുട്ടിയായാണ് സാധന പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ മമ്മൂട്ടിയെ കാണാന്‍ താരത്തിന്റെ വീട്ടില്‍ എത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് പാപ്പയും കുടുംബവും. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് സാധന മമ്മൂട്ടിയെ കാണാന്‍ എത്തിയത്. സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷ് ആണ് ഫേയ്‌സ്ബുക്കിലൂടെ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചതിനെ കുറിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തത്. 

സാധന ദുല്‍ഖറിന്റെ ആരാധികയാണെന്നും തന്റെ പ്രിയ താരത്തെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം പാപ്പയ്ക്കുണ്ടായിരുന്നെന്നും അച്ഛന്‍ കുറിച്ചു. 'ഒരു യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക. ഈ കുറിപ്പ് അദ്ദേഹത്തിനുള്ള നന്ദിയാണ്. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിനും. ചെല്ലമ്മ (സാധനയുടെ വിളിപ്പേര്) ദുല്‍ഖറിന്റെ വലിയ ആരാധികയാണ്.

വീട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ കണ്ട ദുല്‍ഖറിന്റെ വിനയം ഞങ്ങളെ അമ്പരപ്പിച്ചു. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമെത്തിയ അദ്ദേഹം ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. റാമിനെയും സാധനയെയും പ്രശംസിച്ചു. മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. സിനിമയെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ക്ക് ഒരു വലിയ കുടുംബത്തെ കിട്ടിയ പോലെയാണ് അവിടെ നിന്ന് മടങ്ങുമ്പോള്‍ തോന്നിയത്.  ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡ്. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും.' അദ്ദേഹം കുറിച്ചു. ഡയറക്റ്റര്‍ റാം കാരണമാണ് തങ്ങള്‍ക്ക് ഇത് സാധ്യമായതെന്നും അദ്ദേഹത്തോട് നന്ദി പറയാന്‍ വാക്കുകള്‍ തികയില്ല എന്നുമാണ് ശങ്കരനാരായണന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com