'ധ്രുവിന്റെ ഭാവി ഓര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണ്'; വര്‍മ വീണ്ടും ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് സംവിധായകന്‍ ബാല

ചിത്രത്തിന്റെ ഫൈനല്‍ വേര്‍ഷനില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെവച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടെ ചിത്രീകരിക്കാനാണ് ഇവരുടെ തീരുമാനം
'ധ്രുവിന്റെ ഭാവി ഓര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണ്'; വര്‍മ വീണ്ടും ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് സംവിധായകന്‍ ബാല


തെന്നിന്ത്യന്‍ സിനിമ ലോകം കീഴടക്കിയ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വര്‍മയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് നായകനാവുന്ന ചിത്രം പുനഃര്‍നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ചിത്രത്തിന്റെ ഫൈനല്‍ വേര്‍ഷനില്‍ തങ്ങള്‍ സംതൃപ്തരല്ല എന്ന് പറഞ്ഞാണ് നിര്‍മാതാക്കള്‍ രണ്ടാമത് ഷൂട്ട് ചെയ്യാനൊരുങ്ങുന്നത്. ഇതോടെ സംവിധായകന്‍ ബാലയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. 

നിര്‍മാതാക്കള്‍ പറയുന്നത് ശരിയല്ലെന്നും ചിത്രത്തില്‍ നിന്നും പിന്മാറുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നുമാണ് ബാല കുറിച്ചത്. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും ബാല ട്വിറ്ററിലൂടെ പറഞ്ഞു. ധ്രുവിന്റെ ഭാവിയെ കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റുമായുള്ള കരാറും ബാല ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് 'വര്‍മ'യില്‍ നിന്നും ബാലയെ പുറത്താക്കിയതായി അറിയിച്ചുകൊണ്ട് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് പത്രക്കുറിപ്പ് ഇറക്കിയത്. ചിത്രത്തിന്റെ ഫൈനല്‍ വേര്‍ഷനില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെവച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടെ ചിത്രീകരിക്കാനാണ് ഇവരുടെ തീരുമാനം. ഇതോടെ ബാലയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. 

ജനുവരി 22ന് നടന്‍ വിക്രമിന്റെ സാന്നിധ്യത്തിലാണ് കരാര്‍ തയ്യാറാക്കിയത്. സിനിമയില്‍ എന്തു തരത്തിലുള്ള മാറ്റം വരുത്താനുമുള്ള അവകാശം കരാര്‍ പ്രകാരം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയിട്ടുണ്ട്. പ്രൊജക്ടില്‍ നിന്നും തന്റെ പേര് പൂര്‍ണമായി ഒഴിവാക്കിയാല്‍ മാത്രമേ കരാറില്‍ പറഞ്ഞ വ്യവസ്ഥകള്‍ നിലനില്‍ക്കൂവെന്ന് ബാല കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഫൂട്ടേജ്, ഫിലിം സ്റ്റില്‍, സൗണ്ട് ട്രാക്ക്, ഐടി ട്രാക്ക്, മിക്‌സഡ് ആന്‍ഡ് അണ്‍മിക്‌സഡ് സോങ്‌സ് ട്രാക്ക് എന്നിവ ബാലയുടെ ബി സ്റ്റുഡിയോസ് കൈമാറിയിട്ടുണ്ട്. 

ചിത്രത്തിന്റെ റിലീസ് അടുത്തിരിക്കെയാണ് വീണ്ടും ഷൂട്ട് ചെയ്യുകയാണ് എന്നുള്ള വാര്‍ത്തകള്‍ വരുന്നത്. വലിയ ധനനഷ്ടമുണ്ടായെങ്കിലും അര്‍ജുന്‍ റെഡ്ഡി തമിഴില്‍ കാണണമെന്ന് ഇപ്പോഴുമുണ്ടെന്നും ധ്രുവിനെ തന്നെ നായകനാക്കി പുതിയ തമിഴ് പതിപ്പ് ജൂണിലിറങ്ങുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. സംവിധായകനെ കൂടാതെ താരനിരയും പുതിയതായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com