'ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ല, നിരോധിക്കണം'; രൂക്ഷ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

'വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത്'
'ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ല, നിരോധിക്കണം'; രൂക്ഷ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

ചങ്ങനാശേരി: ബിഗ് ബജറ്റ് സിനിമകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കുരിശുംമൂട് സെന്റ് ജോസഫ് കോളെജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വഹിക്കുന്നതിനിടെയാണ് അദ്ദേഹം വാണിജ്യ സിനിമകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

'സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം.' അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിനിമയിലെ സെന്‍സര്‍ഷിപ്പിനെതിരേയും അദ്ദേഹം രംഗത്തെത്തി. വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 

സെന്‍സര്‍ഷിപ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നത്.സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് ഇത് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ  കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിനു സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ല. ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകും' അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com