ഭാരവാഹികളുടെ സിനിമകള്‍ ചലച്ചിത്ര അവാര്‍ഡ് മത്സരത്തിന്?; ആമിയും കാര്‍ബണും വിവാദത്തില്‍ 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സമര്‍പ്പിച്ച കമലിന്റെ 'ആമി' മത്സരത്തില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ ചലച്ചിത്ര അക്കാദമി അധികൃതര്‍ പ്രതിസന്ധിയില്‍
ഭാരവാഹികളുടെ സിനിമകള്‍ ചലച്ചിത്ര അവാര്‍ഡ് മത്സരത്തിന്?; ആമിയും കാര്‍ബണും വിവാദത്തില്‍ 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സമര്‍പ്പിച്ച കമലിന്റെ 'ആമി' മത്സരത്തില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ ചലച്ചിത്ര അക്കാദമി അധികൃതര്‍ പ്രതിസന്ധിയില്‍. അക്കാദമി വൈസ് ചെയര്‍പഴ്‌സന്‍ ബീന പോള്‍ എഡിറ്റിങ് നിര്‍വഹിച്ച വേണുവിന്റെ 'കാര്‍ബണ്‍' എന്ന സിനിമയ്ക്കും സമാന പ്രശ്‌നമുണ്ട്. അക്കാദമി ഭാരവാഹികളുടെ ചിത്രത്തിന് അവാര്‍ഡ് ലഭിച്ചാല്‍ വിവാദമാകുമെന്നാണു സര്‍ക്കാരിന്റെ ആശങ്ക.

അക്കാദമി ചെയര്‍മാനായ കമലിന്റെ പടം മത്സരത്തില്‍ നിന്നു പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ചെയര്‍മാന്‍ പദവി രാജി വച്ച ശേഷം ചിത്രം മത്സരത്തിന് അയയ്ക്കുന്നതാണ് നല്ലതെന്നുമുള്ള നിലപാടാണ് സാംസ്‌കാരിക മന്ത്രിയുടെ ഓഫീസ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയുന്നു. എന്നാല്‍ ചട്ടം അനുസരിച്ച് അവാര്‍ഡിനു സമര്‍പ്പിച്ച ചിത്രം ഏകപക്ഷീയമായി തള്ളാനാവില്ല. തള്ളിയാല്‍ നിര്‍മാതാവിനു കേസിനു പോകാം. അല്ലെങ്കില്‍ നിര്‍മാതാവ് തന്നെ സിനിമ പിന്‍വലിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മാതാവില്‍ സമ്മര്‍ദം ചെലുത്തി പടം പിന്‍വലിപ്പിക്കാനാണു സാധ്യത. സിനിമ മത്സരത്തിനുണ്ടാവില്ലെന്ന് അക്കാദമി അധികൃതര്‍ അനൗദ്യോഗികമായി പറയുന്നു. കാര്‍ബണ്‍ സിനിമ അവാര്‍ഡിനു സമര്‍പ്പിക്കുന്നതു നിര്‍മാതാക്കളാണെന്നിരിക്കെ സംവിധായകനോ എഡിറ്റര്‍ക്കോ അതില്‍ അഭിപ്രായം പറയാനാവില്ല.

അക്കാദമി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ആറംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വ്യക്തിഗത അവാര്‍ഡിനു മത്സരിക്കാന്‍ പാടില്ലെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്.സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനു നിയമ തടസ്സമില്ല. ഇതനുസരിച്ചു മികച്ച ചിത്രം, സംവിധായകന്‍, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ അവാര്‍ഡുകള്‍ക്കു വേണ്ടി മത്സരിക്കുന്നതിനു മാത്രമേ 'ആമി'ക്കു തടസ്സമുള്ളൂ. എഡിറ്റര്‍ക്കുള്ള അവാര്‍ഡിനു മത്സരിക്കുന്നതിന് 'കാര്‍ബണി'നും തടസ്സമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com