കേരളീയര്‍ വിദ്യാസമ്പന്നര്‍; പ്രേംനസീര്‍ മുഖ്യമന്ത്രിയാകാതിരുന്നതിനെക്കുറിച്ച്  ചാരുഹാസന്‍

'ഭാഗ്യവശാല്‍ നിങ്ങള്‍ക്കിവിടെ സ്‌കൂളുകളുണ്ടായിരുന്നു. നിങ്ങള്‍ സ്‌കൂളില്‍പ്പോയി'.
കേരളീയര്‍ വിദ്യാസമ്പന്നര്‍; പ്രേംനസീര്‍ മുഖ്യമന്ത്രിയാകാതിരുന്നതിനെക്കുറിച്ച്  ചാരുഹാസന്‍

ലയാളികള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാഞ്ഞതെന്ന് പ്രശസ്ത തമിഴ്‌നടന്‍ ചാരുഹാസന്‍. മലയാളികള്‍ സ്‌കൂളില്‍ പോയപ്പോള്‍ തമിഴ്‌നാട്ടുകാര്‍ സിനിമാ തിയ്യറ്ററുകളിലേക്കായിരുന്നു പോയതെന്നും അദ്ദേഹം പറഞ്ഞു. കൃതി സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്‌നാട്ടില്‍ 3,000 തിയ്യറ്ററുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഓര്‍ക്കണം. രാജ്യത്തെ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകളുള്ള തമിഴ്‌നാട്ടില്‍ 30 ശതമാനം തിയ്യറ്ററുകളുണ്ടായിരുന്നു'- അദ്ദേഹം ചൂണ്ടിക്കാട്ടി.

ദക്ഷിണേന്ത്യയില്‍ പൊതുവേ തിയേറ്ററുകള്‍ കൂടുതലായിരുന്നു. കേരളത്തില്‍ 1,200, കര്‍ണാടകത്തില്‍ 1,400. 'ഭാഗ്യവശാല്‍ നിങ്ങള്‍ക്കിവിടെ സ്‌കൂളുകളുണ്ടായിരുന്നു. നിങ്ങള്‍ സ്‌കൂളില്‍പ്പോയി. തമിഴ്‌നാട്ടുകാര്‍ വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യ പൊതുവിലും അങ്ങനെ തന്നെ. എന്നാല്‍, കേരളീയര്‍ വിദ്യാസമ്പന്നരാണ്. അവര്‍ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്'- ചാരുഹാസന്‍ പറഞ്ഞു.

നടന്‍ കമലഹാസന്‍ നിരീശ്വരവാദിയായിട്ടുണ്ടെങ്കില്‍ അത് തന്റെ സ്വാധീനത്തില്‍ സംഭവിച്ചാതാകാമെന്നും അദ്ദേഹം പറഞ്ഞു. ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, നിരീശ്വരവാദം പ്രചരിപ്പിക്കാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ടാകണമെന്നാണ് ചാരുഹാസന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com