ബീഹാര്‍ എന്‍ജിനീയറിങ് പരീക്ഷ: സണ്ണി ലിയോണി ഒന്നാം സ്ഥാനത്ത്, 98.5 മാര്‍ക്ക് 

ബീഹാര്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കുളള മെറിറ്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സണി ലിയോണി
ബീഹാര്‍ എന്‍ജിനീയറിങ് പരീക്ഷ: സണ്ണി ലിയോണി ഒന്നാം സ്ഥാനത്ത്, 98.5 മാര്‍ക്ക് 

പറ്റ്‌ന: ബീഹാര്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കുളള മെറിറ്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സണ്ണി ലിയോണി. 98.5 മാര്‍ക്ക് നേടിയാണ് സണ്ണി ലിയോണി ആദ്യ സ്ഥാനത്ത് ഇടംനേടിയത്. സംഭവം വിവാദമായതോടെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി പുറത്തുവിട്ട താത്കാലിക മെറിറ്റ് ലിസ്റ്റിലാണ് സണ്ണി ലിയോണി ഉള്‍പ്പെട്ടത്. പട്ടികയില്‍ 98.50 മാര്‍ക്കോടെ ഒന്നാം സ്ഥാനത്താണ് സണ്ണി ലിയോണിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ മാര്‍ക്ക് നേടിയതിന്റെ ഫലമായാണ് ഇവരുടെ പേര് ആദ്യസ്ഥാനത്ത് ഇടംപിടിച്ചത്. 

27 വയസുളള സണ്ണി ലിയോണിക്ക് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുളളതായും അച്ഛന്റെ പേര് ലിയോണ ലിയോണി എന്നാണ് എന്നും പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സണ്ണി ലിയോണിയുടെ പേരിന്റെ നേര്‍ക്ക് ജനറല്‍ കാറ്റഗറിയാണെന്നും കൊടുത്തിട്ടുണ്ട്. അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ 73.50 മാര്‍ക്കും, പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ 25 പോയന്റുമാണ് നല്‍കിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നു. ആരോ തെറ്റായി വിവരങ്ങള്‍ നല്‍കിയതിന്റെ ഫലമായാണ് സണ്ണി് ലിയോണി എന്ന പേര് വന്നത് എന്ന് പിഎച്ച്ഇഡി ജോയിന്റ് സെക്രട്ടറി പറഞ്ഞു. ഉദ്യോഗാര്‍ത്ഥി തെറ്റായ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്്ത പട്ടികയില്‍ തെറ്റ് കടന്നുകൂടിയതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. 

ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയില്‍  ഒഴിവുളള 214 പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. 17911 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്.  താത്കാലിക മെറിറ്റ് ലിസ്റ്റില്‍ നിന്ന് 642 പേരെ റിക്രൂട്ട്‌മെന്റിന്റെ അടുത്തഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com