'ഫഹദും ദുല്‍ഖറും സിനിമയില്‍ വരുന്ന സമയത്ത് മത്സരം കുറവായിരുന്നു'; ഓട്ടമത്സരത്തിന്റെ ഭാഗമാകാന്‍ ഇല്ലെന്ന് ഗോകുല്‍ സുരേഷ്

'ഫഹദും ദുല്‍ഖറും എടുക്കുന്ന റിസ്‌ക് ഞാന്‍ എടുത്തിട്ടില്ല. ഞാന്‍ റിസ്‌ക് എടുത്താല്‍ പിന്നെ ആളുകള്‍ എന്നെ കൂടുതല്‍ വിമര്‍ശിക്കും'
'ഫഹദും ദുല്‍ഖറും സിനിമയില്‍ വരുന്ന സമയത്ത് മത്സരം കുറവായിരുന്നു'; ഓട്ടമത്സരത്തിന്റെ ഭാഗമാകാന്‍ ഇല്ലെന്ന് ഗോകുല്‍ സുരേഷ്

ന്നിനു പുറകെ ഒന്നായി താരപുത്രന്മാര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടേയും ജയറാമിന്റേയുമെല്ലാം മക്കള്‍ സിനിമയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. കൂട്ടത്തില്‍ വലിയ ഒച്ചപ്പാടൊന്നുമില്ലാതെ അരങ്ങേറ്റം കുറിച്ചത് ഗോകുല്‍ സുരേഷാണ്. ഇതിനോടകം നാല് സിനിമകളാണ് ഗോകുലിന്റേതായി റിലീസ് ചെയ്തത്. അരങ്ങേറ്റം നായകനായിട്ടായിരുന്നെങ്കിലും പിന്നീട് വന്ന ചിത്രങ്ങളിലെല്ലാം സഹതാരമായിട്ടാണ് ഗോകുല്‍ എത്തിയത്. 

ചെറിയ വേഷങ്ങള്‍ ആണെങ്കില്‍ പോലും ശക്തമായ കഥാപാത്രങ്ങളായിരുന്നു എല്ലാം. അച്ഛന്റെ മേല്‍വിലാസമില്ലാതെ സിനിമയില്‍ തന്റേതായ സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് ഗോകുല്‍ ഇപ്പോള്‍. ഈ വര്‍ഷം അഞ്ച് ചിത്രങ്ങളാണ് ഗോകുലിന്റേതായി റിലീസ് ചെയ്യാനുള്ളത്. സിനിമയില്‍ ഫഹദ് ഫാസിലിന്റേതു പോലെ വളരാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നത് എന്നാണ് ഗോകുല്‍ പറയുന്നത്. തനിക്ക് ഒന്നാമതാവാനുള്ള ഓട്ടത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യം ഇല്ലെന്നും ഗോകുല്‍ പറഞ്ഞു. 

'ഫഹദിന്റേതുപോലെയുള്ള കരിയര്‍ ഗ്രോത്താണ് ഞാന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത്. ചില കാര്യങ്ങളിലെ അദ്ദേഹത്തിന്റെ ചിന്തകള്‍ എനിക്ക് ഇഷ്ടമാണ്. എല്ലാ അഭിനേതാക്കളുടേയും അഭിമുഖങ്ങളും ഞാന്‍ കാണാറുണ്ട്. എന്നാല്‍ ഫഹദ് പറയുന്ന കാര്യങ്ങളാണ് എനിക്ക് വ്യക്തിപരമായി ബന്ധിപ്പിക്കാന്‍ കഴിയുന്നത്. ഒന്നാമതാവാനുള്ള ഓട്ടത്തിന്റെ ഭാഗമാകാന്‍ എനിക്കും താല്‍പ്പര്യമില്ല. അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് അഞ്ച് വയസു മുതല്‍ ഞാന്‍ അഭിനയിക്കുകയല്ല. എന്റെ ആദ്യ സിനിമ റിലീസ് ചെയ്തതിന് ശേഷവും ഞാന്‍ കൊളേജില്‍ പോയി. അടുത്ത സിനിമയ്ക്ക് മുന്‍പ് എന്റെ ഡിഗ്രി പൂര്‍ത്തിയാക്കി.' ഗോകുല്‍ പറഞ്ഞു. 

ഇപ്പോള്‍ മത്സരം വളരെ ശക്തമാണ് എന്നാണ് ഗോകുല്‍ പറയുന്നത്. 'ഫഹദും ദുല്‍ഖറും സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ മത്സരം കുറവായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അവരുടെ പാരമ്പര്യത്തിന്റെ പേരില്‍ തന്നെ അവരുടെ ചിത്രങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ എന്റെ മേലെ അത്ര സമ്മര്‍ദ്ദമില്ല. കാരണം ഫഹദും ദുല്‍ഖറും എടുക്കുന്ന റിസ്‌ക് ഞാന്‍ എടുത്തിട്ടില്ല. ഞാന്‍ റിസ്‌ക് എടുത്താല്‍ പിന്നെ ആളുകള്‍ എന്നെ കൂടുതല്‍ വിമര്‍ശിക്കും. ഇത് എന്നിലെ നടനെ വളര്‍ത്തും' ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com