566-ാം നാള്‍ ആ കാത്തിരിപ്പ് അവസാനിപ്പിക്കാം; ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ ഒരുങ്ങുന്നു

നവാഗതനായ ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തുവരും
566-ാം നാള്‍ ആ കാത്തിരിപ്പ് അവസാനിപ്പിക്കാം; ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ ഒരുങ്ങുന്നു

2018 ല്‍ മലയാള സിനിമ ദുല്‍ഖര്‍ സല്‍മാനെ കണ്ടിട്ടില്ല. താരത്തിന്റേതായി ഒരു ചിത്രം പോലും കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്തില്ല. എന്നാല്‍ ദുല്‍ഖറിന് 2018 മികച്ച വര്‍ഷമായിരുന്നു, താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയും നിരവധി മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്തു. ഡിക്യുവിനെ മലയാളം സിനിമയില്‍ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് ഇനി അധികം നീളില്ല. യമണ്ടന്‍ പ്രേമകഥയിലൂടെ മലയാളത്തിലൂടെ തിരികെ എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 

നവാഗതനായ ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തുവരും. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും ഫേയ്‌സ്ബുക്ക് ലൈവില്‍ എത്തിയാണ് ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. ദുല്‍ഖര്‍ നായകനായി എത്തുന്ന മലയാള സിനിമ റിലീസ് ചെയ്തിട്ട് 566 ദിവസം ആകുമ്പോഴാണ് യമണ്ടന്‍ പ്രേമകഥ റിലീസ് എത്തുക എന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആദ്യ ചിത്രം വിജയിപ്പിച്ചതുപോലെ ഇതിനേയും ഏറ്റെടുക്കണമെന്നാണ് ഇരുവരും പറയുന്നത. 

2017 ഒക്‌റ്റോബര്‍ 5 നാണ് അവസാനമായി ദുല്‍ഖറിന്റെ സിനിമ മലയാളത്തില്‍ എത്തുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത് സോളോയായിരുന്നു ഇത്. ഇതിന് ശേഷം തെലുങ്കിലും ഹിന്ദിയിലുമെല്ലാം താരം അഭിനയിച്ചു. ഇതില്‍ മഹിനടി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫെബ്രുവരി 25നാണ് യെമണ്ടന്‍ പ്രേമകഥ റിലീസിന് എത്തുന്നത്. 

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിഷ്ണുവും ബിബനും ഒന്നിച്ച് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com