'ആ നടന്റെ നായികയാവാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന് അവര്‍ പറഞ്ഞു, കരഞ്ഞുകൊണ്ട് അവള്‍ എന്നെ വിളിച്ചു'

സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേന എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ് നിമിഷയ്ക്ക് ഇത്തരത്തിലുള്ള മോശം വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത്
'ആ നടന്റെ നായികയാവാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന് അവര്‍ പറഞ്ഞു, കരഞ്ഞുകൊണ്ട് അവള്‍ എന്നെ വിളിച്ചു'

സൗന്ദര്യം കുറവാണ് എന്ന് പറഞ്ഞ് നിമിഷ സജയന് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍. ഇത് അവളെ വളരെ അധികം തളര്‍ത്തിയെന്നാണ് നിമിഷയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടിട്ട പോസ്റ്റില്‍ സൗമ്യ പറയുന്നത്. സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേന എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ് ഇത്തരത്തിലുള്ള മോശം വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് നിമിഷ എത്തിയത്. 

എന്നാല്‍ കുഞ്ചാക്കോ ബോബന്റെ നായികയാവാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന് ചില ഫാന്‍സ് അസോസിയേഷനും പ്രേക്ഷകരും വിമര്‍ശിക്കുകയായിരുന്നു. അന്ന് നിമിഷ കരഞ്ഞുകൊണ്ട് തന്നെ വിളിച്ചെന്നും സൗമ്യ കുറിച്ചു. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നാണ് സൗമ്യ പറയുന്നത്. ചോല, കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നിമിഷയ്ക്ക് ലഭിച്ചത്. 

സൗമ്യ സദാനന്ദന്റെ കുറിപ്പ്

ഒരുപാട് വിഷമിച്ച് നിമ്മി എന്നെ വിളിച്ച ദിവസം ഓര്‍മയുണ്ട്. അവള്‍ കരയുകയായിരുന്നു. അവള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്റെ മനസ് തകര്‍ത്തു. എനിക്ക് വാക്കുകള്‍ കിട്ടിയില്ല. എന്റെ നായകനേക്കാള്‍ ഗ്ലാമര്‍ കുറവാണ് നായികയ്ക്ക് എന്നായിരുന്നു ചില ഫാന്‍സ് ഗ്രൂപ്പിന്റെയും പ്രേക്ഷകരുടേയും വിമര്‍ശനം. ഇത് ആ പെണ്‍കുട്ടിയുടെ ഉത്സാഹത്തെ കൊല്ലുന്നതായിരുന്നു. വിടരാന്‍ തുടങ്ങുന്ന പൂമുട്ടിനെ സൂര്യപ്രകാശം കാണുന്നതിന് മുന്‍പ് നശിപ്പിച്ചു കളയുന്നതുപോലെയായിരുന്നു ഇത്. ലോകത്തിന്റെ സൗന്ദര്യം കാണുന്നതിന് മുന്‍പ് ഇല്ലാതാക്കുന്നപോലെ. 

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജീവിതം പറഞ്ഞാണ് ഞാന്‍ അവളെ സമാധാനിപ്പിച്ചത്. സച്ചിനില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ക്രിക്കറ്റ് കരിയറില്‍ ഫോം ഇല്ലായ്മയുടെ പേരില്‍ മാധ്യമങ്ങളും ആരാധകരും ഈ ലോകം മുഴുവനും സച്ചിന്റെ ദിനങ്ങള്‍ കഴിഞ്ഞു എന്നു പറഞ്ഞ് അദ്ദേഹത്തെ എഴുതിത്തള്ളുമായിരുന്നു. അപ്പോഴായിരിക്കും അദ്ദേഹം തന്റെ അടുത്ത മാച്ചില്‍, യാതൊരു നാടകീയതയും ഇല്ലാതെ കടന്നു വന്ന് സെഞ്ചുറിയും ഡബിള്‍ സെഞ്ച്വറിയും നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കുക. അദ്ദേഹത്തിന് മാന്യതയും, അദ്ദേഹത്തിന്റെ മധുരപ്രതികാരങ്ങള്‍ക്ക് ഒരു വ്യക്തിത്വവും ഉണ്ടായിരുന്നു. 

ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് നിന്റെ ഇരട്ടസെഞ്ച്വറിയാണ്. നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു. അവര്‍ക്ക് മറുപടി കൊടുക്കാന്‍ ഇതിലും നല്ല വഴിയില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com