'നാണത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഞാന്‍ മദ്യപിച്ചു തുടങ്ങി, അവസാനം അനുഗ്രഹം പോലെ എന്റെ ജീവിതത്തിലേക്ക് കാന്‍സര്‍ എത്തി'

2012 ലാണ് മനീഷ കൊയ് രാളയ്ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിക്കുന്നത്. തന്റെ ശരീരത്തോട് വര്‍ഷങ്ങളോളം ചെയ്ത ക്രൂരതയുടെ ഫലമായിരുന്നു ഇതെന്നാണ് മനീഷ പറയുന്നത്
'നാണത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഞാന്‍ മദ്യപിച്ചു തുടങ്ങി, അവസാനം അനുഗ്രഹം പോലെ എന്റെ ജീവിതത്തിലേക്ക് കാന്‍സര്‍ എത്തി'


ബോളിവുഡ് താരം മനീഷ കൊയ് രാള ഒരു പോരാളിയാണ്. കാന്‍സറിനെ മനക്കരുത്തുകൊണ്ട് തോല്‍പ്പിച്ച പോരാളി. അര്‍ബുദത്തെ ജയിച്ച് ആറ് വര്‍ഷം പിന്നിടുമ്പോള്‍ അത് തന്നിലുണ്ടാക്കിയ മാറ്റങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് താരം. കാന്‍സര്‍ തന്റെ ജീവിതത്തിലേക്ക് വന്നത് ഒരു അനുഗ്രഹം പോലെയാണെന്നാണ് മനീഷ പറയുന്നത്. കാന്‍സറിന് എതിരായ പോരാട്ടത്തിന് ശേഷം തന്റെ കാഴ്ചയ്ക്ക് മൂര്‍ച്ച കൂടിയെന്നും മനസ് തെളിഞ്ഞെന്നും കാഴ്ചപ്പാട് തന്നെ മാറിഎന്നും താരം വ്യക്തമാക്കി. 

കാന്‍സര്‍ കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളെ പുസ്തകമാക്കിയിരിക്കുകയാണ് മനീഷ. ഹീല്‍ഡ്; ഹൗ കാന്‍സര്‍ ഗേവ് മീ എ ന്യൂ ലൈഫ് എന്ന പേരിട്ട പുസ്തകത്തില്‍ യുഎസിലെ തന്റെ ചികിത്സയെക്കുറിച്ചും ജീവിതത്തിലേക്ക് മടങ്ങിയത് എങ്ങനെയെന്നും എല്ലാം പറയുന്നുണ്ട്. വേദന നിറഞ്ഞ തന്റെ ഓര്‍മകളുടെ ഒരു ചെറിയഭാഗമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും തന്റെ അനുഭവങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

2012 ലാണ് മനീഷ കൊയ് രാളയ്ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിക്കുന്നത്. തന്റെ ശരീരത്തോട് വര്‍ഷങ്ങളോളം ചെയ്ത ക്രൂരതയുടെ ഫലമായിരുന്നു ഇതെന്നാണ് മനീഷ പറയുന്നത്. കാന്‍സര്‍ വന്നതിലൂടെ അമിതമായ ദേഷ്യത്തെയും ആന്‍സൈറ്റിയേയും നിയന്ത്രിച്ച് സ്വയം സമാധാനപ്പെടാന്‍ താന്‍ പഠിച്ചെന്നും താരം പറഞ്ഞു. നേപ്പാളിലെ പ്രമുഖ കുടുംബമായ കൊയ് രാളയിലെ അംഗമാണ് മനീഷ. 

നേപ്പാളിന്റെ ചെറിയ ലോകത്തില്‍ നിന്ന് ബോളിവുഡിലേക്ക് എത്തിയപ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു മനീഷ. അന്ന് 19 വയസായിരുന്നു പ്രായം. മുംബൈ ജീവിതം എങ്ങനെ കൈകാര്യം ചെയ്യും എന്നുപോലും അറിയില്ലായിരുന്നു. ബോളിവുഡ് തനിക്ക് ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു എന്നാണ് താരം പറയുന്നത്. സെറ്റില്‍ എങ്ങനെ പെരുമാറും എന്ന് അറിയാതെ പുസ്തകങ്ങളിലേക്ക് ഒളിക്കുകയാണ് ചെയ്തിരുന്നത്. ഇവ തന്നെ മറ്റുള്ളവരുമായി സംസാരിക്കുന്നതിലെ ഭയത്തില്‍ നിന്ന് രക്ഷിച്ചു. 

ഈ നാണത്തില്‍ നിന്ന് പുറത്തുകടക്കാന്‍ തീരുമാനിച്ചപ്പോഴാണ് മനീഷയുടെ ജീവിതത്തിലേക്ക് മദ്യം എത്തുന്നത്. മദ്യപിക്കുമ്പോള്‍ ലഭിക്കുന്ന ധൈര്യത്തെ അവര്‍ സ്‌നേഹിച്ച് തുടങ്ങി. ഇത് തന്നെ കരുത്തുറ്റവളാക്കുകയും ഉള്‍വലിയുന്ന സ്വഭാവത്തെ ഇല്ലാതാക്കുകയും ചെയ്തു. അതോടെ മനീഷ കൂടുതല്‍ സോഷ്യലൈസ് ആവാന്‍ തുടങ്ങി. പിന്നീട് കൂടുതല്‍ മദ്യപിക്കാന്‍ തുടങ്ങി. പാര്‍ട്ടികള്‍ ജീവിതത്തിന്റെ ഭാഗമായി. കാന്‍സര്‍ വന്നതോടെ ഇത്തരം ശീലങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ തനിക്ക് കഴിഞ്ഞെന്നാണ് മനീഷ പറയുന്നത്. 

അര്‍ബുധ ബാധയായതോടെ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത മനീഷ അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും തീരിച്ചെത്തിയിരിക്കുകയാണ്. ഡിയര്‍ മായ, ലസ്റ്റ് സ്റ്റോറീസ്, സഞ്ജു എന്നീ ചിത്രങ്ങളില്‍ മനീഷ അഭിനയിച്ചു. എന്നാല്‍ ഈ മടക്കം അത്ര എളുപ്പമായിരുന്നില്ല എന്നാണ് താരം പറയുന്നത്. നായികയുടെ റോള്‍ അഭിനയിച്ചിരുന്ന താന്‍ ക്യാരക്റ്റര്‍ റോള്‍ ചെയ്യാന്‍ തുടങ്ങിയത് വളരെ അധികം ബുദ്ധിമുട്ടിച്ചെന്നും എന്നാല്‍ അതിനെയെല്ലാം മറികടന്ന് വീണ്ടും സിനിമയില്‍ നിറയുകയാണ് മനീഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com