'പുലിവാല്‍ പിടിക്കും, സ്ത്രീകളെ സഹസംവിധായകരാക്കാന്‍ പേടി'; 20 വര്‍ഷം മുന്‍പുണ്ടായത് ഇപ്പോള്‍ പറയുന്നതിന്റെ ആവശ്യമെന്തെന്ന് ലാല്‍ ജോസ്

'ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനെയൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ടാകാറുണ്ട്'
'പുലിവാല്‍ പിടിക്കും, സ്ത്രീകളെ സഹസംവിധായകരാക്കാന്‍ പേടി'; 20 വര്‍ഷം മുന്‍പുണ്ടായത് ഇപ്പോള്‍ പറയുന്നതിന്റെ ആവശ്യമെന്തെന്ന് ലാല്‍ ജോസ്

പോയവര്‍ഷം ഇന്ത്യന്‍ സിനിമ ലോകം കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു മീ ടൂ. നിരവധി നടിമാരും സിനിമ പ്രവര്‍ത്തകരുമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. വലിയ മുന്നേറ്റത്തിന്റെ ഭാഗമാണെങ്കിലും ഇപ്പോള്‍ അത് സ്ത്രീകള്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഹോളിവുഡില്‍ മീടൂ മൂവ്‌മെന്റ് ശക്തമായതിന് പിന്നാലെ സ്ത്രീകളെ അകറ്റി നിര്‍ത്താനും ഇതിലൂടെ അവസരങ്ങള്‍ കുറയാനും കാരണമായി. 

വിദേശത്തെ മാത്രം കാര്യമല്ല ഇത്. കാര്യമായ മീടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കൂടി മലയാളത്തില്‍ അവസരം കാത്തിരിക്കുന്ന യുവതികള്‍ക്ക് മീടൂ ഇപ്പോള്‍ തിരിച്ചടിയാവുകയാണ്. പ്രമുഖ സംവിധായകന്‍ ലാല്‍ ജോസാണ് യുവതികളെ അകറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞത്. തന്റെ സിനിമകളില്‍ സഹസംവിധായകരായി പുതിയ പെണ്‍കുട്ടികള്‍ വരുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാറുണ്ടെന്നാണ് ലാല്‍ ജോസ് പറയുന്നത്. ജമേഷ് കോട്ടക്കല്‍ അവതരിപ്പിക്കുന്ന ജമേഷ് ഷോയില്‍ മീ ടൂ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. 

പതിറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നതിന്റെ ആവശ്യം എന്താണെന്നാണ് ലാല്‍ ജോസ് ചോദിക്കുന്നത്. ഇത്തരം വെളിപ്പെടുത്തലുകളില്‍ ചിലത് മാത്രമായിരിക്കും സത്യമെന്നും ബാക്കിയുള്ളവ വ്യാജവുമായിരിക്കും എന്നുമാണ് അദ്ദേഹം പറയുന്നത്. ചില ഉദാഹരണങ്ങള്‍ എടുത്തു പറഞ്ഞാണ് വിശദീകരണം. 

'ന്യൂ ഡല്‍ഹിയിലെ തിരക്കുള്ള ഒരു മലയാളി പരസ്യ സംവിധായകനെതിരേ കടുത്ത ആരോപണങ്ങളുണ്ടായി. അത് ഏറ്റെടുത്തത് ഒരു വനിതാ പ്രവര്‍ത്തകയും. അദ്ദേഹത്തിന്റെ കുടുംബത്തെയടക്കം അപമാനിക്കുന്ന രീതിയില്‍ വാര്‍ത്തകളും ചര്‍ച്ചകളുമുണ്ടായി. എന്നാലിപ്പോള്‍ ആ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ നുണപ്രചരണം നടത്തിയതാണെന്ന് ആ വനിതാ പ്രവര്‍ത്തക തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നു.

പരസ്പരവിരുദ്ധമായ, വാസ്തവമില്ലാത്ത കാര്യങ്ങളാണെന്ന് തെളിയുകയും ചെയ്തു. ഇരുപതു വര്‍ഷം മുമ്പ് ജോലിസ്ഥലത്തെ ക്യാബിനില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് സംവിധായകനെതിരേ ഉന്നയിച്ച പരാതി. എന്നാല്‍ അന്ന് ക്യാബിനുകളില്ലായിരുന്നുവെന്നും എല്ലാവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നതെന്നും സംവിധായകനും വെളിപ്പെടുത്തി. അതോടെ ആ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.' ലാല്‍ ജോസ് പറഞ്ഞു. 

പത്ത് വര്‍ഷം മുന്‍പ് തന്നോടൊപ്പം മൂന്ന് വനിത സഹസംവിധായകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും തന്റെ കൂടെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നും എന്നാല്‍ അവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ പുതിയ പെണ്‍കുട്ടികള്‍ സഹസംവിധായകരായി വരുമ്പോള്‍ രണ്ടാമതൊന്ന് അലോചിക്കാറുണ്ടെന്നും പുലിവാല്‍ പിടിക്കുമോ എന്ന് പേടിക്കാറുണ്ടെന്നുമാണ് ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. 

'സിനിമ ചെയ്യുമ്പോള്‍ നമ്മുടെ മനോവ്യാപാരം പലതാവും. പല അവസരങ്ങളിലും അസിസ്റ്റന്റുമാരെ വഴക്കു പറയേണ്ടിയും ചീത്ത വിളിക്കേണ്ടിയുമൊക്ക വരും. അപ്പോഴൊക്കെ ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനെയൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ടാകാറുണ്ട്. ആ ഭയം നല്ലതിനാണോ എന്നത് വേറെ വിഷയമാണ്.' കൂടെ ജോലി ചെയ്ത പെണ്‍കുട്ടി സെറ്റിലുണ്ടായിരുന്ന എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് സിനിമയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com