ഫുട്‌ബോള്‍ പ്രേമികളേ, ലോകകപ്പ് സീസണ്‍ അല്ലെങ്കിലും ഇഷ്ട ടീമിനു വേണ്ടി ഒരു വട്ടം കൂടി ഫ്‌ളക്‌സ് വെക്കാമോ? മിഥുന്റെ ക്ഷണം വെറുതെയല്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2019 11:57 AM |
Last Updated: 03rd January 2019 11:57 AM | A+A A- |
ലോകകപ്പ് അവസാനിച്ചെങ്കിലും ഒരുവട്ടം കൂടി ഇഷ്ട ടീമിനു വേണ്ടിയുള്ള ലോകകപ്പ് ഒരുക്കങ്ങള്‍ പുനഃസൃഷ്ട്ടിക്കാനാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കാല്‍പന്തുകളി ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ഫുട്‌ബോള്‍ ഫാന്‍സിന്റെ കഥപറയുന്ന തന്റെ ഏറ്റവും പുതിയ ചിത്രം അര്ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവില്‍ ഉള്‍പ്പെടുത്താനാണ് ലോകകപ്പ് ഒരുക്കങ്ങള്‍ ഒരിക്കല്‍ കൂടി നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബ്രസീല്‍ , അര്ജന്റീന , ജര്‍മ്മനി തുടങ്ങിയ ഏതു രാജ്യത്തിന്റെ ഫാന്‍സാണെങ്കിലും നാട്ടിലെ ലോകകപ്പ് ഒരുക്കങ്ങള്‍ ഒരിക്കല്‍ കൂടി പുനഃ സൃഷ്ട്ടിക്കാന്‍ തയ്യാറാണെങ്കില്‍ ക്യാമറയും മറ്റു സന്നാഹങ്ങളുമായി തങ്ങള്‍ എത്തുമെന്നാണ് മിഥുന്‍ അറിയിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ സഹിതമാണ് പോസ്റ്റ്.
കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്മാരായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അശോകന്‍ ചെരുവിലിന്റെ ചെറുകഥ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മാണം.