'തല്ലില്ല, പക്ഷേ ആള് മാസാ'; ഇന്ദ്രന്‍സ് ശക്തമായ വേഷത്തില്‍ എത്തുന്ന 'ഗ്രാമവാസീസ്' റിലീസിന് ഒരുങ്ങുന്നു

ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ചിത്രം റിലീസിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
'തല്ലില്ല, പക്ഷേ ആള് മാസാ'; ഇന്ദ്രന്‍സ് ശക്തമായ വേഷത്തില്‍ എത്തുന്ന 'ഗ്രാമവാസീസ്' റിലീസിന് ഒരുങ്ങുന്നു

നായകന്റെ ശിങ്കിടിയായും സിനിമയില്‍ തമാശ തിരുകി കയറ്റുന്നതിനും വേണ്ടിയാണ് മുന്‍പ് ഇന്ദ്രന്‍സ് സ്‌ക്രീനില്‍ എത്തിയിരുന്നത്. എന്നാല്‍ ഇന്ന് കഥ മാറി. ഇപ്പോള്‍ ഇന്ദ്രന്‍സിന് കൈനിറയെ വേഷങ്ങളാണ്. അതും ശക്തമായ കഥാപാത്രങ്ങള്‍. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി എത്തുന്ന ഗ്രാമവാസീസ് റിലീസിന് ഒരുങ്ങുകയാണ്. റിലീസ് ചെയ്യുന്ന തിയതി തീരുമാനിച്ചില്ലെങ്കിലും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ചിത്രം റിലീസിന് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ചിത്രത്തില്‍ ഇന്ദ്രന്‍സ് മാസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് സംവിധായകന്‍ ബി.എന്‍. ഷജീര്‍ ഷാ പറയുന്നത്. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. ഇന്ദ്രന്‍സും അദ്ദേഹത്തിന്റെ സഹോദരന്റെ വേഷത്തില്‍ എത്തുന്ന അസീസ് നെടുമങ്ങാടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന മാധവന്‍ ഒരു മാസ് കഥാപാത്രമാണെന്നാണ് ഷജീര്‍ പറയുന്നത്. മാസ് ആണെങ്കിലും ഫൈറ്റ് രംഗങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ ഫഌഷ് ബാക്കുള്ള കഥാപാത്രമാണ് മാധവന്‍. പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരനില്‍ നിന്നും ജീവിതത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍കൊണ്ട് അദ്ദേഹം നിശബ്ദനാവുകയായിരുന്നു. സന്തോഷ് കീഴാറ്റൂരാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ആദ്യം ഇന്ദ്രന്‍സിന്റെ സപ്പോര്‍ട്ടിങ് റോളിലേക്കാണ് പരിഗണിച്ചത്. പിന്നീട് ഇത് മാറ്റി അദ്ദേഹത്തെ പ്രധാന വേഷത്തിലേക്ക് പരിഗണിക്കുകയായിരുന്നെന്നും ഷജീര്‍ പറഞ്ഞു. ഇന്ദ്രന്‍സിന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കത്തിലെ കഥാപാത്രത്തിലേതു പോലെയല്ല ഗ്രാമവാസീസിലെ കഥാപാത്രം എന്നാണ് സംവിധായകന്‍ പറയുന്നത്. പുതുമയുള്ളത് അപ്രതീക്ഷിതവുമായ കഥാപാത്രമാണിത്. 

മിഥുന്‍ മോഹന്‍, ഷബീര്‍ ഷാ, വിഷ്ണു സാബു തിരുവല്ല, സജി പേയോഡ്, അജി നെട്ടായം, ശാന്തി സനല്‍, മാസ്റ്റര്‍ അഭിറാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍വതി സിനിമാസിന്റെ ബാനറില്‍ എന്‍.എസ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. നിധിന്‍ നാരായണനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com