അണിയറ പ്രവര്‍ത്തകരില്‍ അടിമുടി മാറ്റം; എം പത്മകുമാറും ടീമില്‍; വിവാദം തുടരുന്നു

 മൂന്നാം ഷെഡ്യൂളിന് ഒരുങ്ങുമ്പോള്‍ അഭിനേതാക്കളിലും ടെക്‌നീഷ്യനിലും കാര്യമായ മാറ്റമുണ്ട്
അണിയറ പ്രവര്‍ത്തകരില്‍ അടിമുടി മാറ്റം; എം പത്മകുമാറും ടീമില്‍; വിവാദം തുടരുന്നു

കൊച്ചി: മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമായ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ചിത്രീകരണം സംബന്ധിച്ച അനശ്ചിതത്വം നീങ്ങി. അണിയറ പ്രവര്‍ത്തകരില്‍ ഉള്‍പ്പടെ അടിമുടി മാറ്റത്തോടെയാണ് ഷെഡ്യൂള്‍ ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖരായ സാങ്കേതിക പ്രവര്‍ത്തകരെ അടക്കം ഒഴിവാക്കുന്നത് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നേക്കും. സംവിധാനം സജീവ് പിള്ള തന്നെ നിര്‍വ്വഹിക്കും. 

സംവിധായകനൊപ്പം പരിചയസമ്പന്നരുടെ നിര തന്നെ ചിത്രത്തിലുണ്ടാകും. ആയിരങ്ങള്‍ പങ്കെടുക്കുന്ന യുദ്ധരംഗങ്ങള്‍ അടക്കമാണ് ഇനി ചിത്രീകരിക്കാന്‍ ഉള്ളത്. ഒടിയനില്‍ സംവിധായകനെ സഹായിച്ച എം.പത്മകുമാറും മാമാങ്കത്തിലെ പുതിയ സംഘത്തില്‍ ചേരുമെന്നാണ് വിവരം. മൂന്നാം ഷെഡ്യൂളിന് ഒരുങ്ങുമ്പോള്‍ അഭിനേതാക്കളിലും ടെക്‌നീഷ്യനിലും കാര്യമായ മാറ്റമുണ്ട്. 35 ദിവത്തോളം ഷൂട്ട് ചെയ്തതിനു ശേഷമാണ് ക്വീന്‍ താരം ധ്രുവന്‍ ഈ ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ധ്രുവന് പകരം ഉണ്ണിമുകുന്ദന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 

ക്യാമറമാന്‍ ഗണേഷ് രാജവേലുവാണ് ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖന്‍. തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നുളളത് സത്യമാണെന്നും എന്താണ് കാരണമെന്ന് തന്നോട് ഇതു വരെ പറഞ്ഞിട്ടില്ലെന്നും ഗണേഷ് രാജവേലു പറഞ്ഞു.  southern india cinematographers association (SICA) യ്ക്ക് ഞാന്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. അസോസിയേഷനിലെ ആളുകള്‍ അണിയറ പ്രവര്‍ത്തകരുമായി സംസാരിക്കുന്നുണ്ട്. അതിനു ശേഷം ഈ സിനിമയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.  പ്രമുഖ ക്യാമറമാന്‍ മനോജ് പിളളയാണ് പകരക്കാരന്‍.

കലാ സംവിധായകന്‍ സുനില്‍ ബാബുവാണ് സ്ഥാനചലനം വന്ന മറ്റൊരാള്‍. മോഹന്‍ദാസാണ് പകരക്കാരന്‍. ആമിര്‍ ഖാന്‍ നായകനായ ഗജിനി, കായംകുളം കൊച്ചുണ്ണി, എം, എസ് ധോണി എന്നീ ചിത്രങ്ങളുടെ കലാസംവിധായകനായ സുനില്‍ ബാബു പഴശ്ശിരാജയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോസ്റ്റും ഡിസൈനര്‍ അനു വര്‍ദ്ധനാണ് സ്ഥാന ചലനം വന്ന മറ്റൊരു പ്രമുഖ. വിശ്വാസം, വിവേകം, കബാലി, ബില്ല തുടങ്ങിയ ബിഗ്ബജറ്റ് സിനിമകളുടെ കോസ്റ്റും ഡിസൈനറായ അനു വര്‍ദ്ധനു പകരം എസ്.പി.സതീഷ് ചിത്രത്തില്‍ പ്രവര്‍ത്തിക്കും. പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിര്‍മാതാവ്. കേരളത്തില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴ് കിലോമീറ്റര്‍ തെക്കുമാറി തിരുനാവായ മണപ്പുറത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളില്‍ നടന്നുവന്ന ഉത്സവമാണിത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് സജീവ് പിളള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com