'മമ്മൂട്ടിയുമായി ചെറിയ പ്രശ്‌നങ്ങള്‍ മാത്രം, പരിചയക്കുറവ് പ്രശ്‌നമായിരുന്നെങ്കില്‍ അത് മുന്‍പേ പറയണമായിരുന്നു'; പ്രതികരണവുമായി മാമാങ്കം സംവിധായകന്‍

'മമ്മൂട്ടിയുമായി ചെറിയ പ്രശ്‌നങ്ങള്‍ മാത്രം, പരിചയക്കുറവ് പ്രശ്‌നമായിരുന്നെങ്കില്‍ അത് മുന്‍പേ പറയണമായിരുന്നു'; പ്രതികരണവുമായി മാമാങ്കം സംവിധായകന്‍

കുറച്ച് ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും തന്റെ സഹായത്തിനായി മറ്റൊരാള്‍ സിനിമയിലേക്ക് വരുന്നതില്‍ പ്രശ്‌നമില്ലെന്നാണ് സജീവ് പറയുന്നത്

യുവനടന്‍ ധ്രുവനെ പുറത്താക്കിയതോടെയാണ് മമ്മൂട്ടി നായകന്‍ ആകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ധ്രുവനെ മാറ്റിയതും ഉണ്ണി മുകുന്ദനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതുമെല്ലാം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ ഇതൊന്നും തന്റെ അറിവോടെ അല്ല എന്നായിരുന്നു സംവിധായകന്‍ സജീവ് പിള്ളിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സംവിധായകനെ മാറ്റാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. 

സജീവ് പിള്ളയ്ക്ക് പകരമായി ജോസഫ് സംവിധായകന്‍ എം പത്മകുമാര്‍ എത്തും എന്നായിരുന്നു വാര്‍ത്തകള്‍. നിര്‍മാതാക്കളുമായുള്ള തര്‍ക്കമാണ് ചിത്രത്തിലെ പുതിയ മാറ്റങ്ങള്‍ക്ക് കാരണമായത്. തുടക്കക്കാരനായ സജീവ് പിള്ളയുടെ സംവിധാനം പ്രതീക്ഷിച്ച മികവ് പുലര്‍ത്തുന്നില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇത് പരിഹരിക്കുന്നതിനായാണ് ക്രിയേറ്റീവ് സപ്പോര്‍ട്ടിനായി പരിചയസമ്പന്നനായ പത്മകുമാറിനെ ചിത്രത്തിലേക്ക് കൊണ്ടുവരുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കുറച്ച് ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും തന്റെ സഹായത്തിനായി മറ്റൊരാള്‍ സിനിമയിലേക്ക് വരുന്നതില്‍ പ്രശ്‌നമില്ലെന്നാണ് സജീവ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

തന്റെ വര്‍ക്ക് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്ന് വാദിക്കാനാവില്ല. താന്‍ ഒഴികെ ചിത്രത്തില്‍ ബാക്കിയുള്ളവരെല്ലാം രാജ്യത്തെ ഏറ്റവും പ്രമുഖരായ ടെക്‌നീഷ്യന്മാരും മമ്മൂട്ടിയെ പോലുള്ള രാജ്യം അറിയുന്ന അഭിനേതാവുമാണ്. അതിനാല്‍ ചിത്രം മോശമാണെന്ന് പറയാന്‍ ഒരു കാരണവുമില്ല. തന്റെ പരിചയക്കുറവ് കാരണമാണ് ഏറ്റവും മികച്ച ടെക്‌നീഷ്യന്മാരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സജീവ് പിള്ള പറഞ്ഞു. 

മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സജീവ് തന്നെയാണ്. 2010 ലാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ആരംഭിക്കുന്നത്. 2011 ല്‍ കഥ മമ്മൂട്ടിയോട് പറയുകയും 2012 ല്‍ അദ്ദേഹം പ്രൊജക്റ്റിന്റെ ഭാഗമാവുകയും ചെയ്തു. സിനിമയ്ക്ക് വലിയ മുതല്‍ മുടക്ക് ആവശ്യമായതിനാല്‍ നിരവധി നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മാമാങ്കം ആരംഭിക്കാന്‍ താനാണ് മുന്‍കൈ എടുത്തത് എന്നാണ് സജീവ് പറയുന്നത്. നിര്‍മാതാക്കളില്‍ ചിലരുടെ പിന്തുണ തനിക്കുണ്ടെന്നും പരിചയക്കുറവ് പ്രശ്‌നമായിരുന്നെങ്കില്‍ അത് മുന്‍പേ പറയണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 

മമ്മൂട്ടിയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. സംവിധായകനും അഭിനേതാവും തമ്മിലുണ്ടാകുന്ന ക്രിയേറ്റീവായ ചെറിയ അസ്വാരസ്യങ്ങള്‍ ഒഴിച്ചാല്‍ എല്ലാ രീതിയിലും മികച്ച പിന്തുണയാണ് മമ്മൂക്കയില്‍ നിന്ന് ലഭിച്ചത്. 

പത്മകുമാര്‍ സിനിമയിലേക്ക് വരുന്നതില്‍ തനിക്ക് എതിരഭിപ്രായമില്ലെന്നാണ് സജീവ് പറയുന്നത്. വമ്പന്‍ ചിത്രമായതിനാല്‍ വലിയ രീതിയിലുള്ള ക്രിയേറ്റീവ് സപ്പോര്‍ട്ട് ആവശ്യമായി വരും മറ്റൊരാള്‍ ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ തനിക്ക് സമ്മതമൊള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച് ചില ഈഗോ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ യുദ്ധരംഗങ്ങളാണ് ചിത്രീകരിക്കുന്നത്. വലിയ ആള്‍ക്കൂട്ടം ആവശ്യമുള്ള രംഗമാണിത്. അതിനാല്‍ കിട്ടാവുന്ന എല്ലാ സഹായവും ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com