'ഈ ചിത്രം എന്നെ ഞെട്ടിച്ചു, എനിക്കെന്തുകൊണ്ട് ഇങ്ങനെയൊരു ചിത്രമെടുക്കാന്‍ കഴിഞ്ഞില്ല'; ബാബുരാജിന്റെ സിനിമയെ പുകഴ്ത്തി ജിത്തു ജോസഫ്

ഡിവിഡി എടുത്തെങ്കിലും ചിത്രം കാണണം എന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്ക് ലൈവില്‍ വന്ന പറഞ്ഞത്
'ഈ ചിത്രം എന്നെ ഞെട്ടിച്ചു, എനിക്കെന്തുകൊണ്ട് ഇങ്ങനെയൊരു ചിത്രമെടുക്കാന്‍ കഴിഞ്ഞില്ല'; ബാബുരാജിന്റെ സിനിമയെ പുകഴ്ത്തി ജിത്തു ജോസഫ്

ത്രില്ലര്‍ സിനിമകളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ സംവിധായകനാണ് ജിത്തു ജോസഫ്. അദ്ദേഹത്തിന്റെ ദൃശ്യവും മെമ്മറീസുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ത്രില്ലര്‍ സിനിമ എടുക്കുക മാത്രമല്ല അതിന്റെ ആരാധകന്‍ കൂടിയാണ് ജിത്തു ജോസഫ്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഒരു ചിത്രം കണ്ട് ഞെട്ടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. മികച്ച അഭിപ്രായം ഉയര്‍ന്നിട്ടും തീയെറ്ററില്‍ കാര്യമായ ശ്രദ്ധ നേടാതെ പോയ ബാബുരാജ് ചിത്രം കൂദാശയെയാണ് ജിത്തു ജോസഫ് പ്രശംസിച്ചത്. 

ഡിവിഡി എടുത്തെങ്കിലും ചിത്രം കാണണം എന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്ക് ലൈവില്‍ വന്ന പറഞ്ഞത്. ചിത്രം എഴുതി സംവിധാനം ചെയ്ത ഡിനോ തോമസിനെയും പ്രധാന വേഷത്തില്‍ എത്തിയ ബാബുരാജിനേയും അറിയാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാബുരാജ് എന്ന നടന്‍ സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചെയ്ത ഒരു സിനിമയായിട്ടാണ് തോന്നുന്നത്. ഒരു പക്ഷേ ഡിനു തോമസ് എന്ന സംവിധായകനെക്കുറിച്ച് കേട്ടിട്ടില്ലാത്തതു കൊണ്ടായിരിക്കാം, തീയേറ്ററില്‍ ചിത്രത്തിനു വലിയ സ്വീകാര്യത ലഭിക്കാതിരുന്നത്. അധികം തീയേറ്ററുകള്‍ കിട്ടിയില്ലെന്നും അറിയാന്‍ കഴിഞ്ഞു. ഇതൊരു എക്‌സലന്റ് ത്രില്ലറാണ്.' ജിത്തു ജോസഫ് പറഞ്ഞു. 

ഇതിന്റെ സ്‌ക്രിപ്റ്റും ചിന്തയുമെല്ലാം ലോകത്തില്‍ ആരും ഇന്നേവരെ ചെയ്തിട്ടില്ല എന്ന് എന്നൊന്നും പറയുന്നില്ലെന്നും എന്നാല്‍ എഡ്ജ് ഓഫ് ദി സീറ്റില്‍ ഇരുത്തുന്ന ചിത്രമാണിത്. സാധാരണ സിനിമ കാണുമ്പോള്‍ അടുത്ത് എന്ത് സംഭവിക്കുമെന്ന് മനസിലാകുമെന്നും എന്നാല്‍ ഈ സിനിമ തന്റെ ചിന്തകളെയെല്ലാം മാറ്റിയും മറച്ചും കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഞാനടക്കമുള്ള സമൂഹത്തിനു സംഭവിക്കുന്ന വലിയൊരു പിഴവുണ്ട്. പല ആര്‍ട്ടിസ്റ്റുകളെയും സൈഡ് ലൈന്‍ ചെയ്തു നിര്‍ത്തും. അങ്ങനെ സൈഡ് ലൈന്‍ ചെയ്യപ്പെടാന്‍ താത്പര്യമില്ലാത്തതു കൊണ്ടു തന്നെയാണ് 'ഡിറ്റ്ക്ടീവ് ' തൊട്ടിങ്ങോട്ട് ത്രില്ലര്‍ സ്വഭാവമുള്ള സിനിമകള്‍ ചെയ്തത്. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് മറ്റു പല കഥാപാത്രങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയും എന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒന്നാണ്. എനിക്കെന്തു കൊണ്ട് ഇങ്ങനെയൊരു ചിത്രമെടുക്കാന്‍ കഴിഞ്ഞില്ല എന്നു വരെ ചിന്തിച്ചു പോവുകയാണ്. ഈ ചിത്രത്തെപ്പറ്റി മുമ്പേ അറിഞ്ഞിരുന്ന എന്റെ ഭാര്യ എന്നോടു പറഞ്ഞു, സ്‌ക്രിപ്റ്റുമായി ഒരുപാട് ആര്‍ട്ടിസ്റ്റുകളെ സമീപിച്ചിരുന്നു. ഒടുവിലാണ് ബാബുരാജിനെക്കണ്ടതും സ്‌ക്രിപ്റ്റ് കേട്ട് ചെയ്യാമെന്ന് സമ്മതിച്ചതും.' 

നല്ല സംവിധായകര്‍ക്ക് ആര്‍ട്ടിസ്റ്റിലേക്ക് എത്താന്‍ വഴിവേണമെന്നും അഭിനേതാക്കളെ കിട്ടാതെ മികച്ച കഥകളുമായി നിരവധി കലാകാരന്മാരാണ് പുറത്തുനില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജിത്തു ജോസഫിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ച് സംവിധായകനും രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com