'നിന്നെവെച്ച് ഒരു ചിത്രം എന്റെ വിദൂര സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല'; മകളെ പുകഴ്ത്തി പ്രിയദര്‍ശന്‍

കല്യാണി മാത്രമല്ല പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥും ചിത്രത്തിലുണ്ട്
'നിന്നെവെച്ച് ഒരു ചിത്രം എന്റെ വിദൂര സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല'; മകളെ പുകഴ്ത്തി പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് കല്യാണി സിനിമയിലേക്ക് വരുന്നത്. താരത്തിന്റെ ആദ്യ മലയാളം ചിത്രം കൂടിയാണ് ഇത്. 

ഇപ്പോള്‍ മകളെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. മകളെവെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് താന്‍ സങ്കല്‍പ്പിച്ചിട്ടേ ഇല്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. മകളെക്കുറിച്ചോര്‍ത്ത് താന്‍ അഭിമാനിക്കുന്നുണ്ടെന്നും ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യത്തില്‍ സത്യസന്ധയാവണമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. 

'ഈ ലോകത്തിലെ എല്ലാ അച്ഛന്‍മാരെയും പോലെ ഞാനും എന്റെ മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും മകളെ ഗൈഡ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ വിദൂരമായ സ്വപ്നങ്ങളില്‍ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ വിധി അതു യാഥാര്‍ത്ഥ്യമാക്കി. കഠിനാധ്വാനത്തിന്റെ ഫലം എല്ലാവര്‍ക്കും തിരിച്ചുകിട്ടും. അതുകൊണ്ടാണ് അമ്മൂ ഞാന്‍ നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നത്. എന്താണോ നീ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലര്‍ത്തൂ,' പ്രിയദര്‍ശന്‍ കുറിച്ചു. 

അച്ഛനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് കല്യാണി ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം ആശംസ അറിയിച്ചത്. അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്യുമെന്ന് ചിന്തിച്ചിട്ടില്ലെന്നാണ് കല്യാണി പറയുന്നത്. ഷൂട്ടിങ് സൈറ്റിലെ അനുഭവത്തെക്കുറിച്ചും കല്യാണി പങ്കുവെച്ചു. 

കല്യാണി മാത്രമല്ല പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംവിധാന സഹായിയായി ക്യാമറയ്ക്ക് പിന്നിലാണ് സിദ്ധാര്‍ത്ഥ് സ്ഥാനം പിടിച്ചിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് വഷ്വല്‍ ഇഫക്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയാണ് സിദ്ധാര്‍ത്ഥ് അച്ഛനൊപ്പം ചേര്‍ന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മരക്കാരുടെ ചെറുപ്പമായിട്ടാണ് പ്രണവ് എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com