'നമ്മുടെ പ്രശ്‌നത്തിന് അവരെ എന്തിന് വലിച്ചിഴക്കുന്നു, ചേരിതിരിഞ്ഞുള്ള വെറുപ്പും വിദ്വേഷവും വേദനിപ്പിക്കുന്നു'; ഫാന്‍സ് ഫൈറ്റിന് എതിരേ ഉണ്ണി മുകുന്ദന്‍

നമ്മുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നമ്മുടെ അഭിമാനമായ ഈ കലാകാരന്മാരെ നമുക്ക് വലിച്ചിഴക്കാതെ ഇരിക്കാം. അതവരോട് നമ്മള്‍ കാണിക്കുന്ന മാപ്പില്ലാത്ത അനാദരവാണ്
'നമ്മുടെ പ്രശ്‌നത്തിന് അവരെ എന്തിന് വലിച്ചിഴക്കുന്നു, ചേരിതിരിഞ്ഞുള്ള വെറുപ്പും വിദ്വേഷവും വേദനിപ്പിക്കുന്നു'; ഫാന്‍സ് ഫൈറ്റിന് എതിരേ ഉണ്ണി മുകുന്ദന്‍

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പേരിലുള്ള ഫാന്‍ ഫൈറ്റ് ആരംഭിച്ചിട്ട് കാലം കുറേയായി. ഇരുവരിലും ആരാണ് കൂടുതല്‍ കേമന്‍ എന്ന ചോദ്യം പലപ്പോഴും ഇരുവരുടേയും ഫാന്‍സുകാര്‍ തമ്മിലുള്ള കലാപത്തിലാണ് അവസാനിക്കാറ്. ഇത്തവണ ഫാന്‍സുകാരുടെ ഇടയില്‍ കുടുങ്ങിപ്പോയത് യുവനടന്‍ ഉണ്ണി മുകുന്ദനാണ്. 

മമ്മൂക്കയെയാണോ ലാലേട്ടനെ ആണോ ഇഷ്ടം എന്ന ചോദ്യം കേള്‍ക്കാത്ത ഒരു യുവതാരവുമുണ്ടാകില്ല. പലപ്പോഴും രണ്ട് പേരെയും ഇഷ്ടമാണെന്ന ഉത്തരമായിരിക്കും പലരും പറയുകയ എന്നാല്‍ ഉണ്ണി മുകുന്ദന്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. മമ്മൂട്ടിയാണ് തന്റെ ഇഷ്ടതാരമെന്ന് പലപ്പോഴും ഉണ്ണി തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇത് അനാരോഗ്യകരമായ സംഭാഷണങ്ങളും വ്യക്തി ഹത്യയ്ക്കും കാരണമായെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തന്നെ ഇത് വളരെ വിഷമിപ്പിച്ചു എന്നും ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ താരം പറയുന്നു. ഇരുവരേയും തനിക്ക് ഇഷ്ടമാണെന്നും അനാവശ്യ തര്‍ക്കങ്ങളില്‍ ഇരുവരേയും വലിച്ചിഴക്കുന്നത് മാപ്പില്ലാത്ത അനാദരവാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഉണ്ണി മുകുന്ദന്റെ കുറിപ്പ്

പ്രിയപ്പെട്ട മമ്മൂക്ക ആന്‍ഡ് ലാലേട്ടന്‍ ഫാന്‍സ് അറിയുന്നതിന്,

സിനിമ എന്ന വലിയ ലോകത്തേക്ക് അഭിനയം എന്ന കല ആധികാരികമായി പഠിക്കാതെയും, യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെയും
എത്തിയ എനിക്ക്, അറിവിന്റെ, അനുഭവത്തിന്റെ പാഠപുസ്തകങ്ങള്‍ ആയി എന്നും കൂടെ ഉണ്ടായിരുന്നത് മമ്മുക്കയും ലാലേട്ടനും ആണ്. അവര്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ അനവധി കരുത്തുറ്റ കഥാപാത്രങ്ങളെ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാനും എന്റെ സിനിമ ജീവിതം തുടങ്ങിയത്. 

സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരെയും പോലെ ഈ രണ്ടു അതുല്യകലാകാരന്മാരെയും ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയില്‍, എന്റെ ശ്രദ്ധയില്‍പെട്ട ചില കാര്യങ്ങള്‍ വളരെ വിഷമിപ്പിച്ചു. എന്നെ പോലെ ചെറിയ ഒരു ആര്‍ട്ടിസ്‌റ് ഇവരില്‍ ആരുടെ ഫാന്‍ ആണെന്ന വിഷയത്തിന്റെ പേരില്‍ ഓണ്‍ലൈനില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ആയി കാണുന്ന അനാരോഗ്യകരമായ സംഭാഷണങ്ങളും വ്യക്തി ഹത്യകളും ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല. ഒരു വ്യക്തി എന്ന നിലയിലും നടന്‍ എന്ന നിലയിലും എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തികളാണ് ഇവര്‍ രണ്ടു പേരും. 

ശ്രീ മമ്മൂട്ടിയും ശ്രീ മോഹന്‍ലാലും എക്കാലവും അഭിനയത്തിന്റെ പകരക്കാരില്ലാത്ത ഉദാഹരണങ്ങളാണ്. മലയാള സിനിമയെ സ്‌നേഹിക്കുന്ന സാധാരണക്കാരനായ ഒരു മലയാളി പ്രേക്ഷകന്‍ എന്ന നിലയിലും, അഭിനേതാവ് എന്ന നിലയിലും ഒരു രീതിയില്‍ ഉള്ള വേര്‍തിരിവും ഇവരോട് എനിക്കില്ല. ഈ ഒരു വിഷയത്തിന്റെ പേരില്‍ ഉള്ള ചേരി തിരിഞ്ഞുള്ള വെറുപ്പും വിധ്വേഷവും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. കല ദൈവീകമാണ്, ഇവര്‍ അനുഗ്രഹീതരായ കലാകാരന്മാരും. നമ്മുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നമ്മുടെ അഭിമാനമായ ഈ കലാകാരന്മാരെ നമുക്ക് വലിച്ചിഴക്കാതെ ഇരിക്കാം. അതവരോട് നമ്മള്‍ കാണിക്കുന്ന മാപ്പില്ലാത്ത അനാദരവാണ്. 

രണ്ടു പേരെയും ഇത്രയും കാലം നമ്മള്‍ എങ്ങനെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ചേര്‍ത്ത് നിര്‍ത്തിയോ, അത് തുടര്‍ന്നും നമുക്ക് ചെയ്യാം. മിഖായേല്‍ എന്ന സിനിമ റിലീസ് ആകാന്‍ ഇനി വളരെ കുറച്ച ദിവസങ്ങള്‍ മാത്രമേയുള്ളു. ഈ ഒരു അവസരത്തില്‍, തികച്ചും ദൗര്‍ഭാഗ്യകരമായ ഇത്തരത്തിലുള്ള ഒരു സംഭവം, ഒരുപാട് വേദനിപ്പിച്ചത് കൊണ്ടാണ് ഈ തുറന്നെഴുത്. ഇനിയും ഒരുപാട് നല്ല സിനിമകള്‍ എല്ലാവര്‍ക്കും ഉണ്ടാവട്ടെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com