നാലാം വയസില്‍ ആരംഭിച്ച ക്യാന്‍സര്‍ പോരാട്ടം അവസാനിച്ചു; മകന്റെ വിജയകഥ പറഞ്ഞ് ഇമ്രാന്‍ ഹാഷ്മി 

നാല് വയസുള്ളപ്പോഴാണ് അയാന്‍ ഹാഷ്മിക്ക് അര്‍ബുദം സ്ഥിരീകരിക്കുന്നത്‌
നാലാം വയസില്‍ ആരംഭിച്ച ക്യാന്‍സര്‍ പോരാട്ടം അവസാനിച്ചു; മകന്റെ വിജയകഥ പറഞ്ഞ് ഇമ്രാന്‍ ഹാഷ്മി 

കാന്‍സറിനെ പോരാടി ജയിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ നിരവധി പേര്‍ നമുക്ക് മുന്നിലുണ്ട്. സിനിമ കായിക മേഖലയില്‍ നിന്ന് നിരവധി പേരാണ് ഇത്തരത്തില്‍ നമുക്ക് മുന്നില്‍ മാതൃകയായി നില്‍ക്കുന്നത്. ഇപ്പോള്‍ ആ കൂട്ടത്തിലേക്ക് ഒരു കുട്ടിപ്പേര് കൂടി കൂട്ടിച്ചേര്‍ക്കുകയാണ്. ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെ മകനാണ് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തില്‍ കാന്‍സറിനെ തോല്‍പ്പിച്ചത്. 

മകന്‍ രോഗത്തെ അതിജീവിച്ച കാര്യം ഇമ്രാന്‍ ഹാഷ്മി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മകന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറയുകയും കാന്‍സറിനോട് പടപൊരുതുന്നവര്‍ക്കും വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. മകനൊപ്പമുള്ള ചിത്രവും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. 'ക്യാന്‍സര്‍ സ്ഥിരീകരിച്ച് 5 വര്‍ഷങ്ങള്‍ക്കിപ്പുറം അയാന്‍ അര്‍ബുദരോഗ വിമുക്തനായിരിക്കുന്നു. വലിയൊരു യാത്രയായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും സ്‌നേഹത്തിനും നന്ദി. അര്‍ബുദത്തോടു പോരാടുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹവും പ്രാര്‍ത്ഥനയും. വിശ്വാസവും പ്രതീക്ഷയും നമ്മെ ഏറെ മുന്നോട്ടു കൊണ്ടുപോകും. നിങ്ങള്‍ക്കും ഈ യുദ്ധം വിജയിക്കാം' ഇമ്രാന്‍ കുറിച്ചു. 

നാല് വയസുള്ളപ്പോഴാണ് അയാന്‍ ഹാഷ്മിക്ക് അര്‍ബുദം സ്ഥിരീകരിക്കുന്നത്‌. അതിന് ശേഷം ഒരുപാട് ചികിത്സകള്‍ക്കൊടുവിലാണ് കാന്‍സറില്‍ നിന്ന് കുട്ടി പൂര്‍ണ മുക്തി നേടുന്നത്. മകന് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ ദിവസങ്ങളിലാണ് മാനസികമായി താന്‍ ഏറെ തളര്‍ന്നതെന്ന് ഹാഷ്മി നേരത്തെ വ്യക്തമാക്കിയിരുന്നു. 

'ദ കിസ്സ് ഓഫ് ലൗ' എന്ന പേരില്‍ അര്‍ബുദം ബാധിച്ച മകന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും വിവരിക്കുന്ന ഒരു പുസ്തകം ഇമ്രാന്‍ ഹഷ്മി പുറത്തിറക്കിയിരുന്നു. അര്‍ബുദരോഗബാധിതര്‍ക്ക് പ്രചോദനമേകുക എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നു പുസ്തക രചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com