'രഘുവരന്‍ അല്‍ഫോണ്‍സച്ചനാവുന്നതിനെ ഞാന്‍ എതിര്‍ത്തു, അതിന്റെ പേരില്‍ ഞങ്ങള്‍ തര്‍ക്കിച്ചു'; ലെനിന്‍ രാജേന്ദ്രനെ ഓര്‍മിച്ച് എം. മുകുന്ദന്‍

മുകുന്ദന്റെ കഥയിലെ അല്‍ഫോണ്‍സച്ചന്‍ തടിച്ചുവീര്‍ത്ത ഒരു മനുഷ്യനാണ്. എന്നാല്‍ ഇതിന് നേര്‍വിപരീതമായ നീണ്ട് മെലിഞ്ഞ രഘുവരനെയാണ് ലെനിന്‍ രാജേന്ദ്രന്‍ തെരഞ്ഞെടുത്തത്
'രഘുവരന്‍ അല്‍ഫോണ്‍സച്ചനാവുന്നതിനെ ഞാന്‍ എതിര്‍ത്തു, അതിന്റെ പേരില്‍ ഞങ്ങള്‍ തര്‍ക്കിച്ചു'; ലെനിന്‍ രാജേന്ദ്രനെ ഓര്‍മിച്ച് എം. മുകുന്ദന്‍

ലെനിന്‍ രാജേന്ദ്രന്‍ വിടപറയുമ്പോള്‍ അവശേഷിക്കുന്നത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ചില സ്വപ്‌നങ്ങള്‍ കൂടിയാണ്. എഴുത്തുകാരന്‍ എം.മുകുന്ദന്റെ ഒരു കഥയെക്കൂടി സിനിമയില്‍ എത്തിക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് ലെനിന്റെ മടക്കം. ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചപ്പോള്‍ പിറവികൊണ്ട ദൈവത്തിന്റെ വികൃതികള്‍ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. 

എന്നാല്‍ സിനിമയുടെ ഷൂട്ടിങ് വേളയില്‍ എം. മുകുന്ദനും ലെനിന്‍ രാജേന്ദ്രനും തമ്മില്‍ ചില സ്വരച്ചേര്‍ച്ചകള്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ രഘൂവരനെ പ്രധാന കഥാപാത്രമാക്കുന്നതില്‍ തനിക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു എന്നാണ് മുകുന്ദന്‍ പറയുന്നത്. ചിത്രത്തില്‍ അല്‍ഫോണ്‍സച്ചനായാണ് രഘുവരന്‍ എത്തിയത്. 

മുകുന്ദന്റെ കഥയിലെ അല്‍ഫോണ്‍സച്ചന്‍ തടിച്ചുവീര്‍ത്ത ഒരു മനുഷ്യനാണ്. എന്നാല്‍ ഇതിന് നേര്‍വിപരീതമായ നീണ്ട് മെലിഞ്ഞ രഘുവരനെയാണ് ലെനിന്‍ രാജേന്ദ്രന്‍ തെരഞ്ഞെടുത്തത്. ഇതിനെ മുകുന്ദന്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ രഘുവരനെ മാറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലെനിന്‍. മെലിഞ്ഞു നീണ്ട രഘുവരന്‍ ആ കഥാപാത്രത്തെ എങ്ങനെ ചെയ്തിട്ടുണ്ടാകും എന്നോര്‍ത്ത് സിനിമ കാണുന്നതുവരെ തനിക്ക് നെഞ്ചിടിപ്പായിരുന്നു എന്നാണ് മുകുന്ദന്‍ പറയുന്നത്. എന്നാല്‍ ചിത്രം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. രഘുവരന്‍ മനോഹരമായിട്ടായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. മുകുന്ദന്‍ പറഞ്ഞു. 

ഇതിന് മാത്രമല്ല നിരവധി കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സിനിമയില്‍ നോവലിലെ പലകാര്യങ്ങളും വേണ്ടെന്നുവെച്ചിരുന്നു. താന്‍ എഴുതിവെച്ചിരിക്കുന്നവ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ ലെനിന്റെ ചിത്രത്തിന് സാധിക്കുമോ എന്ന സംശയം പോലും മുകുന്ദനുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ എല്ലാം സാധ്യമാകുമെന്ന് ശക്തമായ വിശ്വാസമാണ് ലെനിനുണ്ടായിരുന്നത് എന്നാണ് മുകുന്ദന്‍ പറയുന്നത്. സിനിമയുടെ സ്‌ക്രിപ്റ്റും സംഭാഷണവും തയാറാക്കിയത് ഇരുവരും ചേര്‍ന്നാണ്. 

എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിനെ സിനിമയാക്കാനും ലെനിന് പദ്ധതിയുണ്ടായിരുന്നു. ഇതിനെക്കുറിച്ച് മുകുന്ദനോട് സംസാരിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ആതൊരു ഇതിഹാസമാണ്. വളരെ എളുപ്പത്തില്‍ സിനിമയാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഞാന്‍ നോ പറയുകയായിരുന്നു. മുകുന്ദന്‍ വ്യക്തമാക്കി. 

1992 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച നടനുള്ള ദേശിയ അവാര്‍ഡിന് രഘുവരനെ പരിഗണിച്ചതും ഇതിലെ പ്രകടനത്തിലായിരുന്നു. എല്ലാ അര്‍ത്ഥത്തിലും വിജയിച്ച ഒരു ചിത്രമായിരുന്നു ദൈവത്തിന്റെ വികൃതികള്‍. തന്റെ നാല് കഥകളാണ് സിനിമയായിട്ടുള്ളത്. അതില്‍ ഏറ്റവും മനോഹരമായിട്ടുള്ളത് ദൈവത്തിന്റെ വികൃതികളാണ്. അതിനാലാണ് ലെനിന്‍ രാജേന്ദ്രനുമായി ചേര്‍ന്ന് മറ്റൊരു കഥ കൂടി സിനിമയാക്കാന്‍ മുകുന്ദന്‍ ഒരുങ്ങിയത്. 

അവസാനമായി ഇരുവരും കണ്ടുമുട്ടിയപ്പോഴും ഒരുമിച്ചുള്ള സിനിമയെക്കുറിച്ചാണ് സംസാരിച്ചത്. ലെനിന്‍ വിടവാങ്ങിയതോടെ ആ സ്വപ്‌നം വിടരും മുന്നേ കൊഴിഞ്ഞു. ഇത്ര വേഗം ലെനിന്‍ വിടചൊല്ലുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചില്ല. എഴുത്തുകാരെ വെച്ച് നോക്കുമ്പോള്‍ സിനിമ മേഖലയിലുള്ളവര്‍ക്ക് ആയുസുകുറവാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com