മീടുവിനെ പിന്തുണയ്ക്കുന്ന പരസ്യം: യൂട്യൂബില്‍ ഡിസ്‌ലൈക് മഴ, പരസ്യത്തിന് പിന്നില്‍ സ്ത്രീയുടെ ബുദ്ധിയെന്നും ആരോപണം
By സമകാലികമലയാളം ഡെസ്‌ക് | Published: 16th January 2019 01:08 PM |
Last Updated: 17th January 2019 09:40 AM | A+A A- |
ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്കിടയില്‍ മിടൂ കാംപെയ്ന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായി. തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ തുറന്നടിച്ച് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. ഇതിനിടെ മീടൂ ക്യാംപെയ്ന്‍ പ്രമേയമാക്കി പുറത്തു വന്ന ഗില്ലെറ്റിന്റെ ഏറ്റവും പുതിയ പരസ്യത്തിനെതിരെ ഡിസ്ലൈക്ക് പെരുമഴ.
യൂട്യൂബില്‍ പോസ്റ്റ് ചെയ്ത രണ്ടു മിനിട്ടോളം ദൈര്‍ഘ്യം വരുന്ന പരസ്യ ചിത്രത്തിനു കീഴെ ലൈക്കുകളെക്കാള്‍ അധികം ഡിസ്ലൈക്കുകളാണ്. 'ദ ബെസ്റ്റ് മെന്‍ ക്യാന്‍ ഗെറ്റ്' എന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ടാഗ് ലൈനില്‍ ചെറിയ മാറ്റം വരുത്തി ദ ബെസ്റ്റ് മെന്‍ ക്യാന്‍ ബി എന്ന ടാഗ് ലൈനോടെയാണ് പരസ്യം അവതരിപ്പിച്ചിരിക്കുന്നത്.
മീ ടൂ ക്യാമ്പെയ്‌നെ അനുകൂലിച്ചെത്തിയതിനു പരസ്യത്തെ പ്രശംസിച്ചും നിരവധി പേരെത്തിയിട്ടുണ്ട്. അതിനോടൊപ്പമാണ് ഒരു ക്യാമ്പെയ്ന്‍ മട്ടിലുള്ള ഈ രൂക്ഷവിമര്‍ശനം. പുരുഷന്റെ ലൈംഗിക പെരുമാറ്റങ്ങളെ കടുത്ത ഭാഷയിലാണ് പരസ്യം വിമര്‍ശിക്കുന്നത്. ഇതില്‍ പ്രകോപിതരായി ഇനി ഗില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുകയില്ല എന്ന തരത്തില്‍ വരെ ചിലര്‍ കമന്റു ചെയ്തവരുണ്ട്.
പുരുഷന്‍മാരുടെ നിലപാടുകളില്‍ മാറ്റം വരുത്തണമെന്നു പരസ്യം പരോക്ഷമായി തുറന്നു പറയുന്നുണ്ട്. അതിനാല്‍ തന്നെ ഇത് ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ടയുമായി പുറത്തിറക്കിയതാണോ എന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. ഇത്തരമൊരു പരസ്യത്തിനു പിന്നില്‍ ഒരു സ്ത്രീയുടെ ബുദ്ധിയാണെന്നു ഉറപ്പാണെന്നും ചില കമന്റുകളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പുറത്തിറങ്ങി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരസ്യം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്തിട്ടുണ്ട്. ലണ്ടനിലെ കിം ഗെഹ്‌റിഗ് ആണ് ഗില്ലെറ്റിനു വേണ്ടി പുതിയ പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലണ്ടനിലെ സംസച്ച് ആണ് കിമ്മിന്റെ പ്രൊഡക്ഷന്‍ കമ്പനി.