മക്കള്‍സെല്‍വത്തിന് ഇന്ന് 41ാം ജന്‍മദിനം: ആഘോഷമാക്കി ആരാധകര്‍

ഇന്ന് തെന്നിന്ത്യയൊന്നടങ്കം ആരാധിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ താരം എളിമയോടെ ചിരിക്കുന്നു.
മക്കള്‍സെല്‍വത്തിന് ഇന്ന് 41ാം ജന്‍മദിനം: ആഘോഷമാക്കി ആരാധകര്‍

മിഴ് സിനിമയുടെ 'മക്കള്‍ സെല്‍വ'ത്തിന്റെ ജന്മദിനമാണിന്ന്. സമൂഹമാധ്യമത്തില്‍ എവിടെ നോക്കിയാലും താരത്തിന് ആരാധകരുടെ ആശംസാപ്രവാഹമാണ്. ഇന്ന് തെന്നിന്ത്യയൊന്നടങ്കം ആരാധിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ താരം എളിമയോടെ ചിരിക്കുന്നു.

സിനിമാക്കഥയേക്കാള്‍ ആകാംക്ഷാഭരിതമായ ജീവിതമാണ് സേതുപതിയുടേത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ് സേതുപതി ജോലി തേടി നാടുവിട്ടു, എത്തിച്ചേര്‍ന്നത് ദുബായില്‍ ആയിരുന്നു. അവിടെ മൂന്ന് വര്‍ഷം അക്കൗണ്ടന്റ് ആയി ജോലി നോക്കി. പിന്നീട് സിനിമയോടുള്ള ഭ്രാന്ത് മൂത്ത് ജോലിയുപേക്ഷിച്ച് തിരിച്ചെത്തുകയായിരുന്നു. ആകെയുള്ള സമ്പാദ്യം ചെലവഴിച്ച് തന്റെ പ്രണയിനിയായ ജെസ്സിയെ സേതുപതി വിവാഹം കഴിച്ചു. 

സിനിമാമോഹം ഉള്ളില്‍ കൊളുത്തിവലിക്കുന്നത് തടയാനാകാതെ ഒടുവില്‍ പട്ടാരര എന്ന നാടകസംഘത്തില്‍ അക്കൗണ്ടന്റായി ജോലിക്ക് കയറി. തമിഴ്‌നാട് മുഴുവന്‍ കൂത്ത് പട്ടാരരയുടെ കൂടെ ചെറിയ റോളുകളും ചെയ്ത് ചുറ്റിനടന്നു. അന്ന് ചുറ്റുമുള്ളവര്‍ മുഴുവന്‍ താരത്തെ കുറ്റപ്പെടുത്തിയപ്പോഴും തണലായി കൂടെ നിന്നത് ഭാര്യ ജെസ്സി മാത്രമാണ്. 

നാളെയിന്‍ യേര്‍കുനാര്‍ എന്ന് സണ്‍ ടിവി പരിപാടിയിലാണ് വിജയ് സേതുപതിയെ ആദ്യം കാണുന്നത്. ഏറെക്കാലം പലനടന്‍മാരിലൊരാള്‍ എന്ന് മാത്രം തോന്നിക്കുന്ന റോളുകള്‍. പിന്നീട് താരത്തെ കാണുന്നത് സുന്ദരപാണ്ഡ്യനിലെ നെഗറ്റീവ് വേഷത്തിലാണ്. അവിടന്നങ്ങോട്ട് വിജയ് സേതുപതി എന്ന നടന്റെ സമയം നന്നാവുകയായിരുന്നു.

2012 അക്ഷരാര്‍ത്ഥത്തില്‍ വിജയ് സേതുപതിയുടെ വര്‍ഷമായിരുന്നു. 'സുന്ദരപാണ്ഡ്യന്‍', 'പിസ്സ', 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം' തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തെ താരപദവിയിലേക്ക് എത്തിച്ചു. ഈ മൂന്ന് സിനിമകള്‍ക്കും കൂടി വിജയ് സേതുപതി ആറ് അവാര്‍ഡുകളും നേടിയിരുന്നു.

പിന്നീട് പുറത്തു വന്ന 'സൂത് കാവും', 'ഇതര്‍ക്ക് താനേ ആസപ്പട്ടായ് ബാലകുമാരാ', 'പണ്ണിയാരും പദ്മിനിയും', 'ജിഗര്‍ത്തണ്ട', 'ഓറഞ്ച് മിട്ടായി', 'നാനും റൗഡി താന്‍', 'സേതുപതി', 'കാതലും കടന്ത് പോകും', 'വിക്രം വേദ' തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയവയായിരുന്നു. 

ഒരു മാസ് ഹീറോ എന്നതിലുപരി ചെറുതും വലുതുമായി കഥാപാത്രങ്ങള്‍ ഏറ്റെടുത്തു ആക്ഷനും, കോമഡിയും, സെന്റിമെന്റ്‌സുമെല്ലാം തനിക്കു വഴങ്ങുമെന്ന് ഈ ചിത്രങ്ങളിലൂടെ തെളിയിച്ചു. ഒട്ടനവധി പുതുമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച വിജയ് സേതുപതി 2015ലെ ഓറഞ്ച് മിട്ടായി എന്ന ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ച് അഭിനയം മാത്രമല്ല തന്റെ തട്ടകമെന്നും തെളിയിച്ചു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 96 ബോക്‌സ് ഓഫീസില്‍ മികച്ച വിജയമാണ് നേടിയത്. രജനികാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയില്‍ വില്ലന്‍ വേഷത്തിലും വിജയ് ഉണ്ട്.

ഇപ്പോള്‍ ധാരാളം ആരാധകരുടെ നടനാണ് വിജയ്‌സേതുപതി. ഇന്ന് അദ്ദേഹത്തിന്റെ ജന്‍മദിനവും. പിറന്നാള്‍ ദിനത്തില്‍ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് വിജയ്. തന്റെ തെലുങ്ക് ചിത്രമായ 'സൈരാ നരസിംഹ റെഡ്ഡി'യുടെ മോഷന്‍ ടീസര്‍ ആണ് തന്റെ 41ാം പിറന്നാളുമായി ബന്ധപ്പെട്ടു വിജയ് പുറത്ത് വിട്ടത്. ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരോടൊപ്പമാണ് വിജയ് സേതുപതി തെലുങ്കില്‍ എത്തുന്നത്. 

കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു സീതാകാത്തിയുടെ ഫസ്റ്റ് ലുക്ക് അദ്ദേഹം പുറത്തു വിട്ടത്. നടന്‍ നിര്‍മാതാവ് ഗാനരചയിതാവ് തുടങ്ങി നിരവധി മേഖലകളില്‍ കൈയ്യൊപ്പ് പതിപ്പിച്ച ഈ നടന്‍ ഇപ്പോള്‍ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com