കമല്‍ഹാസന്റെ സിനിമയില്‍ നിന്ന് ചിമ്പുവിനെ മാറ്റി; സേനാപതിയുടെ കൊച്ചുമകനാകുന്നത് സിദ്ധാര്‍ത്ഥ്

ചിത്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതിയുടെ കൊച്ചുമകനായി ചിമ്പു എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍
കമല്‍ഹാസന്റെ സിനിമയില്‍ നിന്ന് ചിമ്പുവിനെ മാറ്റി; സേനാപതിയുടെ കൊച്ചുമകനാകുന്നത് സിദ്ധാര്‍ത്ഥ്

മല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇന്ത്യന്‍ വീണ്ടും എത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ കേട്ടത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതിയുടെ കൊച്ചുമകനായി ചിമ്പു എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ 2 വില്‍ ചിമ്പു ഉണ്ടാവില്ല എന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ചിമ്പുവിന് പകരമായി സിദ്ധാര്‍ത്ഥിനെയാണ് ചിത്രത്തിലേക്ക് പരിഗണിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സുമായുണ്ടായ ചില പ്രശ്‌നങ്ങളാണ് ചിമ്പുവിനെ മാറ്റാന്‍ കാരണം എന്നാണ് നിഗമനം. താരത്തിന്റെ അടുത്ത ചിത്രമായ 'വന്താ രാജാവാ താന്‍ വരുവെ' നിര്‍മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഇവരുമായി പണത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഒരു പാട്ടില്‍ അഭിനയിക്കില്ലെന്ന് ചിമ്പു അറിയിച്ചു. ഇത് പരിഹരിച്ചതോടെയാണ് വീണ്ടും അഭിനയിക്കാന്‍ താരം തയ്യാറായത്. ഇതോടെ ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

സംവിധായകന്‍ ശങ്കറാണ് ഇന്ത്യന്‍ 2 ഒരുക്കുന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കമല്‍ഹാസന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും സൂചനകളുണ്ട്. ഹൈദരാബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ചിത്രത്തില്‍ കമല്‍ഹാസന് നായികയായി കാജല്‍ അഗര്‍വാള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, നെടുമുടിവേണു, സിലമ്പരസന്‍ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. 200 കോടി രൂപ ബഡ്ജറ്റുള്ള സിനിമയാകും 'ഇന്ത്യന്‍2' എന്നാണ് റിപ്പോര്‍ട്ടുകള്‍. എആര്‍ റഹ്മാന്‍ തന്നെയാകും ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com