'സിനിമയില്‍ ഇതുവരെ എനിക്ക് ചുംബിക്കാന്‍ കിട്ടിയത് ഒരു തേനീച്ചക്കൂടാ..'; പ്രണയമഭിനയിക്കാന്‍ ആരും വിളിച്ചില്ലെന്ന് ബാബു ആന്റണി 

സ്‌ക്രീനില്‍ പ്രണയമഭിനയിക്കാന്‍ തന്നെ ആരും വിളിച്ചില്ലെന്ന സങ്കടം ബാക്കി നില്‍ക്കുന്നവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബാബു ആന്റണി
'സിനിമയില്‍ ഇതുവരെ എനിക്ക് ചുംബിക്കാന്‍ കിട്ടിയത് ഒരു തേനീച്ചക്കൂടാ..'; പ്രണയമഭിനയിക്കാന്‍ ആരും വിളിച്ചില്ലെന്ന് ബാബു ആന്റണി 

ബാബു ആന്റണിക്കു പകരം വെക്കാന്‍ മലയാളത്തില്‍ മറ്റൊരു നടനില്ല, അന്നും ഇന്നും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലടക്കമുള്ള സിനിമകളില്‍ 32 വര്‍ഷമായി അഭിനയിക്കുന്നു. വില്ലന്‍ വേഷങ്ങളില്‍ നിന്ന് വേറിട്ട് മലയാളത്തില്‍ ഇടുക്കി ഗോള്‍ഡ്്, തമിഴില്‍ വിണ്ണൈത്താണ്ടി വരുവായാ എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ വ്യത്യസ്തമായ റോളുകളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ സ്‌ക്രീനില്‍ പ്രണയമഭിനയിക്കാന്‍ തന്നെ ആരും വിളിച്ചില്ലെന്ന സങ്കടം ബാക്കി നില്‍ക്കുന്നവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബാബു ആന്റണി 

'ഒരിക്കല്‍ പോലും സീനില്‍ പ്രണയം അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍, പ്രണയരംഗങ്ങളിലേക്ക് ആരും വിളിക്കാതിരുന്നതില്‍ വലിയ വിഷമമുണ്ട്. അതൊരു ബിഗ് മിസ്സാണ്. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് അഭിനയിച്ച ഇടുക്കി ഗോള്‍ഡില്‍ എനിക്ക് ഒരു ചുംബനരംഗം അഭിനയിക്കണമായിരുന്നു. എന്നാല്‍ നായികയ്ക്കു പകരം തേനീച്ചക്കൂട് ചുംബിക്കാനായിരുന്നു യോഗം. തേനീച്ചക്ക് ഉമ്മ കൊടുക്കുന്നതെന്തിനാണെന്നു ഞാന്‍ സംവിധായകന്‍ ആഷിക്കിനോട് ചോദിച്ചു. ഒരു നായികയെ തരൂ എന്നും അപേക്ഷിച്ചു. ഞാനുള്‍പ്പെടെ ആ രംഗം കണ്ട് എല്ലാവരും ചിരിക്കുകയും ചെയ്തു.എന്നാല്‍ ഇന്നോര്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും സ്‌ക്രീനില്‍ റൊമാന്‍സ് അഭിനയിക്കാനാകാഞ്ഞത് വലിയ നഷ്ടമായിപ്പോയെന്ന് തിരിച്ചറിയുന്നു.' ബാബു ആന്റണി തുറന്നുപറയുന്നു. 

'ജീവിതത്തില്‍ ഭയങ്കര റൊമാന്റിക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ കല്യാണമൊക്കെ കഴിഞ്ഞില്ലേ.. അതു കൊണ്ട് അടങ്ങിയൊതുങ്ങിയിരിക്കുന്നു. ആ പ്രായമൊക്കെ കഴിഞ്ഞു പോയില്ലേ.. ഇനി ഇപ്പോള്‍ അന്‍പതു കഴിഞ്ഞവരുടെ പ്രണയകഥ സിനിമയാക്കുകയാണ്, എന്നെ വിളിക്കുകയാണ് എങ്കില്‍ മാത്രമേ അത് പ്രാവര്‍ത്തികമാകുകയുള്ളൂ.'

'ഷൂട്ടെല്ലാം കഴിഞ്ഞ് ബംഗലൂരുവിലെ വീട്ടില്‍ ചെല്ലുമ്പോള്‍ കുറേയെഴുത്തുകളെന്നെ കാത്തിരിക്കുന്നുണ്ടാകും. എനിക്കെഴുത്തെഴുതിയിരുന്ന പലരും ഇപ്പോഴും എന്നെ വിളിക്കാറുമുണ്ട്. വിവാഹാഭ്യര്‍ഥനയുമായും അന്ന് ഒരുപാടു പേര്‍ വന്നിരുന്നു. ഞാന്‍ പറയും എനിക്കു വിവാഹം കഴിക്കാന്‍ താത്പര്യമില്ല എന്ന്. അവരെ ഒഴിവാക്കാന്‍ വേണ്ടി മാത്രം പറയുന്നതായിരുന്നില്ല. ശരിക്കും അന്ന് വിവാഹിതനാകാനാഗ്രഹിച്ചിരുന്നില്ല.' ബാബു ആന്റണി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com