അബ്ദുള്ളക്ക ബാക്കിയാക്കിയ കഥാപാത്രത്തെ ഏറ്റെടുത്ത് ഇന്ദ്രന്‍സ്; ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച് തുടക്കം
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2019 12:31 PM |
Last Updated: 20th January 2019 12:31 PM | A+A A- |
സുഡാനി ഫ്രം നൈജീരിയയിലെ മജീദിന്റെ ഉപ്പായെ അങ്ങനെ ആര്‍ക്കും മറക്കാനാവില്ല. കൈ ഉയര്‍ത്തി കാണിച്ചുകൊണ്ടുള്ള ആ മടക്കം മലയാളികളുടെ മനസില്‍ അവശേഷിക്കുന്നുണ്ട്. പൂര്‍ത്തിയാക്കാന്‍ ഒരുപാട് വേഷങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങിയത്. മുഹബ്ബത്ത് എന്ന സിനിമയിലെ കുഞ്ഞബ്ദുള്ളയുടെ വേഷം അഭിനയിച്ച് തീര്‍ക്കും മുന്‍പായിരുന്നു കെടിസി അബ്ദുള്ള എന്ന നടന്റെ വിയോഗം. അദ്ദേഹം ബാക്കിവെച്ചത് ഏറ്റെടുത്തിരിക്കുകയാണ് ഇന്ദ്രന്‍സ്.
അബ്ദുള്ളയുടെ കബറിടത്തില്‍ എത്തി അനുവാദം ചോദിച്ചതിന് ശേഷമാണ് ഇന്ദ്രന്‍സ് കുഞ്ഞബ്ദുള്ളയുടെ വേഷം സ്വീകരിച്ചത്. നടന്‍ ബാലു വര്‍ഗീസ്, സംവിധായകന്‍ ഷാനു സമദ് തുടങ്ങിയവരും അണിയറ പ്രവര്‍ത്തകരും ഇന്ദ്രന്‍സിനൊപ്പം ഉണ്ടായിരുന്നു. അബ്ദുള്ളക്കയുടെ വിയോഗത്തോടെ നിര്‍ത്തിവെച്ചിരുന്ന സിനിമ ഷൂട്ടിങ് ഇതോടെ പുനരരാരംഭിച്ചു.
അബ്ദുള്ളയുടെ മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഉപ്പ വളരെ ആഗ്രഹിച്ചിരുന്ന സിനിമയായിരുന്നു ഇത് എന്നാണ് മകന്‍ ഗഫൂര്‍ പറയുന്നത്. ഷൂട്ടിങ് മുടങ്ങി ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ചിത്രത്തെക്കുറിച്ചായിരുന്നു പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുഡാനിയിലെ അബ്ദുലഌയുടെ അഭിനയം കണ്ടാണ് മുഹബ്ബത്ത് എന്ന സിനിമ പിറന്നത് എന്നാണ് സംവിധായകന്‍ ഷാനുവിന്റെ വാക്കുകള്‍
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്ന് തുടങ്ങുന്ന കുഞ്ഞബ്ദുള്ള എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്. ഒരു അന്വേഷണയാത്രയില്‍ കേരളത്തിലെത്തുന്ന അയാളുടെ യാത്രയ്ക്കിടയില്‍ കടന്നുവരുന്ന കഥാപാത്രങ്ങളിലൊരാളെയാണ് ബാലു വര്‍ഗീസ് അവതരിപ്പിക്കുന്നത്