'അവര്‍ക്ക് എല്ലാം സ്വന്തമായി വേണം, എന്നോട് മോശമായി പെരുമാറി, പരിഹസിച്ചു'; കങ്കണയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ കൃഷ്

'ഞാന്‍ ചെയ്ത ഏതാനും ഭാഗങ്ങള്‍ കങ്കണ വീണ്ടും ചിത്രീകരിച്ചു. പലരുടെയും കഥാപാത്രങ്ങള്‍ തോന്നുന്ന പോലെ  അവര്‍ വെട്ടിച്ചുരുക്കി'
'അവര്‍ക്ക് എല്ലാം സ്വന്തമായി വേണം, എന്നോട് മോശമായി പെരുമാറി, പരിഹസിച്ചു'; കങ്കണയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ കൃഷ്

ത്സാന്‍സി റാണിയുടെ ജീവിതം പറയുന്ന മണികര്‍ണിക ബോളിവുഡ് നടി കങ്കണ റണൗത്തിന് വളരെ പ്രധാനപ്പെട്ട ചിത്രമാണ്. പ്രധാന വേഷത്തില്‍ എത്തുന്നതുകൊണ്ടു മാത്രമല്ല ചിത്രത്തിലൂടെ സംവിധായകയായി മാറിയിരിക്കുകയാണ് താരം. സംവിധായകന്‍ കൃഷ് ജഗര്‍ലാമുടി സിനിമയില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് സംവിധായികയുടെ റോള്‍ കങ്കണ ഏറ്റെടുക്കുന്നത്. എന്നാല്‍ കങ്കണയുമായുള്ള അഭിപ്രായവ്യത്യാസമാണ് കൃഷ് ചിത്രം ഉപേക്ഷിക്കാന്‍ കാരണമായതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ കങ്കണയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്.

കങ്കണ തന്നോട് മോശമായി പെരുമാറിയെന്നും പരിഹസിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. 'സിനിമയുടെ ആദ്യ പകുതിയില്‍ 20 മുതല്‍ 25 ശതമാനം വരെയും രണ്ടാം പകുതിയില്‍ 10 മുതല്‍ 15 ശതമാനം വരെയും കങ്കണയാണ് ചിത്രീകരിച്ചത്. ഞാന്‍ ചെയ്ത ഏതാനും ഭാഗങ്ങള്‍ കങ്കണ വീണ്ടും ചിത്രീകരിച്ചു. പലരുടെയും കഥാപാത്രങ്ങള്‍ തോന്നുന്ന പോലെ  അവര്‍ വെട്ടിച്ചുരുക്കി.' കൃഷ് പറഞ്ഞു. 

സിനിമയുടെ 70 ശതമാനവും ചിത്രീകരിച്ചുവെന്ന കങ്കണ അവകാശവാദം വാസ്തവ വിരുദ്ധമാണെന്ന് കൃഷ് പറയുന്നു. 'ജൂണ്‍ മാസത്തില്‍ സിനിമയിലെ ഏതാനും പ്രധാനപ്പെട്ട ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു. ഡബ്ബിങ്ങിന് വന്നപ്പോള്‍ കങ്കണ എന്നോട് ചില ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ സോനു സൂദിന്റെ കഥാപാത്രം ഇടവേളയ്ക്ക് മുന്‍പായി മരിക്കുന്ന തരത്തില്‍ കഥ മാറ്റണമെന്ന് കങ്കണ പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. അത് സോനുവിനും ഇഷ്ടമായില്ല. ഞാന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയതിന് തൊട്ടുപിന്നാലെ സോനുവും മണികര്‍ണികയില്‍ നിന്ന് പുറത്ത് പോകുവാനുള്ള കാരണം അതായിരുന്നു.' 

സീ സ്റ്റുഡിയോയില്‍ താന്‍ ചെയ്ത ഭാഗങ്ങള്‍ ഇഷ്ടമായില്ലെന്നും ഒരിക്കല്‍ കങ്കണ പറഞ്ഞു. ഭോജ്പുരി സിനിമ പോലുണ്ടെന്നായിരുന്നു അവരുടെ പരിഹാസം. എല്ലാം സ്വന്തമായി വേണമെന്ന വിചാരമാണ് കങ്കണയ്ക്ക് അതുതന്നെയാണ് മണികര്‍ണികയിലും സംഭവിച്ചത്. കൃഷ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പകുതിയില്‍ അധികം ഭാഗവും സംവിധാനം ചെയ്തിട്ടും ട്രെയ്‌ലറില്‍ കൃഷിന്റെ പേര് ഒഴിവാക്കിയിരുന്നു. കങ്കണയുടെ ആവശ്യപ്രകാരമായിരുന്നു ഇത്. എന്നാല്‍ സംഭവം വിവാദമായതോടെ നിര്‍മാതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചിത്രത്തില്‍ കൃഷിന്റെ പേര് ഉള്‍പ്പെടുത്തിയത്. എന്നാല്‍ തന്റെ പേര് ഒഴിവാക്കിയത് എന്തിനെന്ന് മനസിലാവുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com