'എല്ലാ സിനിമയും കാശിന് വേണ്ടിയല്ലല്ലോ'; പേരന്‍പിന് പ്രതിഫലം വാങ്ങാതെ മമ്മൂട്ടി; കയ്യടിച്ച് തമിഴ്മക്കള്‍; വീഡിയോ

ദേശിയ പുരസ്‌കാര ജേതാവായ റാമാണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്
'എല്ലാ സിനിമയും കാശിന് വേണ്ടിയല്ലല്ലോ'; പേരന്‍പിന് പ്രതിഫലം വാങ്ങാതെ മമ്മൂട്ടി; കയ്യടിച്ച് തമിഴ്മക്കള്‍; വീഡിയോ

രാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചത്. പ്രത്യേകിച്ച് മമ്മൂട്ടിയുടെ അഭിനയത്തിന്. പഴയ മമ്മൂട്ടിയെ ചിത്രത്തിലൂടെ തിരികെ കിട്ടിയെന്നാണ് പറയുന്നത്. അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ വീഡിയോകളിലൂടെയും നമുക്ക് ഇത് മനസിലാക്കാം. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആരെയും ഞെട്ടിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ ഇതുവരെ മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് തന്നെയാണ് ഇത് വ്യക്തമാക്കിയത്. 

ചിത്രത്തെക്കുറിച്ച് പറയാന്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ പ്രതിഫലത്തെക്കുറിച്ചൊന്നും പറഞ്ഞില്ലെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്ക് തിരിച്ചു വരുന്നതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തന്നാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മമ്മൂട്ടിയുടെ സാന്നിധ്യത്തിലാണ് നിര്‍മാതാവ് പി. എല്‍ തേനപ്പന്‍ ഇത് പറയുന്നത്. ഇത് കേട്ട് ഞെട്ടലോടെ കാശ് വാങ്ങാതെ പടം ചെയ്യാനും മാത്രം വിശ്വാസം ഉണ്ടായിരുന്നോ എന്നായി അവതാരകയുടെ ചോദ്യം. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ;  'കഥ പുടിച്ചുപോച്ച്, എല്ലാ പടവും കാശുക്കാകെ പണ്ണ മുടിയാത്' (കഥ ഇഷ്ടമായി, എല്ലാ സിനിമയും കാശിന് വേണ്ടി ചെയ്യാന്‍സാധിക്കില്ല). 

നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ മമ്മൂട്ടിയുടെ വാക്കുകള്‍ ഏറ്റെടുത്തത്. ഇതുകൊണ്ടാണ് താങ്കളെ മെഗാസ്റ്റാര്‍ എന്നു വിളിക്കുന്നത് എന്നായിരുന്നു അവതാരികയുടെ പ്രതികരണം. എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടിയുടെ വാക്കുകള്‍. 

ദേശിയ പുരസ്‌കാര ജേതാവായ റാമാണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അമുദനാവാന്‍ മമ്മൂട്ടി വളരെ അധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം അമുദന്‍ പഴയ മമ്മൂട്ടിയെ തിരികെ കൊണ്ടുവന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. സാധന, അഞ്ജലി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഫെബ്രുവരി ഒന്നിനാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com