അഭിനയം, നിര്‍മാണം, സംവിധാനം... അടുത്ത പടി രാഷ്ട്രീയത്തിലേക്കോ? നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

'ചുറ്റും നടക്കുന്ന സംഭവങ്ങളിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രകാശ് രാജ് എത്രത്തോളം അസ്വസ്ഥനാണെന്ന് എനിക്കറിയാം'
അഭിനയം, നിര്‍മാണം, സംവിധാനം... അടുത്ത പടി രാഷ്ട്രീയത്തിലേക്കോ? നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

യുവനടന്‍ എന്ന വിശേഷണത്തിനുള്ളില്‍ മാത്രം ഇനി പൃഥ്വിരാജിനെ ഒതുക്കി നിര്‍ത്താനാകില്ല. നിര്‍മാണത്തിലും സംവിധാനത്തിലും കൈവെച്ച് മലയാള സിനിമയുടെ സമസ്ഥ മേഖലകളും കൈയടക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. ഇനി അടുത്ത കാല്‍വെപ്പ് രാഷ്ട്രീയത്തിലേക്ക് ആയിരിക്കുമോ? രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. തനിക്ക് രാഷ്ട്രീയത്തില്‍ അഭിരുചിയില്ല എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്. 

എന്നാല്‍ തന്റെ പുതിയ ചിത്രമായ നയനിലെ സഹനടന്‍ പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകള്‍ നേരാന്‍ അദ്ദേഹം മടിച്ചില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെ താന്‍ ബഹുമാനിക്കുന്നെന്നും അതില്‍ അദ്ദേഹത്തിന് ദൃഢവിശ്വാസമുണ്ടെന്നും താരം പറഞ്ഞു. 'ചുറ്റും നടക്കുന്ന സംഭവങ്ങളിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രകാശ് രാജ് എത്രത്തോളം അസ്വസ്ഥനാണെന്ന് എനിക്കറിയാം. അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ്. വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ ആശയം പ്രചരിപ്പിക്കാനുള്ള ശക്തി അദ്ദേഹത്തിനുണ്ട്. ചില ആശയങ്ങള്‍ വളരെ മികച്ചതാണ്. ' പൃഥ്വിരാജ് വ്യക്തമാക്കി. 

നയനിലൂടെ നിര്‍മാതാവിന്റെ വേഷം അണിയുകയാണ് പൃഥ്വിരാജ്. തന്റെ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. മികച്ചതും അസാധാരണവുമായ പ്രമേയങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് നയന്‍ നിര്‍മിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. നയനിന്റെ സ്‌ക്രിപ്റ്റ് തന്റെ മുന്നില്‍ വന്നപ്പോള്‍ പുതുമയുള്ളതും അതിനൊപ്പം എന്റര്‍ടെയ്ന്‍ ചെയ്യുന്നതുമായ ഒരു സിനിമയായിട്ടാണ് തോന്നിയത്. ഇത് നിര്‍മിച്ചുകൊണ്ട് തന്റെ കമ്പനിക്ക് തുടക്കം കുറിക്കാം എന്ന് ചിന്തിച്ചത് അപ്പോഴാണ്. പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

ജെനുസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറാണ്. സോണി പിക്‌ചേഴ്‌സ് ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് നിര്‍മിക്കുന്നത്. ഒന്‍പത് ദിവസത്തെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആല്‍ബര്‍ട്ട് ലൂയിസ് എന്ന ആസ്‌ട്രോഫിസിസിസ്റ്റായാണ് പൃഥ്വിരാജ് എത്തുന്നത്. 

ഈ വര്‍ഷം പൃഥ്വിരാജിന് വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷമാണ് എത്തുന്നത്. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. സിനിമയുടെ എല്ലാ മേഖലയിലും കൈവെച്ചിട്ടുണ്ടെങ്കിലും താന്‍ എപ്പോഴും അഭിനേതാവ് തന്നെയായിരിക്കും എന്നാണ് താരം പറയുന്നത്.. എത്ര സിനിമ സംവിധാനം ചെയ്താലും നിര്‍മിച്ചാലും അഭിനയത്തിലേക്ക് താന്‍ തിരികെ വരുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com