ഇന്ന് ഞാന്‍ തോറ്റു, കരഞ്ഞുപോയി; മമ്മൂട്ടിക്ക് മുന്നില്‍ വികാരാധീനനായി എസ് എന്‍ സ്വാമി 

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് കണ്ട് വികാരാധീനനായി തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി
ഇന്ന് ഞാന്‍ തോറ്റു, കരഞ്ഞുപോയി; മമ്മൂട്ടിക്ക് മുന്നില്‍ വികാരാധീനനായി എസ് എന്‍ സ്വാമി 

മ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് കണ്ട് വികാരാധീനനായി തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സിനിമ കണ്ട് കരയുന്നതെന്നും ഇതിന് മുമ്പ് തന്റെ മനസ്സുലച്ചത് മമ്മൂട്ടി തന്നെ നായകനായെത്തിയ തനിയാവര്‍ത്തനമായിരുന്നെന്നും എസ്.എന്‍. സ്വാമി പറഞ്ഞു. പേരന്‍പ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ഷോ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. അതില്‍ എന്നെ ഏറ്റവുമധികം വേദനിപ്പിച്ച സിനിമയായിരുന്നു മമ്മൂട്ടി നായകനായെത്തിയ തനിയാവര്‍ത്തനം. ആ സിനിമ കണ്ടിട്ട് ഞാന്‍ ഒരുപാട് കരഞ്ഞു. അന്ന് ഞാന്‍ അഹങ്കാരത്തോടെ തീരുമാനിച്ചു, ഇനിയേത് സിനിമ കണ്ടാലും ഞാന്‍ കരയില്ലെന്ന്. ഇക്കാലയളവില്‍ അങ്ങനെയൊരു ചിത്രം ഞാന്‍ കണ്ടതുമില്ല'. 

പക്ഷേ ഇന്ന് ഞാന്‍ തോറ്റു. പേരന്‍പ് കണ്ട് കരഞ്ഞു, മനസ്സ് സങ്കടപ്പെടുക മാത്രമല്ല ദേഷ്യവും വന്നു. കാരണം തനിയാവര്‍ത്തനം ഇതിലും ആവര്‍ത്തിക്കുമോ എന്ന ഭയമുണ്ടായിരുന്നു എനിക്ക്. അച്ഛനും മോളും കൂടി കടലിലേക്ക് പോയപ്പോള്‍ എന്റെ നെഞ്ച് വിങ്ങുകയായിരുന്നു. ഇതുപോലൊരു സുന്ദരമായ സിനിമ സമ്മാനിച്ച ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി.'-എസ്.എന്‍. സ്വാമി പറഞ്ഞു.

റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രം ഫെബ്രുവരി 1 ന് തിയേറ്ററില്‍ എത്തും. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ അമുദനെ കയ്യടികളോടെ സ്വീകരിച്ചിരിക്കുകയാണ് സിനിമാരംഗത്തുള്ളവര്‍. കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com