മരുന്ന് വാങ്ങാൻ വിജയ് സേതുപതി പണം നൽകിയ വയോധിക ലൊക്കേഷനിൽ കുഴഞ്ഞു വീണു മരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 29th January 2019 08:23 PM |
Last Updated: 29th January 2019 08:23 PM | A+A A- |
ആലപ്പുഴ: മരുന്ന് വാങ്ങാന്‍ പണമില്ലെന്നറിയിച്ചതിനെ തുടർന്ന് മക്കൾ സെൽവൻ വിജയ് സേതുപതി പണം നല്‍കി സഹായിച്ച വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴയിൽ വിജയ് സേതുപതിയുടെ 'മാമനിതന്‍' എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചായിരുന്നു മരണം. കാവാലം അച്ചാമ്മയെന്ന വയോധികയാണ് തന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നതിനിടെ മരണത്തിനു കീഴടങ്ങിയത്.
സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരണപ്പെട്ടത്. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും കാണുമായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു. ചില മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന അവര്‍ 'ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി' എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഷൂട്ടിംഗ് കാണാന്‍ മാമനിതന്‍ സിനിമയുടെ സെറ്റിലെത്തിയത്.
ലൊക്കേഷനിൽ തടിച്ചുകൂടിയ ആളുകൾക്കിടയിൽ നിന്നാണ് വിജയ് സേതുപതി അച്ചാമ്മയെ ശ്രദ്ധിച്ചത്. അവർക്കരികിലെത്തിയപ്പോഴാണ് താരത്തോട് തന്റെ ദുഃഖം അവർ പറഞ്ഞത്. മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ എന്നാണ് അവര്‍ താരത്തോട് പറഞ്ഞത്. ഇത് കേട്ട വിജയ് സേതുപതി ഉടന്‍ തന്റെ സഹായികളോട് പണം ആവശ്യപ്പെട്ടു. ആരുടെയങ്കിലും കയ്യില്‍ പഴ്‌സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു.