സിനിമ ഷൂട്ടിനിടെ വിഷ്ണു വിശാലിന് പരുക്ക്; വേദന താങ്ങാനാവുന്നില്ലെന്ന് താരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2019 05:33 PM |
Last Updated: 29th January 2019 05:33 PM | A+A A- |

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തമിഴ് താരം വിഷ്ണു വിശാലിന് ഗുരുതരമായി പരുക്കേറ്റു. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷചിത്രമായ കാടന്റെ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇടയിലാണ് വിഷ്ണുവിന് പരുക്കേറ്റത്. കഴുത്തിലും തോളിനും നട്ടെല്ലിനുമാണ് പരുക്കേറ്റിരിക്കുന്നത്. താരം ഇപ്പോഴും വിശ്രമത്തിലാണ്.
പരുക്കേറ്റതിനെക്കുറിച്ച് വിഷ്ണുതന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. വേദന സഹിക്കാനാവുന്നില്ലെന്നും വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളാണ് കടന്നു പോകുന്നതെന്നുമാണ് വിഷ്ണു പറയുന്നത്. കഴുത്തിലെ വേദന സഹിക്കാനാകുന്നില്ലെന്നും വേദന കഴുത്തില്‍ നിന്ന് കൈയിലേക്ക് പടരുകയാണെന്നും അദ്ദേഹം കുറിച്ചു. ഒരു മാസത്തെ വിശ്രമമാണ് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരുക്ക് ഭേദമായി വേഗം ജോലിയിലേക്ക് തിരിച്ചെത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും താരം പറയുന്നു.
വിഷ്ണു വിശാല്‍ അഭിനയിച്ച കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം രാക്ഷസന്‍ മികച്ച വിജയമാണ് നേടിയത്. ഇതോടെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ നേടാന്‍ താരത്തിനായി. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ഒരുക്കുന്നത്. ഹിന്ദിയില്‍ ഹാഥി മേരെ സാഥി എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് റാണ ദഗ്ഗുബാട്ടിയാണ്.