ഇഷ്ടപ്പെട്ടില്ലെങ്കില്‍ ജനം ചീത്തവിളിക്കും; 'തഗ്‌സ്' അങ്ങനെയൊരു പടമെന്ന് ആമിര്‍

ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ്, ജോണ്‍ ക്ലീവ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
ഇഷ്ടപ്പെട്ടില്ലെങ്കില്‍ ജനം ചീത്തവിളിക്കും; 'തഗ്‌സ്' അങ്ങനെയൊരു പടമെന്ന് ആമിര്‍

രാജയപ്പെട്ട ചിത്രങ്ങളെ വിമര്‍ശിക്കാനും രോഷം പ്രകടിപ്പിക്കാനുമുള്ള അവകാശം പ്രേഷകനുണ്ടെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഈയടുത്ത് പുറത്തിറങ്ങിയ തന്റെ 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന ചിത്രം ബോക്‌സ് ഓഫിസില്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ്, ജോണ്‍ ക്ലീവ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍' ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിച്ചത്. എന്നാല്‍ ഈ ആക്ഷന്‍ പിരീഡ് ചിത്രത്തിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതിനൊപ്പം തന്നെ ബോക്‌സ് ഓഫീസില്‍ വലിയ സാമ്പത്തികലാഭം നേടാനും സാധിച്ചില്ല. 

ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ നോവലായ 'കണ്‍ഫെഷന്‍സ് ഓഫ് എ തംഗ് ആന്റ് ദ കള്‍ട്ട് ഓഫ് ദ തഗ്ഗീ' യെ ആസ്പദമാക്കി ഒരുക്കിയ 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍' സംവിധാനം ചെയ്തത് വിജയ് കൃഷ്ണ ആചാര്യയായിരുന്നു. ചിത്രത്തിന്റെ പരാജയത്തിന് സംവിധായകനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ലെന്നും എല്ലാവരും നല്ല സിനിമയുണ്ടാക്കാനാണ് ശ്രമിച്ചതെന്നുമാണ് ആമിര്‍ പറയുന്നത്.  

'ഞാനിതുവരെ ഒന്നിച്ച് വര്‍ക്ക് ചെയ്ത സംവിധായകരെല്ലാം മിടുക്കരാണ്. എല്ലാവരുടെയും ലക്ഷ്യം നല്ലതായിരുന്നു, നല്ല ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ തന്നെയാണ് എല്ലാവരും ശ്രമിക്കുന്നത്, പക്ഷേ ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കില്ലെന്നു മാത്രം. സിനിമയുണ്ടാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാനൊരു ടീം പ്ലെയര്‍ ആണ്. അതുകൊണ്ടു തന്നെ എന്റെ സംവിധായകന് തെറ്റിപ്പോയാല്‍ എനിക്കും തെറ്റു പറ്റാം,'- ആമിര്‍ പറഞ്ഞു.

തന്റെ സിനിമകള്‍ കാണാന്‍ വേണ്ടി തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടമായില്ലെങ്കിലും പരാജയപ്പെടുമ്പോഴും അതിന്റെ ഉത്തരവാദിത്വം താനേറ്റെടുക്കുന്നു എന്നും അമീര്‍ വ്യക്തമാക്കി. സിനിമയ്ക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളെയും പോസിറ്റീവായി തന്നെയാണ് താരം നോക്കി കാണുന്നത്.

'എന്നോട് ഒരുപാട് പേര്‍ ചിത്രം ഇഷ്ടമായെന്നു പറഞ്ഞു. അതുപോലെ വിമര്‍ശനങ്ങളും കേട്ടു. ഞാനിതിനെയൊന്നും ജഡ്ജ് ചെയ്യുന്നില്ല. പ്രേക്ഷകര്‍ക്ക് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് പറയാനുള്ള അവകാശം ഉണ്ട്. ചിലപ്പോള്‍ അവരുടെ വിമര്‍ശനങ്ങള്‍ കടുത്തതാകാം, അതവരുടെ അവകാശമാണ്. കുറേ കാലങ്ങളായി ഒരു പരാജയചിത്രം ഞാന്‍ സമ്മാനിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് അവരുടെ ദേഷ്യം പ്രകടിപ്പിക്കാന്‍ ഒരു അവസരം ലഭിച്ചിരിക്കുകയാണ്. അതും നല്ലതാണ്. കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ പരാജയപ്പെടുന്നത്,' ആമിര്‍ കൂട്ടിച്ചേര്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com