ഒറ്റ ഷോട്ട്, ആറ് മിനിറ്റ് മകള്‍ക്ക് മുന്നില്‍ ഡാന്‍സ് ചെയ്ത് മമ്മൂട്ടി; അഭിനയം കണ്ട് ചുറ്റുംനിന്നവര്‍ കരഞ്ഞു, കയ്യടിച്ചു

ഒറ്റ ഷോട്ട്, ആറ് മിനിറ്റ് മകള്‍ക്ക് മുന്നില്‍ ഡാന്‍സ് ചെയ്ത് മമ്മൂട്ടി; അഭിനയം കണ്ട് ചുറ്റുംനിന്നവര്‍ കരഞ്ഞു, കയ്യടിച്ചു

'ഞാന്‍ വെറുതെ തിരിഞ്ഞുനോക്കിയപ്പോള്‍ ചുറ്റുമുള്ളവരൊക്കെ പൊട്ടിക്കരയുകയാണ്. സിനിമയുടെ അസിസ്റ്റന്റ് ഡറക്ടേര്‍സ്, മേക്കപ്പ് മാന്‍ എല്ലാവരും കരച്ചില്‍'

മ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന പേരന്‍പ് ഫെബ്രുവരി ഒന്നിന് തീയെറ്ററില്‍ എത്തുകയാണ്. ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലൂടെ പഴയ മമ്മൂട്ടിയെ തിരിച്ചു കിട്ടിയെന്നാണ് പറയുന്നത്. ഇതിനോടകം പുറത്തുവന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും തെളിയിക്കുന്നതും അതുതന്നെയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വാനാളം പുകഴ്ത്തി അണിയറ പ്രവര്‍ത്തകരും രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ അത്ഭുതപ്പെടുത്തിയ ഒരു രംഗത്തെക്കുറിച്ച് മനസു തുറക്കുകയാണ് കൊറിയോഗ്രാഫര്‍ നന്ദ. 

ചിത്രത്തില്‍ അസുഖ ബാധിതയായ മകള്‍ക്ക് മുന്നില്‍ മമ്മൂട്ടി ഡാന്‍സ് കളിക്കുന്ന ഒരു രംഗമുണ്ട്. ഇത് ചിത്രീകരിക്കാന്‍ വേണ്ടിയാണ് സംവിധായകന്‍ റാം നന്ദയെ വിളിക്കുന്നത്. റിഹേഷ്‌സല്‍ ഒന്നും വേണ്ട മമ്മൂട്ടി സാറിനോട് പറഞ്ഞു കൊടുത്താല്‍ മതിയെന്നും അത് അതുപോലെതന്നെ ചെയ്‌തോളും എന്നായിരുന്നു നന്ദയോട് റാം പറഞ്ഞത്. ഇത് പ്രകാരം ഈ സീന്‍ ചിത്രീകരിക്കാനായി നന്ദ സെറ്റില്‍ എത്തി. ഓരോ ദിവസവും വന്ന് രംഗത്തെക്കുറിച്ച് ചോദിക്കും എന്നല്ലാതെ മമ്മൂട്ടി ഒന്നും മിണ്ടാതെ മടങ്ങുകയാണ് ചെയ്യുക. അങ്ങനെ പതിനഞ്ച് ദിവസങ്ങള്‍ കടന്നുപോയി. കൊടും തണുപ്പില്‍ നന്ദയ്ക്ക് വയ്യാതായി. മമ്മൂട്ടി ഷൂട്ടിന് തയാറാവുന്ന ദിവസത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു നന്ദ. 

അങ്ങനെ ഒരു ദിവസം മമ്മൂട്ടി നന്ദയുടെ അടുത്തു വന്ന് രംഗം ഷൂട്ട് ചെയ്യാം എന്നു പറഞ്ഞു. നൈറ്റ് എഫക്റ്റിലാണ് രംഗം ചിത്രീകരിക്കുന്നത്. അത് പ്രകാരം എല്ലാം സെറ്റ് ചെയ്തു. ട്രോളി ആക്ഷനില്‍ ഒറ്റ ഷോട്ടിലായിരുന്നു രംഗം. ആറ് മിനിറ്റായിരുന്നു രംഗത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടിയുടെ അഭിനയം കണ്ട് സെറ്റിലുണ്ടായിരുന്ന എല്ലാവരുെ കരയുകയായിരുന്നു എന്നാണ് നന്ദ പറയുന്നത്. 

'മമ്മൂട്ടി സാര്‍ അഭിനയിക്കാന്‍ തുടങ്ങി. ഗംഭീര അഭിനയം, ആറു മിനിറ്റ് ഷോട്ട് കൃത്യമായി പൂര്‍ത്തീകരിച്ചു. അതിന് ശേഷവും മമ്മൂട്ടി സാര്‍ അഭിനയിച്ചുകൊണ്ടേ ഇരിക്കുന്നു. പക്ഷേ എന്നിട്ടും ആരുമൊന്നും മിണ്ടുന്നില്ല. ഞാന്‍ വെറുതെ തിരിഞ്ഞുനോക്കിയപ്പോള്‍ ചുറ്റുമുള്ളവരൊക്കെ പൊട്ടിക്കരയുകയാണ്. സിനിമയുടെ അസിസ്റ്റന്റ് ഡറക്ടേര്‍സ്, മേക്കപ്പ് മാന്‍ എല്ലാവരും കരച്ചില്‍. സീന്‍ നിര്‍ത്താന്‍ പറയേണ്ടത് റാം സാര്‍ ആണ്. അതിന് ശേഷം കട്ട് പറയേണ്ടത് ഞാനും. എന്നാല്‍ ആ സമയം ഞാന്‍ മോണിട്ടറില്‍ നോക്കി അഭിനയത്തില്‍ മുഴുകി ഇരിക്കുകയാണ്. കാരണം അത്ര ഗംഭീരമായാണ് അദ്ദേഹം അഭിനയിക്കുന്നത്. മമ്മൂട്ടി സാര്‍ കരഞ്ഞുകൊണ്ട് അഭിനയിക്കുകയാണ്. സത്യം പറഞ്ഞാല്‍ ആ അഭിനയം കണ്ട് കട്ട് പറയാന്‍ എനിക്ക് തോന്നിയില്ല. മമ്മൂട്ടി സാറിനെ നോക്കി തന്നെ ഞാന്‍ ഇരിക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ തന്നെ കട്ട് പറഞ്ഞ്, എഴുന്നേറ്റു. എന്നിട്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു, 'ഇതാണ് ഈ രംഗത്തിന്റെ ഫസ്റ്റ് ടേക്കും ഫൈനല്‍ ടേക്കും'. 

ആ രംഗം വീണ്ടും മോണിറ്ററില്‍ പ്ലേ ചെയ്തപ്പോള്‍ കണ്ടുനിന്നവരെല്ലാം കൈയടിക്കുകയായിരുന്നു എന്നും നന്ദ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടുപോയി എന്നാണ് അദ്ദേഹം പറയുന്നത്. താന്‍ ആ രംഗം ഷൂട്ട് ചെയ്യാന്‍ പത്ത് പതിനഞ്ച് ദിവസം എടുത്തപ്പോള്‍ വെറും അഞ്ച് നിമിഷംകൊണ്ട് അത് ഓകെയാക്കി എന്നും നന്ദ പറഞ്ഞു.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം അമുദന്‍ പഴയ മമ്മൂട്ടിയെ തിരികെ കൊണ്ടുവന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. സാധന, അഞ്ജലി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com