മാമാങ്കം വിവാദം : നിയമനടപടി സജീവ് പിള്ള മറച്ചുവെച്ചു ; വിഷയത്തിൽ ഇടപെടേണ്ടെന്ന് ഫെഫ്ക തീരുമാനം

മാധ്യമങ്ങളിലൂടെ  സജീവ് പിള്ള സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും സംഘടന വിലയിരുത്തി
മാമാങ്കം വിവാദം : നിയമനടപടി സജീവ് പിള്ള മറച്ചുവെച്ചു ; വിഷയത്തിൽ ഇടപെടേണ്ടെന്ന് ഫെഫ്ക തീരുമാനം

കൊച്ചി : മാമാങ്കം സിനിമാ വിവാദത്തില്‍ സംവിധായകൻ സജീവ് പിള്ളയെ തഴഞ്ഞ് സിനിമാ പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. വിഷയത്തിൽ ഇടപെടേണ്ടെന്ന് ഫെഫ്ക തീരുമാനിച്ചു. നിയമനടപടി തുടങ്ങിയ കാര്യം സംവിധായകൻ സജീവ് പിള്ള മറച്ചുവെച്ചു. ഈ സാഹചര്യത്തിലാണ് പ്രശ്നത്തിൽ ഇടപെടേണ്ടെന്ന് സംഘടന തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് സജീവ് പിള്ളക്ക് ഫെഫ്ക കത്തയച്ചു. 

മാധ്യമങ്ങളിലൂടെ  സജീവ് പിള്ള സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും സംഘടന വിലയിരുത്തി. സംവിധായകനെ മാറ്റാമെന്ന കരാര്‍ നിര്‍മാതാവിന് സജീവ് ഒപ്പിട്ടുനല്‍കിയിട്ടുണ്ടെന്നും ഫെഫ്ക കണ്ടെത്തി. വിവാദത്തിന്റെ നിഴലിലായ മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് സംവിധായകന്‍ സജീവ് പിള്ളയെ മാറ്റിയെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി രംഗത്ത് വന്നിരുന്നു.

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ബി​ഗ് ബഡ്ജറ്റ് പീരിയഡ്‌ ചിത്രമാണ് മാമാങ്കം. വലിയ മുതല്‍മുടക്ക്, തന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന മമ്മൂട്ടിയുടെ പ്രഖ്യാപനം തുടങ്ങിയ കാരണങ്ങളാല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഈ ചിത്രം. എന്നാൽ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ തന്നെ ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങൾ ഉടലെടുത്തു. സിനിമയിലെ പ്രധാന താരങ്ങളെ വരെ ഒരുകാരണവും കൂടാതെ പുറത്താക്കി. 

യുവതാരം ധ്രുവിനെ പുറത്താക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്റിയൂം ഡിസൈനർ അനു വർദ്ധൻ എന്നിവരും ചിത്രത്തിൽ നിന്നും പുറത്തായി. പുറത്താക്കൽ തീരുമാനങ്ങൾ സജീവ് പിള്ള അറിഞ്ഞിരുന്നില്ല. അവസാനം സംവിധായകനായ സജീവ് പിള്ളയെയും മാറ്റുകയായിരുന്നു.  തിരക്കഥയുടെ മേലുളള എല്ലാ അവകാശവും തനിക്കാണ്.  കരാര്‍ പ്രകാരം സംവിധായകനെ മാറ്റാനും അവകാശമുണ്ടെന്ന് നിർമ്മാതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോസഫ് എന്ന സിനിമയുടെ സംവിധായകൻ പത്മകുമാറാണ് ഇനി മാമാങ്കം സംവിധാനം ചെയ്യുകയെന്നും നിർമ്മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com